Kerala
ടോള്‍ പിരിവില്‍ അടിമുടി മാറ്റം വരുന്നു; ജിപിഎസ് വഴി സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോള്‍
. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോള്‍ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്

തിരുവനന്തപുരം | ടോള്‍ പിരിവിന്റെ പതിവ് രീതിയില്‍ അടിമുടി മാറ്റം വരുന്നു. വാഹനങ്ങള്‍ ദേശീയപാതകളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോള്‍ ഈടാക്കാനാണ് തീരുമാനം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോള്‍ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്.നിലവില്‍ രണ്ട് ടോളുകള്‍ക്കിടയില്‍ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോള്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്‌കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റര്‍ കണക്കാക്കി തുക ഈടാക്കാനാണ് ശ്രമം. അങ്ങിനെ വരുമ്പോള്‍ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പുതിയ രീതി വരുന്നതോടെ വാഹനങ്ങള്‍ ടോള്‍ ബൂ്ത്തുകള്‍ക്ക് മുന്നില്‍ കാത്ത് കിടക്കേണ്ടി വരില്ല.
അതേ സമയം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ഗതാഗത നയത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തേണ്ടി വരും. റഷ്യയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ ഇതിന്റെ പഠനങ്ങള്‍ നടക്കുകയാണ്. അധികം വൈകാതെ തന്നെ റിപ്പോര്‍ട്ട് പുറത്തുവിടും.