Connect with us

editorial

ലോകകപ്പിന്റെ നിറംകെടുത്തുന്ന ട്രംപിസം

ട്രംപ് മുന്നോട്ടുവെക്കുന്ന തീവ്രദേശീയതാവാദം ആഗോള സമാധാനത്തിന് കടുത്ത ഭീഷണിയാണ്. കായിക രംഗത്തെ പോലും വംശീയ ധ്രുവീകരണത്തിനും രാഷ്ട്രീയ കാര്യലാഭങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിനെതിരെ "ഫിഫ' പോലുള്ള അന്താരാഷ്ട്ര കായിക സംഘടനകള്‍ ശക്തിയായി പ്രതികരിക്കേണ്ടതുണ്ട്.

Published

|

Last Updated

ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാകുകയാണ്. കേവലം ഒരു കായിക മത്സരമല്ല, ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജനതയെ ഒരൊറ്റ പന്തിലേക്ക് ആവാഹിക്കുന്ന അതിരുകളില്ലാത്ത സ്‌നേഹവും സാഹോദര്യവും വിളംബരം ചെയ്യുന്ന മാമാങ്കമാണിത്. രാഷ്ട്രം, മതം, വര്‍ഗം, വര്‍ണം, ഭാഷ, ദേശീയത തുടങ്ങിയ വേര്‍തിരിവുകളെ അതിജീവിച്ച് ലോകജനതയെ ഒരുമിപ്പിക്കുന്ന മഹോത്സവം. എന്നാല്‍ ഇതിന്റെ പൊലിമക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തവണത്തെ ഫിഫ കപ്പിന് ആതിഥേയത്വം വഹിക്കുന്ന അമേരിക്കയില്‍ നിന്ന് പുറത്തുവരുന്ന ചില വാര്‍ത്തകള്‍.

ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോമാലിയന്‍ റഫറി ഉമര്‍ അബ്ദുല്‍ ഖാദറിന് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചു. ഇറാഖ് സ്‌ട്രൈക്കറും ടീം ക്യാപ്റ്റനുമായ അയ്മന്‍ ഹുസൈനെ ചിക്കാഗോ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇറാഖ് ദേശീയ ടീമിന്റെ ഫോട്ടോഗ്രാഫര്‍ തലാല്‍ സ്വലാഹിനെ പത്ത് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം തിരിച്ചയച്ചു. സെനഗലിലെയും ഉസ്ബക്കിസ്ഥാനിലെയും ഔദ്യോഗിക പ്രതിനിധികളോട് അമേരിക്കന്‍ പോലീസിന്റെ മോശമായ പെരുമാറ്റം തുടങ്ങി ലോകകപ്പുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ഏഷ്യന്‍- ആഫ്രിക്കന്‍ കളിക്കാരോടും മാധ്യമ പ്രവര്‍ത്തകരോടും കടുത്ത വംശീയ- കുടിയേറ്റ വിരുദ്ധത പ്രകടമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സുരക്ഷാ നയങ്ങളുടെയും കുടിയേറ്റ നിയന്ത്രണങ്ങളുടെയും ഭാഗമെന്നാണ് ഈ നടപടികളെ അമേരിക്കന്‍ ഭരണകൂടം ന്യായീകരിക്കുന്നത്. സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള ഒരു രാജ്യത്തിന്റെ അവകാശം നിഷേധിക്കാവതല്ല. സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. എന്നാല്‍ ലോകകപ്പ് പോലുള്ള ആഗോള കായികമേളയുടെ ഘട്ടത്തില്‍ സുരക്ഷക്കും ആതിഥേയത്വത്തിനുമിടയില്‍ സന്തുലിതാവസ്ഥ പാലിക്കാനും രാഷ്ട്രങ്ങള്‍ ബാധ്യസ്ഥമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന കളിക്കാരോടും മാധ്യമ പ്രവര്‍ത്തകരോടും കാണികളോടും സ്വാഗത മനോഭാവമാണ് ആതിഥേയ രാജ്യത്തില്‍ നിന്ന് പ്രകടമാകേണ്ടത്. ഇതിനു പകരം സംശയത്തിന്റെയും അതിരുകടന്ന നിയന്ത്രണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് ഇതര രാഷ്ട്രക്കാരെ മൂന്നാം തരം പൗരന്മാരായി കാണുന്ന പാശ്ചാത്യ മേധാവിത്വ മനോഭാവത്തിന്റെ പ്രതിഫലനവും കുടിയേറ്റക്കാരെ കുറ്റവാളികളും രാജ്യത്തിനു ഭീഷണിയുമായി ചിത്രീകരിക്കുന്ന ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗവുമാണ്.

