Connect with us

cover story

വില്ലൻ ലഹരി..!

ഇത്തരം അവസ്ഥകളിൽ വ്യക്തി അസാധാരണമായ ശബ്‌ദങ്ങളോ, കാഴ്‌ചകളോ അനുഭവിക്കുന്ന രീതിയിൽ പ്രതികരിക്കാനും സാധ്യതയുണ്ട്. തന്നെ ആരോ ആക്രമിക്കാനോ കൊല്ലാനോ വരുന്നു എന്ന തോന്നലിനെ തുടർന്ന് സ്വയം പ്രതിരോധിക്കാനോ പ്രതികരിക്കാനോ ശ്രമിച്ചേക്കാം. ഇതാണ് പലപ്പോഴും കൊലപാതകങ്ങളിലും ആത്മഹത്യകളിലും കലാശിക്കുന്നത്.

Published

|

Last Updated

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹിക, ശാരീരിക, മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും കുറേക്കൂടി ബോധവത്്കരിക്കപ്പെടേണ്ടതുണ്ട് എന്ന യാഥാർഥ്യത്തിലേക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ദുരന്തം നമ്മെ ഓർമപ്പെടുത്തുന്നത്.
ഇവിടെ പരാമർശിക്കപ്പെട്ട വ്യക്തി, സംഭവം നടക്കുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നത് പൊലീസ് അന്വേഷണത്തിലൂടെയും ശാസ്ത്രീയ പരിശോധനകളിലൂടെയും കണ്ടെത്തേണ്ട കാര്യങ്ങളാണ്. എന്നാൽ പൊതുവിൽ വൈദ്യശാസ്ത്രരംഗം ഇത്തരം സാഹചര്യങ്ങളിൽ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അതിലൊന്നാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾ ചികിത്സയുടെ ഭാഗമായോ അല്ലാതേയോ അവയു​ടെ ഉപയോഗം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ.

കൈകാൽ വിറയൽ, തളർച്ച, ഛർദി, ഓക്കാനം, ഉറക്കക്കുറവ്‌ തുടങ്ങിയ സാധാരണയായി കാണപ്പെടുന്ന ശാരീരിക ലക്ഷണങ്ങൾക്ക് പുറമെയാണ് ഇത്തരം മാനസിക വിഭ്രാന്തികൾ ചില രോഗികൾ പ്രകടിപ്പിക്കുന്നത്. കഠിനമായ ഉത്കണ്ഠ, ഭയം, ദേഷ്യം, വിഷാദം എന്നിവ ഇതിൽ ഉൾപ്പെടും. ചുരുക്കം ചില അവസരങ്ങളിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വ്യക്തി യുക്തിസഹമല്ലാത്ത രീതിയിൽ ​പെരുമാറാനും പ്രവർത്തിക്കാനുമുള്ള സാധ്യതയുമുണ്ടാകുന്നു.

ഡെലീറിയം ട്രമന്‍സ്‌ (സ്ഥലകാല ബോധമില്ലാതെ പെരുമാറുക, പിച്ചും പേയും പറയുക) ആൽക്കഹോളിക്‌ ഹാലൂസിനോസിസ്‌ (ഇല്ലാത്ത ഭീകരമായ ശബ്ദങ്ങൾ കേൾക്കുക, കാഴ്ചകൾ കാണുക), കോർസക്കോഫ്‌ സൈക്കോസിസ് (തലച്ചോർ ശരിക്കും പ്രവർത്തിക്കാത്തതുമൂലം ഓർമശക്തി കുറയുക), ആൽക്കഹോളിക്‌ പാരനോയിയ (വിവിധ സംശയങ്ങൾ പ്രത്യേകിച്ചും ഭാര്യക്ക് പരപുരുഷ ബന്ധം, തന്നെ ആരോ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന സംശയങ്ങൾ) എന്നിവയാണ് ലഹരി ഉപയോഗിക്കുന്ന വ്യക്തികൾക്ക് അവ ലഭിക്കാതായാലോ, അളവ് കുറഞ്ഞ് പോയാലോ നിർത്തിവെക്കുകയോ ചെയ്യുമ്പോൾ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ. മദ്യം നിർത്തി 24 മണിക്കൂർ മുതൽ ഒരാഴ്ചക്കുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ആരംഭിക്കാം.

മദ്യപാനികളായ ചെറിയ ശതമാനം രോഗികളിൽ കണ്ടുവരുന്ന ഗുരുതരമായ മറ്റൊരു പ്രശ്നമാണ് ആൽക്കഹോള്‍ ഇന്‍ഡ്യൂസ്‌ഡ്‌ സൈക്കോട്ടിക്ക്‌ ഡിസ്‌ഓർഡർ (സംശയങ്ങൾ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക) എന്ന മാനസികാവസ്ഥ. അമിതമായ അളവിൽ തുടർച്ചയായി മദ്യം ഉപയോഗിക്കുന്നതിലൂടെ സംഭവിക്കുന്ന അവസ്ഥയാണ് ഇത്.
മേൽ സൂചിപ്പിച്ച അവസ്ഥകളിലെല്ലാം വ്യക്തി മാനസികമായ വിഭ്രാന്തികൾ പ്രകടിപ്പിക്കുകയും അപ്രതീക്ഷിതമായ രീതിയിൽ പ്രതികരിക്കുകയോ അക്രമാസക്തരാകുകയോ ചെയ്തേക്കാം.

ഇത്തരം അവസ്ഥകളിൽ വ്യക്തി അസാധാരണമായ ശബ്‌ദങ്ങളോ, കാഴ്‌ചകളോ അനുഭവിക്കുന്ന രീതിയിൽ പ്രതികരിക്കാനും സാധ്യതയുണ്ട്. തന്നെ ആരോ ആക്രമിക്കാനോ കൊല്ലാനോ വരുന്നു എന്ന തോന്നലിനെ തുടർന്ന് സ്വയം പ്രതിരോധിക്കാനോ പ്രതികരിക്കാനോ ശ്രമിച്ചേക്കാം. ഇതാണ് പലപ്പോഴും കൊലപാതകങ്ങളിലും ആത്മഹത്യകളിലും കലാശിക്കുന്നത്.

ഇതെല്ലാം മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണെങ്കിൽ നിലവിൽ നമ്മുടെ നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയിൽപ്പെട്ട രാസലഹരികളുടെ പാർശ്വഫലങ്ങൾ ഇതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലും അതി ഭീകരവുമാണ്. ഇത്തരം രാസലഹരികൾ ഉപയോഗിക്കുന്നവരിൽ ഇവ ലഭിക്കാതായാൽ കടുത്ത മാനസികവിഭ്രാന്തികളും തുടർന്ന് അക്രമസ്വഭാവം, നശീകരണ സ്വഭാവം, കൊലപാതകം, കൂട്ടക്കൊലപാതകം, ആത്മഹത്യ എന്നിവക്കും സാധ്യതയേറെയാണ്.

അതുകൊണ്ടുതന്നെ ലഹരി ഉപയോഗം ഒരു വൻ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സമൂഹത്തിനും ആരോഗ്യമേഖലയിലുള്ളവർക്കും നിയമസംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വേണ്ടത്ര ബോധവത്കരണം നൽകേണ്ടതുണ്ട്.

ലേഖകൻ ചേതന സെന്റർ ഫോർ
ന്യൂറോസൈക്യാട്രി ഡയറക്ടറാണ്.

Latest