From the print
മോദിയുടെ മൂന്നാം വരവ്; മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളിൽ വർധന
റിപോർട്ട് പ്രസിദ്ധീകരിച്ചത് അസ്സോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്

ന്യൂഡൽഹി | ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്ത് മുസ്‌ലിം വിരുദ്ധ ആക്രമണങ്ങൾ വർധിച്ചതായി റിപോർട്ട്. അസ്സോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ പി സി ആർ) പ്രസിദ്ധീകരിച്ച റിപോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ ഡി എ സർക്കാർ അധികാരമേറ്റതിനു ശേഷം ആൾക്കൂട്ടക്കൊല, വർഗീയ- ആൾക്കൂട്ട ആക്രമണങ്ങൾ, ഭരണകൂട പിന്തുണയോടെ മുസ്‌ലിം വീടുകൾ തകർക്കുന്ന സംഭവങ്ങൾ എന്നിവ കുത്തനെ ഉയർന്നതായി റിപോർട്ടിൽ പറയുന്നു. ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാൻ പോയ സൽമാൻ വോറ(23)യെ ജൂൺ 22ന് ആൾക്കൂട്ടം അക്രമിച്ച് കൊലപ്പെടുത്തി. 18ന് ഉത്തർപ്രദേശിലെ അലിഗഡിൽ 35 കാരനായ ഔറംഗസേബ് എന്ന ഫരീദിനെ ഒരു കൂട്ടം ഹിന്ദുത്വവാദികൾ ആക്രമിച്ച് കൊലപ്പെടുത്തി. ഏഴിന് ഛത്തീസ്ഗഢിലെ റായ്പൂരിൽ പശു സംരക്ഷണത്തിന്റെ പേരിൽ ഉത്തർ പ്രദേശ് സ്വദേശികളായ മൂന്ന് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. പത്ത് ദിവസത്തിനുശേഷം, കൊല്ലപ്പെട്ട വ്യക്തിയുൾപ്പെടെ എട്ട് പേർക്കെതിരെ അലിഗഡ് പോലീസ് കവർച്ചാ കേസ് രജിസ്റ്റർ ചെയ്തു.
തെലങ്കാന, ഒഡിഷ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പിനു ശേഷം വർഗീയ സംഘർഷങ്ങൾ റിപോർട്ട് ചെയ്തു. പശു മാംസം സൂക്ഷിച്ചുവെച്ചെന്നാരോപിച്ച് മധ്യപ്രദേശിലെ മണ്ഡ്‌ലയിൽ നിരവധി മുസ്‌ലിം വീടുകൾ പ്രാദേശിക ഭരണകൂടങ്ങൾ തകർത്തു. രത്‌ലാം ജില്ലയിലുള്ള ജവ്റയിലെ ഒരു ക്ഷേത്രത്തിലേക്ക് പശു മാംസാവശിഷ്ടങ്ങൾ എറിഞ്ഞെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത നാല് മുസ്‌ലിം യുവാക്കളുടെ വീടുകൾ മധ്യപ്രദേശിലെ പ്രാദേശിക അധികാരികൾ പൊളിച്ചുനീക്കി. ഉത്തർപ്രദേശിലെ ലക്നോവിൽ അധികൃത നിർമാണമെന്നാരോപിച്ച് നിരവധി മുസ്‌ലിം വീടുകൾ പൊളിച്ചു നീക്കിയെന്നും എ പി സി ആർ റിപോർട്ടിൽ വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷിച്ചിരുന്ന ബി ജെ പിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മുസ്‌ലിംകൾക്കെതിരെ അക്രമങ്ങൾ വർധിച്ചത്.
നേരത്തേ സി പി എം. പി ബിയും കേന്ദ്ര കമ്മിറ്റിയും മുസ്‌ലിംകൾക്കെതിരെയുള്ള അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പാർട്ടി ഘടകങ്ങളോട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.