Malappuram
വാല്‍പ്പാറ അപകടം: മരിച്ചവരുടെ വീടുകളില്‍ ആശ്വാസവുമായി കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍
നേതാക്കള്‍ ബന്ധുക്കളുമായി സംസാരിക്കുകയും അവര്‍ക്ക് മാനസികമായ കരുത്ത് പകരുകയും ചെയ്തു. വീടുകളില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാ മജ്ലിസുകള്‍ക്കും നേതൃത്വം നല്‍കി.
കൊളത്തൂര്‍ | വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് കേരള മുസ്‌ലിം ജമാഅത്ത് ഈസ്റ്റ് ജില്ലാ നേതാക്കള്‍. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഒമ്പത് പേരുടെയും വീടുകളില്‍ നേരിട്ടെത്തിയാണ് നേതാക്കള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. പാങ്ങിലെ ഏഴ് പേരുടെയും കൊളത്തൂരിലെ ആശ ടീച്ചര്‍, പാങ്ങ് സ്‌കൂള്‍ പ്രധാനാധ്യാപിക പാലൂരിലെ അജിത ടീച്ചര്‍ എന്നിവരുടെയും വീടുകളാണ് നേതാക്കള്‍ സന്ദര്‍ശിച്ചത്.
കുടുംബത്തിന്റെ അത്താണികള്‍ നഷ്ടപ്പെട്ട വീടുകളിലെത്തിയെ നേതാക്കള്‍ ബന്ധുക്കളുമായി സംസാരിക്കുകയും അവര്‍ക്ക് മാനസികമായ കരുത്ത് പകരുകയും ചെയ്തു. വീടുകളില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാ മജ്ലിസുകള്‍ക്കും നേതൃത്വം നല്‍കി.
അപകടത്തില്‍ തകര്‍ന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിക്കുമെന്നും ആവശ്യമായ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്തിന്റെ ഈസ്റ്റ് ജില്ലാ നേതാക്കളായ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സി കെ യു മൗലവി മോങ്ങം, ജമാല്‍ കരുളായി, സി മുഹമ്മദ് മൗലവി വാഴക്കാട്, എന്‍ എം സ്വാദിഖ് സഖാഫി, സുബൈര്‍ കോഡൂര്‍, എ സി കെ പാങ്ങ്, മുജീബ് വടക്കേമണ്ണ, കൊളത്തൂര്‍, മലപ്പുറം സോണ്‍ നേതാക്കളായ പി വി സൈതലവി സഖാഫി, അബ്ദുറഹീം കരുവള്ളി, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, എം മൊയ്തീന്‍ മുസ്‌ലിയാര്‍, എന്‍ ബശീര്‍ തുടങ്ങി പ്രാദേശിക ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.


