Connect with us

Kerala

ഇന്ത്യന്‍ ചരക്കുകപ്പല്‍ ആക്രമിച്ച അമേരിക്കന്‍ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധിച്ചു

അമേരിക്കന്‍ എംബസിയിലെ സി ഡി എ ജെയ്‌സണ്‍ മീക്‌സിനെ ഇന്ത്യ വിളിച്ചു വരുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ചരക്കുകപ്പല്‍ ആക്രമിച്ച അമേരിക്കന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. അമേരിക്കന്‍ എംബസിയിലെ സി ഡി എ ജെയ്‌സണ്‍ മീക്‌സിനെ വിളിച്ചു വരുത്തി പ്രതിഷേധം ഇറിയിച്ച ഇന്ത്യ, ചരക്കു കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത് ആശങ്കയെന്ന് ഇന്ത്യ അറിയിച്ചു.

കപ്പല്‍ ആക്രമിച്ചത് സ്ഥിരീകരിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. കപ്പല്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ചെന്നും നിരന്തരം നല്‍കിയ നിര്‍ദേശങ്ങള്‍ കപ്പല്‍ ലംഘിച്ചുവെന്നും അതാണ് അക്രമിക്കാന്‍ കാണമെന്നും അമേരിക്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. 21 ഇന്ത്യക്കാരെ രക്ഷിച്ചു. ഇന്നലെ ആക്രമിക്കപ്പെട്ട കപ്പലിലും ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കര്‍ സെറ്റെബെല്ലോയുടെ എഞ്ചിന്‍ മുറിയില്‍ മിസൈല്‍ പതിച്ചാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്. പലാവു പതാക വഹിച്ച കപ്പലില്‍ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും അവരില്‍ 24 പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒമാനി തുറമുഖമായ സോഹാറില്‍ നിന്ന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോഴാണ് അപകടത്തെക്കുറിച്ച് സന്ദേശം അയച്ചത്. 24 ഇന്ത്യന്‍ നാവികരില്‍ 21 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും മൂന്ന് പേരെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റിലെ തങ്ങളുടെ എംബസി ഒമാനി അധികൃതരുമായി ചേര്‍ന്ന് തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ ഗതാഗതം സ്തംഭിപ്പിക്കാന്‍ ഇറാന്‍ നീക്കം നടത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ വാഷിംഗ്ടണ്‍ ഇറാനുമായി ബന്ധപ്പെട്ട കപ്പല്‍ ഗതാഗതത്തിന് ഉപരോധം ഏര്‍പ്പെടുത്തി. ഇറാനിയന്‍ ഷിപ്പിംഗിനെ ലക്ഷ്യം വച്ചുള്ള യു എസ് നാവിക ഉപരോധവുമായി ആക്രമണത്തിന് ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര ഇടനാഴികളില്‍ ഒന്നായ ഇവിടെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം.

 

Latest