Connect with us

Editorial

യു എസിന്റെ യുദ്ധവെറി നിർവീര്യമാക്കണം

അമേരിക്കൻ മേധാവിത്ത നയത്തോട് എതിർപ്പുള്ള രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നിലയുറപ്പിച്ച് യുദ്ധവെറി നിർവീര്യമാക്കുകയാണ് വേണ്ടത്. അറബ് രാജ്യങ്ങൾ ഇത്തവണ ശരിയായ പാതയിലാണെന്നത് ആശ്വാസകരമാണ്. ചർച്ചയും ഭീഷണിയും ഒരുമിച്ച് പോകില്ല.

Published

|

Last Updated

ഇറാനില്‍ അമേരിക്ക നടത്തുന്ന കുത്തിത്തിരിപ്പുകള്‍ സൈനികാക്രമണത്തിലേക്കും അതുവഴി മേഖലയെയാകെ ബാധിക്കുന്ന യുദ്ധത്തിലേക്കും നീങ്ങിയേക്കുമെന്ന ഭീതിക്കിടെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ ആണവ ചര്‍ച്ചയുടെ ഒരു ഘട്ടം കൂടി നടന്നത്. പശ്ചിമേഷ്യയില്‍ സൈനിക സന്നാഹം ശക്തമാക്കുന്ന അമേരിക്കക്ക് ഇറാനില്‍ വെനസ്വേലയിലെപ്പോലെയൊരു എടുത്തുചാട്ടത്തിന് ധൈര്യം പോരാ. ഇസ്‌റാഈലിന്റെ താളത്തിനൊപ്പിച്ചാകണം ഏത് തീരുമാനവുമെന്ന ശാഠ്യം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ളതിനാല്‍ ചര്‍ച്ച കാര്യമായ ഫലമുളവാക്കുന്നുമില്ല. ഇറാനെ ആക്രമിച്ചാല്‍ കാര്യങ്ങള്‍ കൈയില്‍ നിന്ന് പോകുമെന്ന് യു എസിന് നല്ല ബോധ്യമുണ്ട്. ആത്യന്തിക പോരാട്ടത്തിലേക്ക് ഇറാന്‍ നീങ്ങും. അത് മേഖലയിലെ യു എസ് കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള കനത്ത പ്രത്യാക്രമണത്തില്‍ കലാശിക്കും. ഇസ്‌റാഈലിനെയും ആക്രമിക്കും. അറബ് രാജ്യങ്ങളിലെ യു എസ് സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാകും. ഭീകരമായ യുദ്ധവ്യാപനമാകും സംഭവിക്കുക. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇറാനോടുള്ള കടപ്പാട് പാലിക്കാന്‍ തീരുമാനിച്ചാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും. ഇവയെല്ലാം മുന്‍കൂട്ടി കണ്ടാണ് ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്ക് വരാന്‍ യു എസ് തീരുമാനിച്ചത്. നേരത്തേ മസ്‌കത്തില്‍ നടന്ന പരോക്ഷ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ യു എസിലെയും ഇറാനിലെയും ഉന്നതര്‍ സംസാരിച്ചത്. അതേയമയം, ഇറാനില്‍ ഒരാഴ്ചക്കകം ആക്രമണമുണ്ടാകുമെന്ന് ഉന്നത യു എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ജനീവയിലെ ഒമാന്‍ കോണ്‍സുലേറ്റിലായിരുന്നു ചര്‍ച്ച. ഇറാന്‍ അതിന്റെ ആണവ പരിപാടി പൂര്‍ണമായി ഉപേക്ഷിക്കണമെന്നും സൈനിക സംവിധാനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും യു എസ് നിഷ്‌കര്‍ഷിക്കുന്നു. ഫലസ്തീന്‍, യമന്‍, ലബനാന്‍, സിറിയ തുടങ്ങിയ ഇടങ്ങളില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിക്കണം, ഇസ്‌റാഈലിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം തുടങ്ങിയ നിബന്ധനകളും യു എസ് മുന്നോട്ടുവെക്കുന്നു. ഇവയെല്ലാം പാലിച്ചാല്‍ ഇറാനെതിരായ ഉപരോധം നീക്കും. ആക്രമണപദ്ധതി ഉപേക്ഷിക്കും. ഇറാന്റെ എണ്ണ സമ്പത്ത് സുഗമമായി വ്യാപാരം ചെയ്യാം. ഇതാണ് ട്രംപിന്റെ വാഗ്ദാനം.

