Kerala
ഗേറ്റ് കടന്നു റോഡിലെത്തിയ കുഞ്ഞിന്റെ രക്ഷകരായി ബസ്സ് ജീവനക്കാര്‍
പുതിയിടത്തുപറമ്പ് - ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസിലെ ജീവനക്കാരായ ഡ്രൈവര്‍ രാമചന്ദ്രന്‍, കണ്ടക്ടര്‍ നവാസ് എന്നിവരാണ് സമയോചിതമായി ബസ് നിര്‍ത്തി മറ്റ് അപകടങ്ങള്‍ കൂടാതെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്
തിരുവനന്തപുരം | വീട്ടുകാരുടെ കണ്ണില്‍ പെടാതെ ഗേറ്റ് കടന്നു റോഡിന്റെ നടുവിലെത്തിയ മുട്ടിലിഴയുന്ന കുഞ്ഞിനെ രക്ഷിച്ച് ബസ് ഡ്രൈവറുടെ ജാഗ്രത. പുതിയിടത്തുപറമ്പ് – ഫറോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സഫാ മര്‍വാ ബസിലെ ജീവനക്കാരായ ഡ്രൈവര്‍ രാമചന്ദ്രന്‍, കണ്ടക്ടര്‍ നവാസ് എന്നിവരാണ് സമയോചിതമായി ബസ് നിര്‍ത്തി മറ്റ് അപകടങ്ങള്‍ കൂടാതെ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്.
കൊണ്ടോട്ടി പുളിക്കല്‍ റോഡില്‍ വലിയപറമ്പിലില്‍ രാവിലെ എട്ടരയോടെ ആണ് സംഭവം. നടുറോഡില്‍ മുട്ടില്‍ ഇഴയുന്ന പിഞ്ചുകുഞ്ഞിനെ കണ്ട് ഡ്രൈവര്‍ രാമചന്ദ്രന്‍ ബസ് നിര്‍ത്തുകയായിരുന്നു. ബസില്‍നിന്ന് ഇറങ്ങിയ കണ്ടക്ടര്‍ നവാസ് കുഞ്ഞിനെ കൈയില്‍ എടുത്ത് വീട്ടില്‍ ഏല്‍പ്പിച്ചതോടെ വലിയ അപകടം ഒഴിവായി. ബസില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളിലൂടെയാണ് തികച്ചും ഭീതിജനകമായ രംഗം പുറംലോകം അറിയുന്നത്.
റോഡില്‍ മുട്ടിലിഴഞ്ഞ കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാരെ മോട്ടോര്‍ വാഹന വകുപ്പ് അഭിനന്ദിച്ചു. ശ്രീരാമചന്ദ്രനും നവാസിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. ‘അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക’ എന്നത് തന്നെയാണ് ഡ്രൈവിങ്ങില്‍ ഉടനീളം പാലിക്കേണ്ട മനോഭാവമെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി.







