Connect with us

Kerala

എഥനോൾ പരിശോധന: ശുദ്ധമായ പെട്രോളിനായി കേന്ദ്രത്തെ മൂന്നാം തവണയും സമീപിച്ച് സംസ്ഥാന സർക്കാർ

നേരത്തേ നൽകിയ രണ്ട് കത്തുകളിലും മറുപടിയോ നടപടിയോ ഉണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും കേന്ദ്രത്തിന്റെ സഹായം തേടിയത്.

Published

|

Last Updated

തിരുവനന്തപുരം| പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ കൃത്യമായ അളവ് കണ്ടെത്തുന്നതിനും ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് മൂന്നാം തവണയും കത്തയച്ചു. നേരത്തേ നൽകിയ രണ്ട് കത്തുകളിലും മറുപടിയോ നടപടിയോ ഉണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും കേന്ദ്രത്തിന്റെ സഹായം തേടിയത്.

എഥനോൾ കലരാത്ത പെട്രോൾ ഉപയോഗിച്ച് താരതമ്യ പരിശോധന നടത്തിയാൽ മാത്രമേ നിലവിൽ വിപണിയിൽ ലഭിക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ അളവും അതുമൂലമുണ്ടാകുന്ന രാസമാറ്റങ്ങളും കൃത്യമായി വിലയിരുത്താൻ കഴിയൂവെന്ന് സംസ്ഥാന സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനായി കേന്ദ്രത്തിന് കീഴിലുള്ള എണ്ണക്കമ്പനികൾക്ക് ആവശ്യമായ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് സംസ്ഥാന സർക്കാർ പരിശോധനയ്ക്ക് തുടക്കമിട്ടത്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി വിവിധ പെട്രോൾ പമ്പുകളിൽനിന്ന് സർക്കാർ നേരിട്ട് ഇന്ധന സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഇവയിലെ എഥനോളിന്റെ കൃത്യമായ അളവും മറ്റ് രാസമാറ്റങ്ങളും കണ്ടെത്തുന്നതിന് ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്തുള്ള പരിശോധന ആവശ്യമാണ്.

ആവശ്യമായ സാമ്പിളുകൾ നൽകാമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പരിശോധനകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രത്തിന്റെ ഇടപെടൽ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായി നിലവിൽ രാജ്യത്ത് 15 മുതൽ 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോളാണ് വിതരണം ചെയ്യുന്നത്.

Content Highlights: The Kerala government has written to the central government for the third time requesting pure petrol to accurately measure ethanol content and chemical changes. Earlier requests received no response, and oil companies backed out of providing samples after initial assurances. The state aims to address widespread complaints of vehicle issues caused by 15 to 20 percent ethanol-blended fuel.

Latest