Editorial
പി എം കെയേഴ്‌സിൽ ചോദ്യങ്ങളുണ്ട്; ഉത്തരമോ?
പി എം കെയേഴ്‌സ് നിധി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവ പൊതുജനങ്ങളുടെ ഫണ്ട് തന്നെയാണ്. അതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ജനാധിപത്യ വ്യവസ്ഥയുടെ മര്‍മപ്രധാനമായ ഘടകം അറിയാനുള്ള അവകാശമാണ്. ഭരണകൂടത്തിന്റെ തീരുമാനങ്ങളെയും നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ശേഖരണത്തെയും കൈമാറ്റത്തെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അറിയാന്‍ സാധിക്കണം. പൗരന്മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണം. വിമര്‍ശങ്ങള്‍ക്കും പ്രശംസകള്‍ക്കും ഒരു പോലെ കാതോര്‍ക്കണം. ചോദ്യം ചോദിക്കുന്ന കുട്ടിയെ പുറത്താക്കിയാല്‍ ചോദ്യമില്ലാതാകില്ല. ചോദ്യങ്ങള്‍ക്കുള്ള സാധ്യത നിരാകരിക്കുന്നത് ജനാധിപത്യപരമല്ല. യൂനിയന്‍ സര്‍ക്കാര്‍ നിരന്തരം ചോദ്യങ്ങള്‍ കുഴിച്ചുമൂടുകയാണ്. പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിക്കുന്നിടത്ത് ഈ ജനാധിപത്യവിരുദ്ധ സമീപനം കാണാം. വിവരാവകാശ നിയമത്തിന് പരിധി നിശ്ചയിക്കണമെന്ന നിര്‍ദേശം സാമ്പത്തിക അവലോകന റിപോര്‍ട്ടില്‍ കടന്നുവരുന്നിടത്തും ഇതേ വികലനയം തന്നെയാണ് കാണുന്നത്. പി എം കെയേഴ്‌സ് നിധി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവയെക്കുറിച്ച് പാര്‍ലിമെന്റില്‍ ചോദ്യം അനുവദിക്കില്ലെന്നാണ് പുതിയ ശാഠ്യം.
പി എം കെയേഴ്‌സ് അടക്കമുള്ളവയില്‍ ചോദ്യങ്ങള്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്്‌സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മൂന്ന് ഫണ്ടുകളുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ ലോക്‌സഭയിലെ നടപടിക്രമങ്ങളും നടത്തിപ്പ് പെരുമാറ്റച്ചട്ടങ്ങളും പ്രകാരം അനുവദനീയമല്ലെന്ന് കഴിഞ്ഞ മാസം 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് റിപോര്‍ട്ട്. ഈ മൂന്ന് ഫണ്ടിലുമുള്ളത് ജനങ്ങള്‍ നേരിട്ട് സ്വമേധയാ നല്‍കിയ സംഭാവനയാണെന്നും കേന്ദ്ര സര്‍ക്കാറിന്റെ പൊതുഫണ്ടില്‍ നിന്ന് അതിലേക്ക് തുകയൊന്നും അനുവദിക്കാറില്ലെന്നുമാണ് സര്‍ക്കാറിന്റെ ന്യായീകരണം. അതിനാല്‍, ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കോ ശൂന്യവേളയിലെ പരാമര്‍ശങ്ങള്‍ക്കോ അനുമതി നല്‍കരുതെന്നാണ് നിര്‍ദേശം. പി എം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് എന്നിവ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ പ്രതിരോധ ഫണ്ട് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി ചെയര്‍പേഴ്സണും പ്രതിരോധ, ധനകാര്യ, ആഭ്യന്തര മന്ത്രിമാര്‍ അംഗങ്ങളുമായ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.
എം പിമാര്‍ക്ക് പാര്‍ലിമെന്റില്‍ ചോദ്യങ്ങളുന്നയിക്കണമെങ്കില്‍ അത് ഓരോ സമ്മേളനം തുടങ്ങുന്നതിനും മുമ്പ് നിശ്ചിത തീയതിക്കുള്ളില്‍ ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റിന് എഴുതി നല്‍കിയിരിക്കണം. സെക്രട്ടേറിയറ്റ് അനുവദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുക. നിര്‍ണായകമായ മൂന്ന് ഫണ്ടുകളുടെ കാര്യത്തില്‍ പൗരന്മാരുടെയും എം പിമാരുടെയും അറിയാനുള്ള അവകാശം പൂര്‍ണമായി നിരാകരിക്കപ്പെടുമെന്ന് ചുരുക്കം.
