Ongoing News
യു എ ഇയില്‍ വാരാന്ത്യത്തില്‍ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത
മിതമായത് മുതല്‍ ഇടയ്ക്കിടെ തീവ്രമായ കാറ്റ് വീശും. പൊടിയും മണലും കലരുന്നത് തിരശ്ചീന ദൃശ്യപരതയെയും ബാധിച്ചേക്കാം.

അബൂദബി | യു എ ഇയില്‍ അടുത്ത ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയും താപനിലയില്‍ കുറവും ഉണ്ടാകുമെന്ന് അധികൃതര്‍. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കുമായി പ്രതികരണ ടീമുകള്‍ പൂര്‍ണമായി സജ്ജമാണെന്ന് ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് മീറ്റിംഗുകള്‍ നടക്കുന്നുണ്ടെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) പ്രകാരം വെള്ളിയാഴ്ച രാവിലെ വരെ അന്തരീക്ഷം മേഘാവൃതമായിരിക്കും. വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെയാകെ കാലാവസ്ഥാ മാറ്റം ബാധിക്കുകയും ശനിയാഴ്ച അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യും. മിതമായത് മുതല്‍ ഇടയ്ക്കിടെ തീവ്രമായ കാറ്റ് വീശും. പൊടിയും മണലും കലരുന്നത് തിരശ്ചീന ദൃശ്യപരതയെയും ബാധിച്ചേക്കാം.
പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ മുതല്‍ വടക്കും കിഴക്കും ഉള്‍പ്പെടെ ഈ കാലാവസ്ഥ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ താമസക്കാരോട് അഭ്യര്‍ഥിച്ചു.
ഇന്ന് പുലര്‍ച്ചെ, അബൂദബി, അല്‍ ഐന്‍ ഉള്‍പ്പെടെ രാജ്യത്തെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.