Connect with us

vadakkanchery accident

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പിടിയിൽ; നരഹത്യക്ക് കേസെടുത്തു

വടക്കാഞ്ചേരി പോലീസും കൊല്ലം പോലീസും നടത്തിയ അന്വേഷണത്തിൽ കൊല്ലം ചവറയിൽ നിന്നാണ് ജോമോൻ പിടിയിലായത്.

Published

|

Last Updated

വടക്കഞ്ചേരി | വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിന്റെ പിറകിൽ ഇടിച്ചുകയറി മറിഞ്ഞ് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. അപകടത്തിൽ നിസ്സാര പരുക്കേറ്റ് ചികിത്സ തേടിയ ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോമോൻ പിടിയിലായത്.

വടക്കാഞ്ചേരി പോലീസും കൊല്ലം പോലീസും നടത്തിയ അന്വേഷണത്തിൽ കൊല്ലം ചവറ ശങ്കരമങ്കലത്ത് നിന്നാണ് ജോമോൻ പിടിയിലായത്. കൊല്ലം വഴി തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസ് വലയിൽ കുടുങ്ങിയത്. ജോമോൻ സഞ്ചരിച്ചിരുന്ന വാഹനനത്തിന് കുറുകെ പോലീസ് ജീപ്പ് തടഞ്ഞിട്ടാണ് ജോമോനെ പിടികൂടിയത്. ജോമോൻ ഇതുവഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ആലത്തൂർ ഡി വൈ എസ് പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യും. ജോമോന് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതിനിടെ, ജോമോന് എതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് വടക്കഞ്ചേരി പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്‍പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് പറഞ്ഞു.

ബുധനാഴ്ച രാത്രി 11.30ഓടെയാണ് തൃശൂർ- പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്ക് സമീപം അപകടമുണ്ടായത്. മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെ എസ് ആർ ടി സി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒൻപത് പേർ മരിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അപകടം നടക്കുമ്പോൾ 97 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു ബസ് സഞ്ചരിച്ചിരുന്നത്.

Latest