Connect with us

Articles

ഏകീകൃത പ്രവേശന പരീക്ഷയും ചതിക്കുഴികളും

പ്ലസ്ടു കോഴ്സിന്റെയും ബോര്‍ഡ് പരീക്ഷകളുടെയും പ്രാധാന്യം അപ്രസക്തമാക്കുന്നതാണ് യു ജി സി കഴിഞ്ഞ ദിവസമെടുത്ത തീരുമാനം. പ്ലസ്ടു പഠനത്തിന് ശേഷം പൊതു പ്രവേശന പരീക്ഷ നടത്തുകയും അതില്‍ ലഭിക്കുന്ന മാര്‍ക്കിനനുസരിച്ച് കേന്ദ്ര സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലേക്ക് പ്രവേശനം നടത്തിയാല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. ഒരു രാജ്യം, ഒരു പരീക്ഷ എന്നതാണ് ഭരണകൂട അജന്‍ഡ. ഒപ്പം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവും.

Published

|

Last Updated

കേന്ദ്ര സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ്ടു മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഒതുക്കിത്തീര്‍ക്കാനുള്ള കേന്ദ്ര ഭരണകൂട തന്ത്രമാണെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ ഇടപെടലുകള്‍ വിലയിരുത്തിയാല്‍ മനസ്സിലാകും. പ്ലസ്ടു കോഴ്സിന്റെയും ബോര്‍ഡ് പരീക്ഷകളുടെയും പ്രാധാന്യം അപ്രസക്തമാക്കുന്നതാണ് യു ജി സി കഴിഞ്ഞ ദിവസമെടുത്ത തീരുമാനം. പ്ലസ്ടു പഠനത്തിന് ശേഷം പൊതു പ്രവേശന പരീക്ഷ നടത്തുകയും അതില്‍ ലഭിക്കുന്ന മാര്‍ക്കിനനുസരിച്ച് കേന്ദ്ര സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളിലേക്ക് പ്രവേശനം നടത്തിയാല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാറിന് കീഴിലെ 45 സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളജുകളിലേക്കുള്ള പ്രവേശനമാണ് ഈ വര്‍ഷം മുതല്‍ പ്രവേശന പരീക്ഷയിലൂടെ നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി, അലിഗഢ് യൂനിവേഴ്സിറ്റി, ഡല്‍ഹി യൂനിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി തുടങ്ങിയ സര്‍വകലാശാലകളെല്ലാം ഇതിലുള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ സ്‌കൂളുകളില്‍ നിന്ന് പഠനം നടത്തി പരീക്ഷ എഴുതിയ 3,73,788 പേരില്‍ 3,23,802 പേരാണ് വിജയിച്ചത്. ഓപ്പണ്‍ സ്‌കൂള്‍ മുഖാന്തിരം പരീക്ഷ എഴുതിയ 47,721 പേരില്‍ 25,292 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. മൂന്നര ലക്ഷത്തോളം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ സംസ്ഥാനത്ത് ആകെയുള്ള ബിരുദ സീറ്റുകളുടെ എണ്ണം ലക്ഷത്തില്‍ താഴെയാണ്. ഇപ്രകാരം കേരളത്തില്‍ മാത്രം ലക്ഷത്തിലേറെ കുട്ടികളാണ് ഓരോ വര്‍ഷവും ഡിഗ്രി പഠനത്തിന് മറ്റു വഴികള്‍ തേടേണ്ടി വരുന്നത്. കേരളത്തില്‍ സീറ്റ് കുറവായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോളജുകളിലും പ്രവേശനം നേടുന്നവരുടെ എണ്ണം ഏറെയാണ്. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുമായുള്ള ഇടപെടല്‍, ബഹു ഭാഷാ പഠനത്തിനുള്ള അവസരം, മികച്ച അധ്യാപകര്‍ക്ക് കീഴിലെ പഠനം, താരതമ്യേന കുറഞ്ഞ പഠന ചെലവ്, ജോലി കിട്ടാനുള്ള സാധ്യത തുടങ്ങി വിവിധ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടാണ് കേന്ദ്ര സര്‍വകലാശാലകളിലേക്ക് കുട്ടികള്‍ പഠനത്തിനായി പോകുന്നത്. രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ മികച്ചവയുള്ളത് ഉത്തരേന്ത്യയിലാണ്. അടുത്ത കാലം വരെ ഉത്തരേന്ത്യയിലെ കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരം കോളജുകളില്‍ പ്രവേശനം നേടാനും പഠിക്കാനും സാധിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചേരാന്‍ തുടങ്ങിയതോടെ അതിനെതിരായുള്ള പ്രചാരണങ്ങളും അസഹിഷ്ണുതയും ഉത്തരേന്ത്യയില്‍ വ്യാപകമാണ്. ഇതിനായി ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ദേശീയ മാധ്യമങ്ങളെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

