Saudi Arabia
ഈ വര്‍ഷത്തെ ഹജ്ജ് വിജയകരം; അടുത്ത വര്‍ഷത്തേതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു
പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് വാര്‍ഷിക ഹജ്ജ് സമാപന ചടങ്ങ് നടത്തി.

മക്ക | ഈ വര്‍ഷത്തെ ഹജ്ജ് വിജകരമെന്ന് സഊദി അറേബ്യ മക്ക പ്രവിശ്യാ ഡെപ്യൂട്ടി അമീറും ഹജ്ജ്-ഉംറ കമ്മിറ്റി വൈസ് ചെയര്‍മാനുമായ സഊദി ബിന്‍ മിഷാല്‍ രാജകുമാരന്‍ അറിയിച്ചു. മക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സുരക്ഷ, ആരോഗ്യം, സേവനവുമായി ബന്ധപ്പെട്ട യാതൊരു അനിഷ്ട സംഭവങ്ങളും ഈ വര്‍ഷം റിപോര്‍ട്ട് ചെയ്തിട്ടില്ല. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനപരമായും കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കിയ പ്രവര്‍ത്തന പദ്ധതികളുടെ വിശിഷ്ട നിര്‍വഹണത്തിന് സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ എന്നിവരുടെ പ്രത്യേക അഭിനനന്ദം അറിയിക്കുകയും ചെയ്തു.
പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മക്കയിലെ മന്ത്രാലയ ആസ്ഥാനത്ത് വാര്‍ഷിക ഹജ്ജ് സമാപന ചടങ്ങ് നടത്തി. തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളിലെ മികവിനുള്ള ലബൈതും അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. നിലവിലെ ഹജ്ജ് സീസണില്‍ മികച്ച സേവനങ്ങള്‍ നല്‍കിയതിന് നിരവധി തീര്‍ഥാടന കാര്യ ഓഫീസുകളുടെയും ലാഭേച്ഛയില്ലാത്ത സംഘടനകളുടെയും ശ്രമങ്ങളെ മിഷാല്‍ രാജകുമാരന്‍ പ്രശംസിച്ചു.
അടുത്ത വര്‍ഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തീര്‍ഥാടന കാര്യ ഓഫീസുകള്‍ക്ക് പ്രാഥമിക ക്രമീകരണ രേഖ ഔദ്യോഗികമായി കൈമാറുന്നതായി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍-റബിയ പ്രഖ്യാപിച്ചു. നേരത്തെയുള്ള കരാറുകള്‍, സ്ഥലം അനുവദിക്കല്‍, സേവന സംയോജനം എന്നിവ പ്രാപ്തമാക്കുന്നതിലൂടെ തീര്‍ഥാടകരുടെ സന്നദ്ധത വര്‍ധിപ്പിക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജയകരമായിരുന്നുവെന്നും, സല്‍മാന്‍ രാജാവിന്റെ പിന്തുണയും മാര്‍ഗനിര്‍ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടവും ഉണ്ടായെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, തീര്‍ഥാടന കാര്യ ഓഫീസുകള്‍ എന്നിവ തമ്മിലുള്ള ശ്രമങ്ങളുടെ സംയോജനം വിജയകരവും സുഗമവുമായ ഹജ്ജ് സീസണ്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതായും മന്ത്രി പറഞ്ഞു.
തീര്‍ഥാടന കാര്യ ഓഫീസുകള്‍ക്ക് അവശ്യ സേവനങ്ങള്‍ മുന്‍കൂട്ടി ഉറപ്പാക്കാന്‍ അനുവദിക്കുന്ന പ്രാഥമിക ക്രമീകരണ രേഖ പുറത്തിറക്കിക്കൊണ്ട് മന്ത്രാലയം അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചതായി അല്‍-റബിയ ചൂണ്ടിക്കാട്ടി.
ഹജ്ജ്, ഉംറ കോണ്‍ഫറന്‍സും എക്‌സിബിഷനും നവംബറില്‍
അടുത്ത ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹജ്ജ്, ഉംറ കോണ്‍ഫറന്‍സും എക്‌സിബിഷനും നവംബറില്‍ നടക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയ പ്രഖ്യാപിച്ചു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനായി നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനും അന്താരാഷ്ട്ര പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താന്‍ പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളെയും എകിബിഷനിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ഹജ്ജ് സീസണില്‍ 2025 ജനുവരിയിലായിരുന്നു ഹജ്ജ് എക്സ്ബിഷന്‍ നടന്നത്. 2026ലെ ഹജ്ജ് സീസണ്‍ നേരത്തെ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുന്നൊരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നത്.