ഉപരോധമെന്ന സാമ്പത്തിക ആക്രമണം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഇറാനില്‍ അതുവഴിയുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഈയിടെ അരങ്ങേറിയ ഭരണവിരുദ്ധക്കൊടുങ്കാറ്റിന്റെ യഥാര്‍ഥ കാരണം ഈ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. പ്രക്ഷോഭം ആളിക്കത്തിച്ച് ഭരണം അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചത്. യുദ്ധത്തിലേക്ക് എടുത്തു ചാടണമെന്നോ ഉപരോധം നീങ്ങിക്കിട്ടാനുള്ള അവസരത്തിന് നേരെ മുഖം തിരിഞ്ഞ് നില്‍ക്കണമെന്നോ ഇറാന് താത്പര്യമില്ല. എന്നാല്‍ ചര്‍ച്ചകളില്‍ അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് അട്ടിമറിക്കാനാണ് യു എസ് ശ്രമിക്കുന്നത്. ഇസ്‌റാഈലാണ് ചര്‍ച്ചകള്‍ അട്ടിമറിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈയിടെ ആരോപിച്ചിരുന്നു.

ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാന മാര്‍ഗനിര്‍ദേശങ്ങളില്‍ തത്ത്വത്തില്‍ ധാരണയായെന്ന് അബ്ബാസ് അരാഗ്ചി പ്രതികരിച്ചിട്ടുണ്ട്. അതിനര്‍ഥം കരാര്‍ ആസന്നമാണെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായ കാലത്ത് നിലവില്‍ വന്ന ഇറാന്‍- യു എസ് ആണവ കരാറില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ ഒന്നാം ഊഴത്തില്‍ ഏകപക്ഷീയമായി പിന്‍വാങ്ങുകയായിരുന്നു. അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും താത്പര്യങ്ങള്‍ക്ക് വന്‍ മേല്‍ക്കൈയുള്ള പുതിയ കരാര്‍ സാധ്യമാക്കാനാണ് യുദ്ധസന്നാഹമൊരുക്കി സമ്മര്‍ദമുണ്ടാക്കുന്നത്. യു എസ് എസ് എബ്രഹാം ലിങ്കണ്‍ ഇതിനകം പശ്ചിമേഷ്യന്‍ തീരത്തുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിലയുറപ്പിച്ചിട്ടുള്ള 12 യു എസ് യുദ്ധക്കപ്പലുകള്‍ വേറെയുമുണ്ട്. ഇവയ്ക്ക് പുറമേ എഫ്- 35, എഫ്- 22, എഫ്- 16 എന്നിവ ഉള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നു. മിസൈല്‍നാശിനി കപ്പല്‍ ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും യു എസ് നാവിക സേനയുടെ എം ക്യൂ4 സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഗള്‍ഫ് മേഖലക്ക് മുകളില്‍ പറക്കുന്നതായും ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്ത് വിവിധ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ വിമാനവാഹിനിയായ യു എസ് എസ് ജെറാര്‍ഡ് ആര്‍ ഫോര്‍ഡും കരീബിയന്‍ മേഖലയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് കുതിക്കുകയാണ്. ഇറാനും വെറുതെയിരിക്കുകയല്ല. സൈനിക താവളങ്ങള്‍ ശക്തമാക്കാനും ആയുധങ്ങള്‍ക്ക് പ്രഹര ശേഷി കൂട്ടാനും ഇറാന്‍ തിരക്കിട്ട ശ്രമം നടത്തുന്നു. ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് റഷ്യ, ചൈന, ഇറാന്‍ സംയുക്ത അഭ്യാസം നടത്തിയത് ശക്തമായ സന്ദേശമായിരുന്നു.

യുദ്ധം ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന ദുരന്തമായിരിക്കില്ലെന്നത് ചരിത്രം അടയാളപ്പെടുത്തിയ വസ്തുതയാണ്. ട്രംപിന്റെ തീരുവ നയം താറുമാറാക്കിയ ആഗോള സാമ്പത്തിക രംഗം കൂടുതല്‍ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും. ഹോര്‍മുസ് വഴി എണ്ണഗമനം തടസ്സപ്പെടുന്നതോടെ ഇന്ധന വില കുത്തനെ കൂടും. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധി വിവരാണാതീതമായിരിക്കും. ഗള്‍ഫ് മേഖലയിലുണ്ടാകുന്ന തൊഴില്‍ പ്രതിസന്ധിയും ഇന്ത്യയെ നേരിട്ട് ബാധിക്കും. ഇസ്‌റാഈല്‍ മാത്രമാണ് യുദ്ധം ആഗ്രഹിക്കുന്നത്. ഈ ദുഷ്ടലാക്ക് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാര സംരക്ഷണം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ഇറാന്റെ ബന്ധുരാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കന്‍ മേധാവിത്ത നയത്തോട് എതിര്‍പ്പുള്ള രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി നിലയുറപ്പിച്ച് യുദ്ധവെറി നിര്‍വീര്യമാക്കുകയാണ് വേണ്ടത്. അറബ് രാജ്യങ്ങള്‍ ഇത്തവണ ശരിയായ പാതയിലാണെന്നത് ആശ്വാസകരമാണ്. ചര്‍ച്ചയും ഭീഷണിയും ഒരുമിച്ച് പോകില്ല.

 

---- facebook comment plugin here -----

Latest