Kerala
അടൂരിനടുത്ത് പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
പരുക്കേറ്റവരിൽ കണ്ണൂർ സ്വദേശികളായ ദമ്പതികളും

പത്തനംതിട്ട | എം സി റോഡില്‍ അടൂര്‍ മിത്രപുരം അരമനപ്പടിക്ക് സമീപം പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മിനി ടെമ്പോ ഡ്രൈവര്‍ കട്ടപ്പന പുല്ലാന്തിനാല്‍ തോമസ് (57), കണ്ണൂര്‍ ഒറ്റപ്ലാക്കല്‍ അരവിന്ദ് (38), ഭാര്യ കൊട്ടാരക്കര ചെപ്പറ മഹിതാ മന്ദിരത്തില്‍ മഹിമ(26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ജനറൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും കാലുകള്‍ക്കാണ് ഗുരുതര പരുക്കേറ്റത്.
ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. അടൂര്‍ ഭാഗത്ത് നിന്ന് പന്തളം ഭാഗത്തേക്ക് വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ പിക്കപ്പ് വാനും പന്തളം ഭാഗത്ത് നിന്ന് അടൂര്‍ ഭാഗത്തേക്ക് വന്ന മിനി ടെമ്പോയുമാണ് അപകടത്തില്‍പ്പെട്ടത്. അടൂർ അഗ്നിശമന സേനാ സ്റ്റേഷന്‍ ഓഫാസര്‍ വി വിനോദ്കുമാറിൻ്റെ നേതൃത്വത്തില്‍ അസ്സിസ്റ്റൻ്റ് സ്റ്റേഷന്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബി സന്തോഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ഷിബു വി നായര്‍, രഞ്ജിത് ആര്‍ കൃഷ്ണകുമാര്‍, അഭിലാഷ് എസ് നായര്‍, സജാദ്, സന്തോഷ് ജോര്‍ജ്, ഷൈന്‍ കുമാര്‍, ദിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍, ജാക്കി എന്നിവയുടെ സഹായത്തോടെ മിനി മ്പോയുടെ ക്യാബിനില്‍ ഉണ്ടായിരുന്ന സ്ത്രീ ഉള്‍പ്പടെയുള്ള മൂന്ന് പേരെ പുറത്തെത്തിച്ചു. മിനി ടെമ്പോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകട വിവരമറിഞ്ഞ് അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.