National
സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി; സമരം ഏറ്റെടുത്ത് അഭിജീത് ദീപ്കെ
തന്റെ അനുവാദം കൂടാതെ വാങ്ചുകിന് ഒരു മരുന്നും നല്‍കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി. സമര വേദിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
നിരാഹാരം 21 ദിവസത്തിലേക്കു കടന്ന സാഹചര്യത്തില്‍ സോനം വാങ്ങ്ചുക്കിന്റെ ജീവന്‍ അപകടത്തിലായിരുന്നു. സി ജെ പിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എസ് എഫ് ഐ, ഐസ, എന്‍ എസ് യു എന്നീ സംഘടനകള്‍ നടത്തുന്ന സമര കേന്ദ്രവും ഒഴിപ്പിക്കാന്‍ പോലീസ് നീക്കം നടക്കുന്നുണ്ട്.
ശരീരം ദുര്‍ബലമാണെങ്കിലും തനിക്ക് ആന്തരികമായ കരുത്തുണ്ട് എന്നു പ്രഖ്യാപിച്ച വാങ്ചുക്കിന്റെ സമരം 21 ാം ദിവസത്തിലേക്കു കടക്കുമ്പോഴാണ് അറസ്റ്റു ചെയ്തു നീക്കിയത്. അപ്രതീക്ഷിതമായി വേദിയലേക്കെത്തിയ അധികൃതര്‍ വെള്ള ബെഡ്ഷീറ്റ് കൊണ്ട് സോനത്തെ മറച്ച ശേഷം ആംബുലന്‍സിലേക്കു മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സി ജെ പി സമരത്തിന്റെ നായകന്‍ അഭിജിത് ദീപ്‌കെ വീട്ടു തടങ്കലിലാണ്.
സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം ഏറ്റെടുത്ത് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതായി ദീപ്കെ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഡല്‍ഹി പോലീസ് തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മര്‍ദനമേറ്റെന്നും ദീപ്കെ പറഞ്ഞു.സമരരംഗത്തു നിന്ന് ആരും പിന്തിരിയരുതെന്നും മുന്നോട്ട് പോകണമെന്നും അഭിജീത് ദീപ്കെ ആഹ്വാനം ചെയ്തു. വലിയ അബദ്ധമാണ് പൊലീസ് കാണിച്ചിരിക്കുന്നത്. സമരത്തെ പിന്തുണക്കുന്നവരെല്ലാം ജന്തര്‍ മന്തറിലേക്കെത്തണം. ജൂലൈ 20ലെ സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിശ്ചയിച്ച പോലെ നടക്കുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.
വാങ്ചുക്കിനെ നിലവില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ ആരോഗ്യനില അങ്ങേയറ്റം വഷളായിരിക്കുകയാണ്. തന്റെ അനുവാദം കൂടാതെ വാങ്ചുകിന് ഒരു മരുന്നും നല്‍കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ ആവശ്യപ്പെട്ടു.
ഡല്‍ഹി ജന്തര്‍ മന്തറില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി പോലീസ് മുന്നോട്ട് പോവുകയാണ്. സമരക്കാര്‍ ഒഴിയണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.
Content Highlights:
Delhi police forcibly shifted climate activist Sonam Wangchuk to a hospital from Jantar Mantar. His indefinite hunger strike demanding constitutional safeguards for Ladakh reached its 21st day. Authorities are also moving to clear nearby solidarity protest venues held by student organizations.




