Connect with us

Editors Pick

ഇന്ന് മഹാത്മാ അയ്യങ്കാളി ഓര്‍മ്മ ദിനം

ജാതീയമായ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ വ്യക്തികളില്‍ പ്രമുഖനാണ് അയ്യങ്കാളി.

Published

|

Last Updated

ക്യകേരളം രൂപപ്പെടുന്നതിനും മുമ്പായിരുന്നു അയ്യങ്കാളിയുടെ ജീവിതകാലം ( 28 ഓഗസ്റ്റ് 1863 – 18 ജൂണ്‍ 1941 ). എങ്കിലും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അദ്ദഹത്തിന്റെ പേരില്ലെങ്കില്‍ അത് പൂര്‍ണ്ണമാകില്ല. അത്രയേറെ മനുഷ്യത്വവിരുദ്ധമായിരുന്നു അക്കാലത്ത് അവര്‍ണ്ണരുടെ ജീവിതം. അന്ന് നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ വ്യക്തികളില്‍ പ്രമുഖനാണ് അയ്യങ്കാളി. സ്വന്തം സമുദായമായ പുലയര്‍തൊട്ട് ദളിത് വിഭാഗങ്ങള്‍ക്കു മുഴുവന്‍ ബാധകമായിരുന്ന അവകാശവിവേചനങ്ങള്‍ അദ്ദേഹത്തെ ക്ഷുഭിതനാക്കി.

സവര്‍ണ്ണരോടൊപ്പം വഴിനടക്കാനോ, വിദ്യ നേടാനോ, ആരാധനകള്‍ക്കോ പോലും അവകാശമില്ലാതിരുന്ന സമൂഹത്തെ സംഘടിപ്പിച്ചും ഈ അനീതികള്‍ക്കെതിരേ സമരം ചെയ്തും നേടിയെടുത്ത അവകാശങ്ങളാണ് ദളിത് സമൂഹത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിയത്. അയ്യങ്കാളിയുടെ വില്ലുവണ്ടി ചരിത്രത്തിലേക്ക് ഓടിച്ചുകയറ്റിയ ഒരു പ്രതീകമാണ്. 1907ല്‍സാധുജന പരിപാലനയോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.

കേരള സ്പാര്‍ട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാം. സവര്‍ണ്ണാഹന്തയുടെ മുകളിലൂടെ ഓടിച്ചുകയറ്റിയ അലങ്കരിച്ചൊരുക്കിയ രണ്ട് കാളകള്‍ വലിച്ച കാളവണ്ടി ജാതിവിവേചനങ്ങളില്ലാത്ത കേരളത്തിന്റെ കുതിപ്പിന് കാരണമായി. ഇന്ന് ഊരൂട്ടമ്പലം ഗവ. യുപി സ്‌കൂള്‍ സ്ഥിതിചെയ്യുന്നിടത്ത് അന്നൊരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു. സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അക്ഷരാഭ്യസനം നടത്തിയിരുന്ന ഓലപ്പുര.

ആ കുടിപ്പള്ളിക്കൂടമായിരുന്ന ചരിത്രം മാറ്റി മറിച്ച സമരത്തിന് അയ്യങ്കാളി തുടക്കം കുറിച്ചത്. പഞ്ചമിയെന്ന ദളിത് ബാലികയെ സ്‌കൂളില്‍ പഠിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 1914-ല്‍ വില്ലുവണ്ടിയില്‍ അയ്യങ്കാളി കണ്ടല കുടിപള്ളിക്കൂടത്തില്‍ എത്തുകയും പഞ്ചമിയെ സ്‌കൂളില്‍ കയറ്റി ഇരുത്തുകയുമായിരുന്നു. ഇതില്‍ കുപിതരായ സവര്‍ണ വിഭാഗങ്ങള്‍ അയ്യങ്കാളിയുമായി സംഘര്‍ഷത്തിലാവുകയും സ്‌കൂളിന് തീയിടുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ദളിതര്‍ ലഹള ആരംഭിക്കുകയും പിന്നീട് തിരുവിതാംകൂറില്‍ ദളിതര്‍ക്ക് പഠനാവകാശം ലഭ്യമാവുകയുമായിരുന്നു.

അയ്യങ്കാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കണിയാപുരം, കഴക്കൂട്ടം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീന മേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യങ്കാളി ആരാധ്യ പുരുഷനായി. അദ്ദേഹത്തിന് മഹാത്മാ എന്ന വിശേഷണം കിട്ടിയത് അങ്ങനെയാണ്.

1911 ഡിസംബര്‍ 5 ന് മഹാത്മാ അയ്യങ്കാളിയെ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ മഹാത്മാ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു. നാല്‍പതു വയസു മുതല്‍ അയ്യന്‍കാളി കാന്‍സര്‍ രോഗബാധിതന്‍ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. 1941 ജൂണ്‍ 18-ാം തിയതി ബുധനാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അയ്യങ്കാളിയുടെ പേര് എന്നും ഓര്‍മ്മിക്കപ്പെടും.

 

 

 

Latest