Connect with us

Ongoing News

രണ്ട് ദിവസത്തിനിടെ സൂര്യാതപമേറ്റത് മൂന്ന് പേർക്ക്

പാലക്കാട്ട് താപനില 38.5 ഡിഗ്രി സെല്‍ഷ്യസ്; ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം

Published

|

Last Updated

പാലക്കാട് | ജില്ലയില്‍ താപനില ഉയരാന്‍ തുടങ്ങിയതോടെ സൂര്യാതപമേറ്റ് പരുക്കേൽക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ജില്ലയില്‍ ഇന്നലെ താപനില 38.5 ഡിഗ്രി സെല്‍ഷ്യസാണ്. ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അതിരാവിലെ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകല്‍ 11ഓടെ ചൂട് കൂടുകയാണ്. ജില്ലയില്‍ സൂര്യാതപമേറ്റ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പശു, അടക്കമുള്ള വളര്‍ത്തുമൃഗങ്ങളും നേരിട്ട് ചൂടേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മൃഗസംരക്ഷണവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരിട്ട് വെയിലേല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ശരീരത്തിലെ ചുട് ക്രമാതീതമായി ഉയരുക, ശരീരം ചുവന്നു വരിക, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ് എന്നിവയും ബോധക്ഷയവുമാണ് ലക്ഷണങ്ങള്‍. ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

ധാരാളം വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ പകല്‍ 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയാക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്, വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക, കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ചെത്തല്ലൂരിൽ ജോലി സ്ഥലത്ത് യുവാവിന് സൂര്യാതപമേറ്റു. തിരുവിഴാംകുന്നിലെ പാറപ്പുറത്ത് യൂസുഫിന്റെ മകന്‍ റാഫിഖിനാണ് (31) ഇന്നലെ ഉച്ചക്ക് ഒന്നോടെ സൂര്യാതപമേറ്റത്. കോണ്‍ട്രാക്ടറായ ഇദ്ദേഹം കോണ്‍ക്രീറ്റ് ജോലികള്‍ പരിശോധിക്കുന്നതിനിടെ കഴുത്തില്‍ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, സ്വകാര്യ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് അറിഞ്ഞത്. കഴുത്തില്‍ രണ്ടിടത്തായി പൊള്ളലേറ്റിട്ടുണ്ട്.

---- facebook comment plugin here -----

Latest