Connect with us

Kerala

മൂന്ന് രൂപ കൂടുതല്‍ വാങ്ങി; കോട്ടയത്ത് സൂപ്പർ മാര്‍ക്കറ്റിന് 10,000 രൂപ പിഴ

പാക്കറ്റില്‍ പ്രിന്റ് ചെയ്തതിനേക്കാള്‍ അധികമായ വില ഈടാക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

Published

|

Last Updated

കോട്ടയം | ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്കു എം ആര്‍ പിയേക്കാള്‍ മൂന്നുരൂപ കൂടുതല്‍ ഈടാക്കിയ ചങ്ങനാശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഉപഭോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. മാമ്മൂട് സ്വദേശി വിനോദ് ആന്റണിയുടെ പരാതിയിലാണ് നടപടി.

2021 സെപ്റ്റംബറിലാണ് വിനോദ് ചങ്ങനാശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കെ എല്‍ എഫിന്റെ ഒരു ലിറ്റര്‍ വെളിച്ചെണ്ണ വാങ്ങിയത്. വെളിച്ചെണ്ണ പാക്കറ്റില്‍ 235 രൂപയാണ് എം ആര്‍ പിയായി പ്രിന്റ് ചെയ്തിരുന്നത്. എന്നാല്‍ വിനോദിൽ നിന്ന് 238 രൂപ ഈടാക്കിയെന്നാണ് പരാതി. അധികവില ഈടാക്കിയത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് വിശദമായ തെളിവെടുപ്പിനു ശേഷം കമ്മിഷന്‍ വിലയിരുത്തി. പാക്കറ്റില്‍ പ്രിന്റ് ചെയ്തതിനേക്കാള്‍ അധികമായ വില ഈടാക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

അധികം വാങ്ങിയ മൂന്നു രൂപ 2021 സെപ്റ്റംബര്‍ ഏഴു മുതലുള്ള ഒമ്പത് ശതമാനം പലിശ സഹിതം തിരികെ നല്‍കാനും നിയമനടപടികള്‍ മൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് 10,000 രൂപ വിനോദ് ആന്റണിക്ക് നല്‍കാനുമാണ് അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റും കെ എം ആന്റോ അംഗവുമായുള്ള തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്.