Connect with us

National

കഫ് സിറപ്പ് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു; പത്ത് പേർക്ക് അസുഖം

സുരക്ഷിതത്വം തെളിയിക്കാൻ സിറപ്പ് കഴിച്ച ഡോക്ടർ എട്ട് മണിക്കൂർ അബോധാവസ്ഥയിൽ

Published

|

Last Updated

ജയ്പൂർ | രാജസ്ഥാൻ സർക്കാരിന് വേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് കുട്ടികൾ മരിക്കുകയും പത്തിലധികം പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി റിപ്പോർട്ട്. സിറപ്പ് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഒരു ഡോക്ടർ ഇത് കഴിച്ചതിനെ തുടർന്ന് അദ്ദേഹം അബോധാവസ്ഥയിലാവുകയും എട്ട് മണിക്കൂറിന് ശേഷം കാറിൽ കണ്ടെത്തുകയും ചെയ്തു.

ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സംയുക്തം അടങ്ങിയതും കെയ്‌സൺ ഫാർമ എന്ന കമ്പനി നിർമ്മിച്ചതുമായ കഫ് സിറപ്പിന്റെ ചില ബാച്ചുകളിലുള്ള മരുന്നാണ് മരണക്കെണിയൊരുക്കിയത്. മരുന്ന് കഴിച്ച് മണിക്കൂറുകൾക്കകം അഞ്ച് വയസ്സുകാരനായ നിതീഷ് മരിച്ചതോടെയാണ് സംഭവം ആദ്യം പുറത്തറിയുന്നത്.

രാജസ്ഥാനിലെ സിക്കർ സ്വദേശിയാണ് നിതീഷ്. കുട്ടിക്ക് ചുമയും ജലദോഷവും വന്നതിനെ തുടർന്ന് ഞായറാഴ്ച രാത്രി മാതാപിതാക്കൾ ചിരാനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി എച്ച് സി) കൊണ്ടുപോയി. അവിടെ വെച്ച് ഡോക്ടർ കഫ് സിറപ്പ് എഴുതി നൽകി. രാത്രി 11.30ന് മാതാവ് ഈ മരുന്ന് കുട്ടിക്ക് കഴിക്കാൻ നൽകി. പുലർച്ചെ 3 മണിക്ക് നിതീഷ് എഴുന്നേൽക്കുകയും തുടർന്ന് മാതാവ് വെള്ളം കൊടുത്ത് ഉറക്കുകയും ചെയ്തു. ഇതിന് ശേഷം രാവിലെയായിട്ടും കുഞ്ഞ് ഉണരാതിരുന്നതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നിതീഷിന്റെ മരണ വിവരം പുറത്തുവന്നപ്പോഴാണ് സെപ്റ്റംബർ 22-ന് കഫ് സിറപ്പ് കഴിച്ച് മരിച്ച രണ്ട് വയസ്സുകാരന്റെ മാതാപിതാക്കൾക്ക് യഥാർത്ഥ മരണകാരണം മനസ്സിലായത്. രണ്ട് വയസ്സുകാരനായ സംരാട് ജാടവ്, സഹോദരി സാക്ഷി, കസിൻ വിരാട്ട് എന്നിവർക്ക് ഈ മാസം ആദ്യം ചുമയും ജലദോഷവും ബാധിച്ചിരുന്നു. സംരാടിന്റെ മാതാവായ ജ്യോതി സെപ്റ്റംബർ 22-ന് പ്രാദേശിക പബ്ലിക് ഹെൽത്ത് സെന്ററിൽ പോവുകയും അവിടെ നിന്ന് കെയ്‌സൺ ഫാർമ നിർമ്മിച്ച അതേ കഫ് സിറപ്പ് വാങ്ങുകയും ചെയ്തു.

ഉച്ചയ്ക്ക് 1.30-ന് ജ്യോതി സംരാടിനും സാക്ഷിക്കും വിരാട്ടിനും സിറപ്പ് നൽകി. എന്നാൽ, അഞ്ച് മണിക്കൂറിന് ശേഷവും മൂന്ന് കുട്ടികളും ഉണരാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. അവർ കുലുക്കി വിളിച്ചപ്പോൾ സാക്ഷിയും വിരാട്ടും ഉണരുകയും ഉടൻ തന്നെ ഛർദ്ദിക്കുകയും ചെയ്തു, പക്ഷേ സംരാട് അബോധാവസ്ഥയിൽ തന്നെ തുടർന്നു.

തുടർന്ന് സംരാടിനെ ഭരത്പൂരിലെ ആശുപത്രിയിലേക്ക് എത്തിക്കുകയും പിന്നീട് ജയ്പൂരിലെ ജെ കെ ലോൺ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു, അവിടെ വെച്ച് സെപ്റ്റംബർ 22-ന് അവൻ മരിക്കുകയായിരുന്നു.

Latest