UAE
യു എ ഇ പ്രതിരോധ മേഖല വികസിപ്പിക്കും: ശൈഖ് ഹംദാന്‍
പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനും കാര്യക്ഷമതയും സന്നദ്ധതയും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രധാന പരിപാടികളെക്കുറിച്ച് പ്രതിരോധ കൗണ്‍സില്‍ യോഗം അവലോകനം ചെയ്തു.
ദുബൈ | യു എ ഇയില്‍ പ്രതിരോധം മേഖല വികസിപ്പിക്കുന്നതിന് യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രതിരോധ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തു. 2026ലെ രണ്ടാമത്തെ പ്രതിരോധ കൗണ്‍സില്‍ യോഗമാണ് നടന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ തന്ത്രപരമായ ദിശക്ക് അനുസൃതമായി പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനും കാര്യക്ഷമതയും സന്നദ്ധതയും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രധാന പരിപാടികളെക്കുറിച്ച് യോഗം അവലോകനം ചെയ്തു.
ദേശീയ സുരക്ഷയെ പിന്തുണക്കുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുമായി എല്ലാ മേഖലകളിലും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ ശൈഖ് ഹംദാന്‍ എടുത്തുപറഞ്ഞു. പ്രതിരോധ മേഖലകളിലുടനീളമുള്ള വികസന, ആധുനികവത്കരണ പദ്ധതികള്‍ പ്രവര്‍ത്തന സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും മാനുഷികവും സാങ്കേതികവുമായ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ മുന്‍ഗണനകളെയും ദീര്‍ഘകാല വികസനത്തെയും പിന്തുണക്കുന്ന ഭാവി പദ്ധതികളും അവലോകനം ചെയ്തു.
യു എ ഇ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇസ്സ സൈഫ് ബിന്‍ അബ്‌ലാന്‍ അല്‍ മസ്‌റൂഇ, പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ഇബ്‌റാഹിം നാസര്‍ അല്‍ അലവി, മുതിര്‍ന്ന സായുധ സേനാ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.