ഡല്‍ഹി സര്‍വകലാശാലയില്‍ കേരളത്തിലെ കുട്ടികള്‍ പ്രവേശനം നേടുന്നതില്‍ ഇവിടുത്തെ വൈസ് ചാന്‍സലര്‍ അസംതൃപ്തി പ്രകടിപ്പിക്കുകയും എന്തുകൊണ്ട് കേരളത്തിലെ കുട്ടികള്‍ ഇത്രയേറെ ഇവിടെ പഠിക്കുന്നു എന്ന കാര്യം സമിതിയെ നിയോഗിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു. ഹരിയാനയില്‍ നിന്ന് 1,824ഉം രാജസ്ഥാനില്‍ നിന്ന് 1,329ഉം കുട്ടികള്‍ പ്രവേശനം തേടിയിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള 1,890 കുട്ടികളുടെ എണ്ണത്തില്‍ അസ്വാഭാവികത പ്രകടിപ്പിക്കുകയും ഈ എണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഡല്‍ഹി സര്‍വകലാശാലയിലും ജെ എന്‍ യുവിലുമെല്ലാം വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇടംപിടിക്കുന്നത് കേന്ദ്ര ഭരണകൂടത്തിനുണ്ടാക്കുന്ന തലവേദന ചെറുതല്ല. ഉത്തരേന്ത്യയില്‍ പയറ്റുന്ന ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വവാദവും ഹിന്ദി ഭാഷാ മേധാവിത്വമൊന്നും തെക്കെ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ വിലപ്പോകില്ല. രാജ്യ തലസ്ഥാനത്ത് നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ സജീവമാകുന്നതെല്ലാം ഈ ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമെന്ന നിലക്ക് തന്ത്രങ്ങളിലൂടെ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ ഒതുക്കുക എന്നത് സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ താത്പര്യം കൂടിയാണ്.

ന്യൂനപക്ഷ പദവിയുള്ള ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, അലിഗഢ് തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലേക്കും ഈ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴി പ്രവേശനം നടത്താനാണ് യു ജി സി നിര്‍ദേശിച്ചിട്ടുള്ളത്. 1920ല്‍ നിലവില്‍ വന്ന അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തു കളയാന്‍ പലവിധ ശ്രമങ്ങള്‍ നടന്നിരുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ സര്‍വകലാശാലകള്‍ക്ക് അവരുടേതായ പ്രവേശന രീതികളും സംവരണവുമെല്ലാം നിലനില്‍ക്കെ പൊതു പ്രവേശന പരീക്ഷ വരുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സീറ്റുകളിലേക്ക് മറ്റുള്ളവരെ തിരുകിക്കയറ്റാനുള്ള സാധ്യതയും നിലനില്‍ക്കും. ഫലത്തില്‍ പേരില്‍ മാത്രം ഈ സര്‍വകലാശാലകള്‍ ന്യൂനപക്ഷത്തിന്റെതാകും.

