Connect with us

Kozhikode

ജീവിതത്തിലേക്ക് ഒരു നടത്തം; അനന്തപുരിയിലേക്ക് അഭിലാഷിന്റെ കാല്‍നട

കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ അഭിലാഷ് പുത്തഞ്ചേരി സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സൈക്ലിങ് ദൗത്യങ്ങളിലൂടെ ശ്രദ്ധേയനാണ്

Published

|

Last Updated

ഉള്ളിയേരി | ആരോഗ്യസംരക്ഷണവും ജീവിതസാഹചര്യങ്ങളും മുന്‍നിര്‍ത്തി ‘ജീവിതത്തിലേക്ക് ഒരു നടത്തം’ എന്ന സന്ദേശവുമായി അഭിലാഷ് പുത്തഞ്ചേരി നടത്തുന്ന കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കാല്‍നടയാത്രയ്ക്ക് ആവേശകരമായ തുടക്കം. രണ്ട് ഘട്ടങ്ങളായാണ് യാത്ര. ഒന്നാം ഘട്ടം ഫോര്‍ട്ട് കൊച്ചിയില്‍ അവസാനിക്കും. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കും.

കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ അഭിലാഷ് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സൈക്ലിങ് ദൗത്യങ്ങളിലൂടെ ശ്രദ്ധേയനാണ്. പരിസ്ഥിതിയെ നോവിക്കാതെ ‘സീറോ കാര്‍ബണ്‍, സീറോ കലാമിറ്റി’ എന്ന സന്ദേശമുയര്‍ത്തി അടുത്തയിടെ ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കി. നേരത്തെ 14 ജില്ലകളിലൂടെയും ലഹരിവിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കോഴിക്കോട് എക്‌സൈസ് ഡിവിഷന്റെ സഹകരണത്തോടെ സൈക്കിള്‍ റാലിയും നടത്തിയിരുന്നു.

മലബാര്‍ മെഡിക്കല്‍ കോളേജ് (എം എം സി)മൊടക്കല്ലൂരിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ കാല്‍നട യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം എം എം സി ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ നിര്‍വ്വഹിച്ചു. ഇന്നലെ രാവിലെ എം എം സി പരിസരത്ത് നടന്ന ചടങ്ങില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ വത്സന്‍ എടക്കാത്തില്‍ അധ്യക്ഷത വഹിച്ചു. എം എം സി അസോ. പ്രഫസര്‍ കെ കെ രാജീവ് സംസാരിച്ചു. സുരേന്ദ്രന്‍ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു.

കോഴിക്കോട് നിന്ന് ആരംഭിച്ച് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തലസ്ഥാന നഗരിയായ തിരുവനന്തപുരം വരെ നീളുന്ന ഈ കാല്‍നടയാത്രയ്ക്ക് പ്രദേശവാസികളും എം എം സി അധികൃതരും ജീവനക്കാരും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക കൂടിയാണ് ഈ ദീര്‍ഘദൂര കാല്‍നടയാത്രയുടെ ലക്ഷ്യം.

 

 

Latest