Connect with us

First Gear

ഉപയോഗിച്ച കാറുകളുടെ വില വീണ്ടും കുറഞ്ഞേക്കും

കഴിഞ്ഞ വർഷം 15 ശതമാനമായി കുറഞ്ഞ ഈ മേഖലയിൽ ഈ വർഷം ഇനിയും വില കുറയുമെന്നും ജനസംഖ്യാ വളർച്ചയോടെ ഡിമാൻഡ് കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പിന്നീട് സ്ഥിരത കൈവരിക്കുമെന്നും കാർ വ്യവസായ രംഗത്തുള്ളവർ പറയുന്നു

Published

|

Last Updated

ദുബൈ | പുതിയ കാറുകളുടെ കടന്നുവരവ്, പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള പുതിയ കാറുകളുടെ വിപണി പ്രവേശം യു എ ഇയിൽ പ്രീ-ഓൺഡ് കാർ വില കുറയുന്നതിന് കാരണമാവുന്നു. കഴിഞ്ഞ വർഷം 15 ശതമാനമായി കുറഞ്ഞ ഈ മേഖലയിൽ ഈ വർഷം ഇനിയും വില കുറയുമെന്നും ജനസംഖ്യാ വളർച്ചയോടെ ഡിമാൻഡ് കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പിന്നീട് സ്ഥിരത കൈവരിക്കുമെന്നും കാർ വ്യവസായ രംഗത്തുള്ളവർ പറയുന്നു. ആഗാതമാവുന്ന റമസാനിൽ ഡീലർമാർ വാഹനങ്ങൾക്ക് വൻ കിഴിവുകളും കാമ്പെയ്‌നുകളും ആരംഭിക്കുമ്പോൾ വിൽപ്പനയിൽ വർധനവും പ്രതീക്ഷിക്കുന്നു.

ഓട്ടോമോട്ടീവ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അൽഗൊഡ്രൈവൻ അനുസരിച്ച്, പുതിയ കാർ വിപണിയിൽ കോവിഡ് -19 ആഘാതം കാരണം കഴിഞ്ഞ വർഷം വില 14.8 ശതമാനം കുറഞ്ഞു. എന്നാൽ 2023 രണ്ടാം പകുതിയിൽ വിപണി ഉയർന്നു. വർഷത്തിൻ്റെ തുടക്കത്തേക്കാൾ ഇരട്ടി വേഗത്തിൽ യൂസ്ഡ് കാറുകൾ വിട്ടുപോയി.

ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള വാഹനങ്ങളുടെ പ്രധാന കയറ്റുമതി, പുനർ കയറ്റുമതി വിപണിയെന്ന നിലയിൽ ദുബൈ മേഖലയിലെ ഏറ്റവും വലിയ യൂസ്ഡ് കാർ വിപണികളിലൊന്നായി മാറിയിട്ടുണ്ട്.

4-6 വർഷം പഴക്കമുള്ളതും 90,000 മുതൽ 120,000 കിലോമീറ്റർ വരെ ഓടിച്ചതുമായ കാറുകൾ വാങ്ങാനാണ് പൊതുവെ ആളുകൾ ഇഷ്ടപ്പെടുന്നത്. വാറൻ്റി, അപകട ചരിത്രം, മൈലേജ് എന്നിവ ആളുകൾ പരിഗണിക്കുന്നു. ഉപയോഗിച്ച വാഹനങ്ങൾക്കായി നിരവധി ചോയ്‌സുകൾ ഉള്ളതിനാൽ, ഒരു മോഡൽ അന്തിമമാക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ ഒന്നിലധികം കാറുകൾ ടെസ്റ്റ്-ഡ്രൈവ് ചെയ്യാൻ നോക്കുകയാണ്. സുരക്ഷയും വിശ്വാസ്യതയും കാരണം എസ്‌യുവികൾ വാങ്ങാനാണ് ഉപഭോക്താക്കളിൽ 55 ശതമാനം ഇഷ്ടപ്പെടുന്നതെന്നും ട്രെൻഡ് വിശകലനം ചെയ്ത് ബന്ധപ്പെട്ടവർ പറഞ്ഞു.