ന്യൂയോര്‍ക്ക് മേയര്‍ സഹ്‌റാന്‍ മംദാനി അഭിപ്രായപ്പെട്ടതു പോലെ കുടിയേറ്റക്കാരില്ലാതെ പ്രത്യേകിച്ചും ആഫ്രിക്കന്‍ വംശജരില്ലാതെ എന്ത് ഫുട്‌ബോള്‍? അമേരിക്കന്‍ ദേശീയ ടീമുകളിലടക്കം കുടിയേറ്റക്കാരായ താരങ്ങള്‍ കളിക്കുന്നുണ്ട്. ഫ്രാന്‍സിന്റെയും ഇംഗ്ലണ്ടിന്റെയുമൊക്കെ ലോകകപ്പ് വിജയങ്ങളുടെയും പ്രതാപത്തിന്റെയും ചരിത്രത്താളുകളില്‍ തിളങ്ങി നില്‍ക്കുന്നത് ഒന്നോ രണ്ടോ തലമുറകള്‍ക്ക് മുമ്പ് ആഫ്രിക്കന്‍- അറബ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറി വന്നവരുടെ മക്കളുടെയും പേരമക്കളുടെയും പേരുകളാണ്. ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ നിരവധി ആഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ചരിത്രവും കുടിയേറ്റക്കാരാല്‍ സമ്പന്നമാണ്. കുടിയേറ്റക്കാരെ മാറ്റിനിര്‍ത്തിയാല്‍ ലോകഫുട്‌ബോളിന്റെ പകുതിയിലധികം ചരിത്രം ഇല്ലാതാകും. ഇവിടെയാണ് മംദാനിയുടെ ചോദ്യത്തിന്റെ പ്രസക്തി.

അമേരിക്കയുടെ തന്നെ സാമ്പത്തിക- സാംസ്‌കാരിക അടിത്തറ കെട്ടിപ്പടുത്തത് കുടിയേറ്റക്കാരുടെ വിയര്‍പ്പിലും ചോരയിലുമാണ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിനാളുകളുടെ അധ്വാനവും കഴിവും സംരംഭകത്വവുമാണ് അമേരിക്കന്‍ നാഗരികതയെ രൂപപ്പെടുത്തിയത്. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വ്യവസായ രംഗത്തും കലാ-കായിക രംഗത്തും കുടിയേറ്റക്കാരുടെ സംഭാവനകള്‍ തിട്ടപ്പെടുത്താനാകാത്തതാണ്. ചരിത്രത്തോടുള്ള പുറംതിരിഞ്ഞു നില്‍പ്പാണ് കുടിയേറ്റത്തെ ഭീഷണിയായി മാത്രം കാണുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലവിലെ പ്രവണത.

രൂക്ഷമായ വിര്‍ശമാണ് ലോകകപ്പിലും കുടിയേറ്റ വിരുദ്ധ- വംശീയ നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിനെതിരെ മംദാനി സാമൂഹിക മാധ്യമത്തിലൂടെ നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും കളിക്കാര്‍ക്കും പരിശീലകര്‍ക്കും വിസ നിഷേധിക്കുന്ന ഫെഡറല്‍ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “കുടിയേറ്റക്കാരാണ് ഫുട്‌ബോളിന്റെ യഥാര്‍ഥ ആത്മാവ്. അവരാണ് ലോകകപ്പ് പോലുള്ള വലിയ ആഘോഷങ്ങള്‍ക്കായി അധ്വാനിക്കുന്നതും അത് സാധ്യമാക്കുന്നതും. അവരില്ലാതെ ഫുട്‌ബോള്‍ നിലനില്‍ക്കില്ല. യു എസ് ദേശീയ ടീമിലെ ആറ് അംഗങ്ങള്‍ കുടിയേറ്റക്കാരാണെന്ന വസ്തുത മറക്കരുതെ’ന്നും യു എസ് സര്‍ക്കാറിനെ മംദാനി ഉണര്‍ത്തി.

ട്രംപ് ഭരണകൂടം മുന്നോട്ടുവെക്കുന്ന തീവ്രദേശീയതാ വാദവും “അമേരിക്ക ഫസ്റ്റ്’ നയവും ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും കടുത്ത ഭീഷണിയാണ്. കായിക രംഗത്തെ പോലും വംശീയ ധ്രുവീകരണത്തിനും രാഷ്ട്രീയ കാര്യലാഭങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിനെതിരെ “ഫിഫ’ പോലുള്ള അന്താരാഷ്ട്ര കായിക സംഘടനകള്‍ ശക്തിയായി പ്രതികരിക്കേണ്ടതുണ്ട്.

ലോകത്തിനു മുന്നില്‍ സ്വന്തം സംസ്‌കാരവും ജനാധിപത്യമൂല്യങ്ങളും ആതിഥ്യമര്യാദകളും പ്രകടിപ്പിക്കാനുള്ള അവസരമാണ് ലോകകപ്പ് പോലുള്ള മത്സരങ്ങള്‍ ആതിഥേയ രാജ്യത്തിന് നല്‍കുന്നത്. 1994ലെ ലോകകപ്പും 1996ലെ ഒളിമ്പിക്‌സും അമേരിക്കയുടെ ആഗോള പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചിരുന്നു. ഈ വര്‍ഷത്തെ ലോകകപ്പില്‍ ട്രംപ് ഭരണകൂടം വംശീയ- കുടിയേറ്റ വിവേചനം തുടരുകയാണെങ്കില്‍ അമേരിക്കയുടെ അന്താരാഷ്ട്ര പ്രതിഛായക്ക് അത് ഗുണകരമാകില്ല.

Latest