Connect with us

ACTRESS ATTACK CASE

അതിജീവിത മുഖ്യമന്ത്രിയെ കാണും

സെക്രട്ടറിയേറ്റിൽ വെച്ചാകും കൂടിക്കാഴ്ച.

Published

|

Last Updated

കൊച്ചി | അതിജീവിത നാളെ മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നാളെ രാവിലെ പത്തിന് സെക്രട്ടറിയേറ്റിൽ വെച്ചാകും കൂടിക്കാഴ്ച. നേരത്തേ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം അതിജീവിത നാടകീയമായി എത്തിയിരുന്നു. കേസില്‍ തുടരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചിരുന്നു.

മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. ഇതിനുള്ളില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടക്കുന്നതിനിടെയാണ് ഇതിനെ ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചത്. ഈ പശ്ചാത്തലത്തിലാണ് അതിജീവിത മുഖ്യമന്ത്രിയെ കാണുന്നത്.

നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തില്‍ എടുത്തു തന്നെയാണ് ആണ് ഇത് വരെ കേസ് നടത്തിയതെന്ന് ഡി ജി പി പറഞ്ഞു. നടി ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗല്‍ഭനായ പ്രോസിക്യൂട്ടറെ വെക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഡി ജി പി അറിയിച്ചു.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ചക്കുള്ളില്‍ സ്റ്റേറ്റ്‌മെന്റ് ഫയൽ ചെയ്യാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹരജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേര്‍ത്തിട്ടില്ല .അവരുടെ അവകാശങ്ങളും തടസ്സപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്നും അന്ന് ആവശ്യമെങ്കില്‍ വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി.