National
വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല
ബിടുമെന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നമായ 'റഫ് പിച്ച് ഓയില്‍' അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടര്‍ന്നത്.
ഹൈദരാബാദ്| ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (HPCL) റിഫൈനറിയില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രിയോടെ റിഫൈനറിയിലെ ടാങ്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. ആകാശത്തേക്ക് വലിയ ജ്വാലകളും കറുത്ത പുകയും സമീപവാസികളില്‍ വലിയ ആശങ്കയുണ്ടാക്കി. ബിടുമെന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറ്റ് ഉല്‍പ്പന്നമായ ‘റഫ് പിച്ച് ഓയില്‍’ അടങ്ങിയ ടാങ്കിന് സമീപമാണ് തീ പടര്‍ന്നത്.
റിഫൈനറിയിലെ സുരക്ഷാ വിഭാഗവും ഫയര്‍ ഫോഴ്സും ഉടന്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം നടത്തി. തീ ടാങ്കിനുള്ളില്‍ തന്നെ ഒതുങ്ങി നിന്നതിനാല്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശംഖബ്രത ബാഗ്ചി വ്യക്തമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പോലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.
Content Highlights: A major fire broke out near a tank storing rough pitch oil at the HPCL refinery in Visakhapatnam. Emergency response teams and fire services acted swiftly to extinguish the flames within the tank area. Officials confirmed that no injuries or casualties occurred during the incident.



