Connect with us

bear attack

കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്

തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു കരടി ആക്രമിച്ചത്

Published

|

Last Updated

കരടി

നിലമ്പൂര്‍ | കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്ക്. ചാലിയാര്‍ പഞ്ചായത്തിലെ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ വിജയന്റെ മകന്‍ അഖിലിനാണ് (25) പരിക്കേറ്റത്. തേന്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു കരടി ആക്രമിച്ചത്.

ഇയാളെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുകാരായ ഏഴുപേര്‍ക്കൊപ്പം പോകവെ, പ്ലാക്കല്‍ ചോലക്ക് മുകളില്‍ കാഞ്ഞിരപ്പുഴയുടെ ഭാഗത്തെ പന്തീരായിരം ഉള്‍വനത്തിലാണ് സംഭവം. സംഘം കരടിക്ക് മുന്നില്‍ പെടുകയായിരുന്നു. വീണുകിടന്ന മരത്തിനിടയില്‍ പതുങ്ങിയിരുന്ന കരടി മുന്നിലേക്ക് ചാടുകയായിരുന്നു.

എല്ലാവരും മരത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. മരത്തില്‍ കയറുന്നതിനിടെ അഖിലിന്റെ കാലില്‍ കരടി കടിക്കുകയായിരുന്നു. മരത്തില്‍ കയറി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടതായി അഖില്‍ പറഞ്ഞു. നടക്കാന്‍ കഴിയാതെവന്നതോടെ കൂടെയുണ്ടായിരുന്നവര്‍ ചുമലിലേറ്റിയാണ് അഖിലിനെ കാട്ടിലൂടെ ആഢ്യന്‍പാറ ചെക്ക്ഡാമിന് സമീപം എത്തിച്ചത്. ഇവിടെനിന്ന് വാഹനത്തില്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചു.

 

Latest