Connect with us

Uae

യു എ ഇയിൽ മധ്യാഹ്ന വിശ്രമം ജൂൺ 15 മുതൽ; മൂന്ന് മാസത്തേക്ക് പുറം ജോലികളിൽ നിയന്ത്രണം

മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) തങ്ങളുടെ പരിശോധനാ സംവിധാനങ്ങളിലൂടെ ഇത് നിരീക്ഷിക്കുകയും നിരോധിത സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

Published

|

Last Updated

ദുബൈ | യു എ ഇയിൽ ജൂൺ പതിനഞ്ച് മുതൽ മൂന്ന് മാസത്തേക്ക് മധ്യാഹ്ന വിശ്രമം ഏർപ്പെടുത്തും. നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പുറം ജോലികൾ ചെയ്യുന്നതിന് ഈ കാലയളവിൽ നിരോധനം ഏർപ്പെടുത്തും. രാജ്യത്തെ ഉയർന്ന വേനൽ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്നതിനാണ് ഉച്ചവിശ്രമം ഏർപ്പെടുത്തുന്നത്. ദിവസവും ഉച്ചക്ക് പന്ത്രണ്ടര മുതൽ മൂന്ന് വരെയാണ് വിശ്രമ സമയം. ഈ പദ്ധതി ഇരുപത്തി ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്. സെപ്റ്റംബർ പതിനഞ്ച് വരെ ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് തൊഴിലാളികൾക്ക് പുറം ജോലികളിൽ നിന്ന് ഇടവേള നൽകും.

മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്റെ) തങ്ങളുടെ പരിശോധനാ സംവിധാനങ്ങളിലൂടെ ഇത് നിരീക്ഷിക്കുകയും നിരോധിത സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ പിഴ ചുമത്തും.ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി അൻപതിനായിരം ദിർഹം വരെ ഉയർത്താം.
ഉച്ചവിശ്രമ സമയത്ത് സ്വകാര്യ, പൊതുമേഖലകളിലെ കമ്പനികൾ തൊഴിലാളികളെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാൻ തണലുള്ള സ്ഥലങ്ങൾ, ആവശ്യമായ മറ്റ് സൗകര്യങ്ങൾ എന്നിവ നൽകണം.

കൂടാതെ, ഫാനുകൾ പോലുള്ള ശരിയായ തണുപ്പിക്കൽ സംവിധാനങ്ങൾ ഒരുക്കണം. മതിയായ അളവിൽ കുടിവെള്ളം, പ്രാദേശിക അധികാരികൾ അംഗീകരിച്ചിട്ടുള്ള ലവണാംശങ്ങൾ അടങ്ങിയ പാനീയങ്ങൾ, മറ്റ് സൗകര്യങ്ങൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ എന്നിവയും തൊഴിലിടങ്ങളിൽ ലഭ്യമാക്കണം.എന്നിരുന്നാലും, ചില പ്രത്യേക ജോലികൾ ചെയ്യുന്ന തൊഴിലാളികളെ ഉച്ചവിശ്രമ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാങ്കേതിക കാരണങ്ങളാൽ തടസ്സമില്ലാതെ തുടരേണ്ട ജോലികൾ ചെയ്യുന്നവരെയും ഈ ഇടവേളക്ക് ശേഷം പൂർത്തിയാക്കാൻ സാധിക്കാത്ത ജോലി ചെയ്യുന്നവരെയും ഒഴിവാക്കും. ജലവിതരണം, വൈദ്യുതി തടസ്സം, ഗതാഗതക്കുരുക്ക്, അടിസ്ഥാന സേവനങ്ങളിലെ തകരാറുകൾ എന്നിങ്ങനെയുള്ള പൊതുജനങ്ങളെ ബാധിക്കുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ചെയ്യുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.പൊതുജീവിതത്തെയും സഞ്ചാരത്തെയും ബാധിക്കുന്ന ജോലികൾക്ക് സർക്കാർ അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ അവരെയും ഈ നിയമത്തിൽ നിന്ന് ഒഴിവാക്കും.

Latest