Kerala
ആകാശത്തേക്ക് വെടി; ചെന്നിത്തലയെ തള്ളി കെ മുരളീധരന്‍
വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി മുരളീധരന്‍ പറഞ്ഞു
തിരുവനന്തപുരം | കൗണ്‍സിലര്‍ സുഗതനെ അറസ്റ്റ് ചെയ്യാന്‍ ആകാശത്തേക്ക് വെടിവെച്ച പോലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തള്ളി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ ആശങ്ക പോലീസ് ഉണ്ടാക്കരുതെന്ന് അദ്ദേഹം താക്കീതു നല്‍കി.
ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയാണ് മന്ത്രി മുരളീധരന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനെ അറസ്റ്റ് ചെയ്തതില്‍ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കൗണ്‍സിലറുടെ അറസ്റ്റില്‍ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകള്‍ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിര്‍ത്തുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ പോലീസ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
പ്രതിയെ പിടിക്കുമ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസിന്റെ മനോവിര്യം തകര്‍ക്കാന്‍ ശ്രമിക്കണ്ട. പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകള്‍ ഇറക്കി പോലീസിന്റെ മനോവിര്യം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.







