gst
സംസ്ഥാനങ്ങള്‍ ഒന്നിച്ചെതിര്‍ത്തു; പെട്രോളിനും ഡീസലിനും ജി എസ് ടി ഏര്‍പ്പെടുത്തുന്നതില്‍ ചര്‍ച്ച മാറ്റി

ന്യൂഡല്‍ഹി | പെട്രോളും ഡീസലും ജി എസ് ടി പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഒറ്റക്കെട്ടായി എതിര്‍പ്പ് പ്രകടിപ്പിച്ച് സംസ്ഥാനങ്ങള്‍. ഇന്ന് ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. സംസ്ഥാനങ്ങള്‍ ഒന്നിച്ചെതിര്‍ത്തതോടെ ചര്‍ച്ച മാറ്റിവച്ചു. വെളിച്ചെണ്ണയുടെ ജി എസ് ടി നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശവും വിശദമായ പഠനത്തിനായി മാറ്റിവച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വെളിച്ചണ്ണയുടെ നിരക്ക് ഉയര്‍ത്തുന്നതിനെ എതിര്‍ത്തിരുന്നു. ഒരു ലിറ്റര്‍ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് നിലവിലെ അഞ്ച് ശതമാനത്തിന് പകരം 18 ശതമാനം ജി എസ് ടി ചുമത്തണം എന്നായിരുന്നു ശിപാര്‍ശ.
പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് കേരളവും മഹാരാഷ്ട്രയും ഉള്‍പ്പെടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം പ്രതിഷേധവുമായി ഉത്തര്‍ പ്രദേശും രംഗത്തെത്തിയിരുന്നു.