UAE
യു എ ഇ; ഇന്ന് യൂണിയൻ പ്രതിജ്ഞാ ദിനം
രാജ്യത്തിന്റെ ചരിത്രവും ഐക്യവും ആഘോഷമാകും
അബൂദബി| യു എ ഇ ഇന്ന് ചരിത്രത്തിലും സാംസ്‌കാരിക പൈതൃകത്തിലും നിർണായകമായ “യൂണിയൻ പ്ലെഡ്ജ് ഡേ’ (പ്രതിജ്ഞാ ദിനം) വിപുലമായി ആചരിക്കും. രാജ്യത്തിന്റെ ഐക്യവും അഭിമാനവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ഈ ദിനം കഴിഞ്ഞ വർഷമാണ് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നഹ്്യാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭരണാധികാരികളുടെയും സ്വദേശികളുടെയും പ്രവാസി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ആസൂത്രണം ചെയ്തിരിക്കുന്നത്.
1971 ജൂലൈ 18നാണ് യു എ ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാനും മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും ചേർന്ന് ചരിത്രപരമായ യൂണിയൻ രേഖയിലും ഭരണഘടനയിലും ഒപ്പുവെച്ചത്. തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു എ ഇ) എന്ന രാജ്യത്തിന്റെ പേര് പ്രഖ്യാപിക്കുകയും ഡിസംബർ രണ്ടിന് രാജ്യം ഔദ്യോഗികമായി നിലവിൽ വരികയുമായിരുന്നു. ഈ ചരിത്രപരമായ ദിനത്തിന്റെ ഓർമ പുതുക്കുന്നതിനാണ് ജൂലൈ 18 ദേശീയ ദിനമായി പ്രഖ്യാപിച്ചത്.
ഈ വർഷം രാജ്യം രൂപീകൃതമായതിന്റെ 54-ാം വർഷത്തിലാണ് യു എ ഇ ഉള്ളത്. ഡിസംബർ രണ്ടിന് ആഘോഷിക്കുന്ന ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം), നവംബർ മൂന്നിനുള്ള ഫ്ലാഗ് ഡേ (പതാക ദിനം), ഡിസംബർ ഒന്നിനുള്ള രക്തസാക്ഷി ദിനം (കമ്മെമൊറേഷൻ ഡേ) എന്നിവക്ക് ശേഷം യു എ ഇ പ്രഖ്യാപിച്ച നാലാമത്തെ വലിയ ദേശീയ ദിനമാണിത്.
യൂണിയൻ പ്ലെഡ്ജ് ഡേ പ്രമാണിച്ച് യു എ ഇയിലെ സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സ്വകാര്യ മേഖലകളിലും പതാക ഉയർത്തൽ ചടങ്ങുകൾ നടക്കും. ഇതിന്റെ ഭാഗമായി സായിദ് നാഷണൽ മ്യൂസിയത്തിൽ പൈതൃക കലാപ്രകടനങ്ങൾ, കഥപറച്ചിൽ, പ്രത്യേക ശിൽപ്പശാലകൾ, കമ്മ്യൂണിറ്റി അനുഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ പരിപാടികൾ ഈ വാരാന്ത്യത്തിൽ ഒരുക്കിയിട്ടുണ്ട്. നഗരങ്ങളും പ്രധാന കേന്ദ്രങ്ങളും ദേശീയ പതാകയുടെ വർണങ്ങളാൽ അലങ്കരിച്ചാണ് രാജ്യം ഈ ചരിത്ര മുഹൂർത്തത്തെ വരവേൽക്കുന്നത്.
Content Highlights:
The UAE is widely celebrating its historic Union Pledge Day reflecting national unity and cultural heritage. The day marks July 18, 1971, when the founding fathers signed the union document and constitution. Major flag hoisting ceremonies and cultural events are organized at the Zayed National Museum.

