National
'സിന്ധു നദിജല കരാറില്‍ പുനരാലോചനയില്ല; ആണവ ഭീഷണി തുടര്‍ന്നാല്‍ സായുധസേന സ്വന്തം ലക്ഷ്യങ്ങള്‍ തീരുമാനിക്കും'
.ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ്

ന്യൂഡല്‍ഹി| ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 79 ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്
ആണവ ഭീഷണി ഇന്ത്യ ഒരിക്കലും അനുവദിക്കില്ല .ഭീകരരും അവരെ സംരക്ഷിക്കുന്നവരും മാനവികതയുടെ ശത്രുക്കളാണ്. സിന്ധു നദീജല കരാറില്‍ വിട്ടുവീഴ്ചയില്ലെന്നും, ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്കുള്ളതാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സിന്ധുനദീ ജലക്കരാറില്‍ ഇനി ഒരുപുനരാലോചനയും ഇല്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മോദി പറഞ്ഞു. മതം ചോദിച്ചാണ് തീവ്രവാദികള്‍ നിഷ്‌കളങ്കരായവരെ കൊലപ്പെടുത്തിയത്. അവരെ പിന്തുണച്ചവര്‍ക്കും തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തിനായി. പഹല്‍ഗാമില്‍ ഭീകരവാദികള്‍ ഭാര്യമാരുടെ മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തി. കുട്ടികളുടെ മുന്നില്‍ അവരുടെ പിതാക്കന്മാരെ കൊലപ്പെടുത്തി. നമ്മുടെ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട മറുപടി നല്‍കി. സൈന്യത്തിനു സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയതെന്നും പ്രധാനമന്ത്രി.
ആണവ ഭീഷണി തുടര്‍ന്നാല്‍, സായുധ സേന സ്വന്തം ലക്ഷ്യങ്ങള്‍ തീരുമാനിക്കും. അവ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ ഉറപ്പാക്കും. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളുടെ മികവ് തെളിഞ്ഞു. ശത്രുവിന്റെ മണ്ണില്‍ കയറി ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും, പാകിസ്താന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു
സ്വാതന്ത്ര്യസമരസേനാനികളെയും ഭരണഘടനാ ശില്‍പികളെയും അനുസ്മരിച്ച പ്രധാനമന്തരി മലയാളിയായ ദാക്ഷയണി വേലായുധനെയും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തുമായി 11,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പൊലീസിനെയും നിയോഗിച്ചു. നഗരത്തിലുടനീളം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ശക്തമാക്കി.