Ongoing News
യു ഇ എ; സ്വകാര്യ സ്ഥാപനങ്ങൾ ഡിസംബർ 31നകം സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കണം
അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം
അബൂദബി|അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ ഡിസംബർ 31നകം കൈവരിക്കണമെന്ന് യു ഇ എ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2026-ന്റെ രണ്ടാം പകുതിയിൽ പ്രാവീണ്യമുള്ള തസ്തികകളിൽ ഒരു ശതമാനത്തിന്റെ വർധനവുകൂടി വരുത്തി, ഈ വർഷത്തെ മൊത്തത്തിലുള്ള രണ്ട് ശതമാനമെന്ന വാർഷിക ലക്ഷ്യം പൂർത്തിയാക്കാനാണ് കമ്പനികളോട് നിർദേശിച്ചിട്ടുള്ളത്.
വിവിധ യോഗ്യതകളും പരിചയസമ്പത്തുമുള്ള സ്വദേശി ഉദ്യോഗാർഥികളെ കണ്ടെത്താൻ “നഫീസ്’ പ്ലാറ്റ്ഫോം തൊഴിലുടമകൾ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ ഈ പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തുകയും ഉദ്യോഗാർഥികളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്. വർഷം തോറും സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനികൾ വ്യാജ നിയമനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights: The UAE Ministry of Human Resources and Emiratisation called on private companies with 50 or more employees to complete their 2026 Emiratisation goals by December 31. Firms must achieve a two percent annual increase in skilled roles using the NAFIS platform and avoid fake recruitment practices.




