Kerala
വീണ നാളെ ഇ ഡിക്കു മുമ്പില്‍ ഹാജരാവില്ല; രേഖകള്‍ അഭിഭാഷകന്‍ മുഖേനെ ഇ ഡിക്ക് കൈമാറാന്‍ തയ്യാറെന്ന് അറിയിച്ചു
വീണയ്ക്ക് ഹാജരാവാന്‍ മറ്റൊരു ദിവസം അനുവദിക്കുമെന്നും ഇതിനായി ഇന്ന് പുതിയ സമന്‍സ് നല്‍കുമെന്നും ഇ ഡി
കൊച്ചി | മാസപ്പടി കേസില്‍ വീണ വിജയന്‍ നാളെ ഇ ഡിക്കു മുമ്പില്‍ ഹാജരാവില്ല. ആവശ്യമായ രേഖകള്‍ അഭിഭാഷകന്‍ മുഖേനെ ഇ ഡിക്ക് കൈമാറാന്‍ ഒരുക്കമാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്നുമാണ് വീണ ഇമെയില്‍ മുഖേനെ ഇ ഡിയെ അറിയിച്ചത്. വീണയ്ക്ക് ഹാജരാവാന്‍ മറ്റൊരു ദിവസം അനുവദിക്കുമെന്നും ഇതിനായി ഇന്ന് പുതിയ സമന്‍സ് നല്‍കുമെന്നും ഇ ഡി മറുപടി നല്‍കി. വീണയുടെ എക്‌സാലോജിക്ക്കമ്പനിയും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടേയും രേഖകള്‍ ഇഡിക്ക് അന്വേഷണത്തിനായി കൈമാറാന്‍ നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കരിമണല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയന്റെ മകള്‍വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ ഡി അന്വേഷണം. എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് വീണക്ക് ഇ ഡി നല്‍കിയ നിര്‍ദ്ദേശം. ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി എം ആര്‍ എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ് എഫ് ഐ ഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇ ഡി വീണയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.
ധനക്ഷ്മി ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവിടങ്ങളില്‍ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകള്‍ വഴിയാണ് വീണയും കരിമണല്‍ കമ്പനിയും ഇടപാടുകള്‍ നടത്തിയത്. വീണ കൈമാറാന്‍ സന്നദ്ധമായ രേഖകളുടെ വിശദാംസങ്ങളടക്കം വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. റെയ്ഡിനിടെ വീണ നല്‍കിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് ഇ ഡി മനസ്സിലാക്കുന്നത്.