കൊവിഡ് മഹാമാരി മൂലമുണ്ടായ അടിയന്തര സാഹചര്യം നേരിടുന്നതിനായി 2020 മാര്‍ച്ച് 27ന് രൂപവത്കരിച്ച സംവിധാനമാണ് പി എം കെയേഴ്‌സ്. കൊവിഡാനന്തരം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയാണ് പി എം കെയേഴ്‌സ് ഫണ്ടിന്റെ എക്‌സ്- ഒഫീഷ്യോ ചെയര്‍മാന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവര്‍ ഫണ്ടിന്റെ എക്‌സ്- ഒഫീഷ്യോ ട്രസ്റ്റികളാണ്. ഗവേഷണം, ആരോഗ്യം, ശാസ്ത്രം, സാമൂഹിക പ്രവര്‍ത്തനം, നിയമം, പൊതുഭരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ പ്രമുഖരായ മൂന്ന് ട്രസ്റ്റികളെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ടായിരിക്കും. പി എം കെയേഴ്‌സ് ഫണ്ടിലേക്കുള്ള സംഭാവനകള്‍ക്ക് ആദായനികുതി നല്‍കേണ്ടതില്ല. 2013ലെ കമ്പനി ആക്ട് പ്രകാരം കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) ഫണ്ട് പി എം കെയേഴ്‌സിലേക്ക് നല്‍കാനുമാകും. വിദേശ രാജ്യങ്ങളിലെ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാനും സാധിക്കും. ഈ ഘടനയും നിബന്ധനകളും തന്നെ പി എം കെയേഴ്‌സ് നിധി സുതാര്യമല്ലെന്ന ആക്ഷേപമുയര്‍ത്തുന്നതാണ്.
പി എം കെയേഴ്സ് ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീം കോടതി 2020 ആഗസ്റ്റില്‍ വിധിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം ഉന്നയിച്ച ചോദ്യങ്ങള്‍ ഇന്നും പ്രസക്തമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കുന്നതിലെ നടപടിക്രമങ്ങള്‍ എന്താണ്? ഫണ്ട് ശേഖരണം ആരംഭിച്ചതു മുതല്‍ ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കള്‍? ഗുണഭോക്താക്കളില്‍ നിന്ന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ? ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെങ്കില്‍ ഈ സുപ്രധാന ചോദ്യങ്ങള്‍ക്ക് ആരാണ് ഉത്തരം നല്‍കുക?
പൊതുചാരിറ്റബിള്‍ ഫണ്ട് ആയതിനാല്‍ സി എ ജി ഓഡിറ്റ് ആവശ്യമില്ലെന്ന് മറ്റൊരു ഘട്ടത്തില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി എം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് 2023ലാണ്. കൊവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുട്ടികളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പറഞ്ഞ് ആരംഭിച്ച ഈ പദ്ധതിയില്‍ ലഭിച്ച 51 ശതമാനം അപേക്ഷകളും തള്ളിയെന്ന വിവരം വിവിധ സ്വതന്ത്ര ഏജന്‍സികള്‍ പുറത്ത് കൊണ്ടുവന്നിരുന്നു. 613 ജില്ലകളില്‍ നിന്നായി 9,330 അപേക്ഷകള്‍ ലഭിച്ചതില്‍ 4,781ഉം തള്ളി. അപേക്ഷകള്‍ എന്തുകൊണ്ട് തള്ളി എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. 2023 മാര്‍ച്ചിലെ കണക്കനുസരിച്ച് പി എം കെയേഴ്‌സ് ഫണ്ടില്‍ 6,283.7 കോടി രൂപയുടെ നീക്കിയിരിപ്പുണ്ട്.
പി എം കെയേഴ്‌സ് നിധി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി, ദേശീയ പ്രതിരോധ നിധി എന്നിവ പൊതുജനങ്ങളുടെ ഫണ്ട് തന്നെയാണ്. അതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇവിടെ പാര്‍ലിമെന്റംഗങ്ങളുടെ പ്രത്യേക അവകാശത്തിന്റെ പ്രശ്‌നവുമുണ്ട്. ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കാന്‍ മന്ത്രാലയം തീരുമാനിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് ചോദ്യം പരിഗണിക്കുന്നത് തടയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുന്നത്.