നിലവില്‍ വിവിധ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റി പ്രവേശനത്തിന് പ്ലസ്ടുവിലെ മാര്‍ക്ക് പരിഗണിക്കാറുണ്ട്. പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന നിരവധി സര്‍വകലാശാലകള്‍ വിവിധ രാജ്യങ്ങളിലുണ്ട്. മിഡില്‍ ഈസ്റ്റിലെ പല സര്‍വകലാശാലകളും ഇന്ത്യയിലെ കുട്ടികള്‍ക്ക് പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പും പ്രവേശനവും നല്‍കി വരുന്നുണ്ട്.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സി യു ഇ ടി എന്നറിയപ്പെടുന്ന പുതിയ പരീക്ഷയില്‍ എന്‍ സി ഇ ആര്‍ ടിയുടെ പ്ലസ്ടു സിലബസ് പ്രകാരമുള്ള ചോദ്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക. നിലവില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടന്‍ഡറി ക്ലാസ്സുകളില്‍ എന്‍ സി ഇ ആര്‍ ടി സിലബസ് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായും എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളിലെ ഉള്ളടക്കമല്ല പഠിപ്പിക്കുന്നത്. സി ബി എസ് ഇ സ്‌കൂളുകളില്‍ പൂര്‍ണമായും എന്‍ സി ഇ ആര്‍ ടിയുടെ ഉള്ളടക്കമാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സിലബസില്‍ പഠിച്ച കുട്ടികള്‍ക്ക് ഈ പരീക്ഷ എളുപ്പമാകും. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സിലബസില്‍ പഠനം നടത്തിയവര്‍ക്ക് ഈ പരീക്ഷ വെല്ലുവിളിയാകുകയും ചെയ്യും. വിവിധ കോമ്പിനേഷനുകളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി നിര്‍ദേശിച്ച ആറ് വിഷയങ്ങളില്‍ മാത്രമേ പരീക്ഷ എഴുതാനാകൂ. ഉദാഹരണമായി പ്ലസ്ടു കോഴ്സില്‍ 30ലേറെ കോമ്പിനേഷനുകളുള്ള ഹ്യൂമാനിറ്റീസ് പഠിക്കുന്ന കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിഷയത്തില്‍ പരീക്ഷ എഴുതാനാകില്ല.
ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം. പക്ഷേ പലപ്പോഴും ഇത്തരം തന്ത്രപരമായ നീക്കങ്ങളിലൂടെ കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ക്കും അജന്‍ഡകള്‍ക്കും കീഴടങ്ങാനായിരിക്കും സംസ്ഥാനങ്ങളുടെ വിധി. ഇത്തരം നീക്കങ്ങളിലൂടെ സംസ്ഥാന സിലബസ് കേന്ദ്രം ആഗ്രഹിക്കുന്ന രീതിയിലേക്ക് മാറ്റാനും അധികം ബുദ്ധിമുട്ടുണ്ടാകില്ല.

കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മഹാമാരിയുടെ ഫലമായി പലവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ് നമ്മുടെ കുട്ടികള്‍. മിക്ക സംസ്ഥാനങ്ങളിലും അടുത്തിടെയാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചത്. കൃത്യമായ ക്ലാസ്സുകളോ പഠന പ്രവര്‍ത്തനങ്ങളോ നടക്കാത്തതിനാല്‍ ഏറെ ആശങ്കയോടെയാണ് വരാന്‍ പോകുന്ന പരീക്ഷകളെ കുട്ടികളും രക്ഷിതാക്കളും നോക്കിക്കാണുന്നത്. ഇതിനിടയില്‍ പ്രവേശന പരീക്ഷയുടെ കാര്യം അവതരിപ്പിച്ച് കുട്ടികളെ മാനസിക സമ്മര്‍ദത്തിലേക്ക് നയിക്കുന്നതും അവരുടെ ഭാവി കാര്യങ്ങളില്‍ പലവിധ പരീക്ഷണങ്ങള്‍ നടത്തുന്നതും വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കും. പഠനമെന്നത് വെറും പരീക്ഷകളിലേക്ക് ചുരുങ്ങാനും ഇത് വഴിവെക്കും. പ്ലസ്ടു പഠനത്തിലെ പാഠ്യവിഷയങ്ങളെ കൂടാതെ പാഠ്യേതര വിഷയങ്ങള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇല്ലാതാകും. പഠനത്തിന്റെ മുഖ്യ ലക്ഷ്യം എന്‍ട്രന്‍സ് പരീക്ഷയായി മാറും. പ്ലസ്ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെടുത്തുന്ന പുതിയ തീരുമാനം സര്‍വകലാശാലയിലെ പഠനത്തിനല്ലാതെ മറ്റു വിവിധ കോഴ്സുകളില്‍ പ്രവേശനം തേടേണ്ടവര്‍ക്കും തിരിച്ചടിയാകും.

എന്‍ട്രന്‍സ് പരീക്ഷ നടത്തുകയാണെങ്കില്‍ പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിക്കണമെന്ന നിര്‍ദേശം പല സര്‍വകലാശാലകളും മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇതിന് വഴങ്ങാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ഒരു രാജ്യം, ഒരു പരീക്ഷ എന്നതായിരിക്കണം ഭരണകൂട അജന്‍ഡ. ഒപ്പം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റവും.

 

Latest