Kerala
ഡൽഹി-മുംബൈ എക്സ്പ്രസ്വേയിൽ കാറപകടം; രണ്ട് പേർ മരിച്ചു
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹരിയാനയിലെ നൂഹ് ജില്ലയിലെ ഫിറോസ്പൂർ ഝിർക്കയ്ക്ക് സമീപമായിരുന്നു അപകടം.
നൂഹ്| ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഹരിയാനയിലെ നൂഹ് ജില്ലയിലെ ഫിറോസ്പൂർ ഝിർക്കയ്ക്ക് സമീപമായിരുന്നു അപകടം.
ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന കാർ സൈമിർ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ കൈവരി തകർത്ത് കൾവർട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.
മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും മണ്ഡിഖേരയിലെ അൽ ആഫിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങളോ സ്വദേശമോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എഎസ്ഐ സഞ്ജിത് അറിയിച്ചു.
Content Highlights: Two people died and three others were injured when a car travelling from Delhi to Jaipur crashed into a culvert on the Delhi-Mumbai Expressway in Nuh. Police suspect the driver fell asleep near Saimir village, causing the vehicle to lose control and hit the barrier. The injured were admitted to Al Afia Hospital in Mandikhera while police continue identification and investigation.


