Connect with us

കെയ്‌റോ ഡയറി -8

ത്വൻത്വയിലെ ആത്മജ്ഞാനികൾ

ത്വൻത്വയിലെത്തി. വെള്ളിയാഴ്ചയായതിനാൽ സമയം ഒട്ടും പാഴാക്കാതെ കൃത്യമായി യാത്ര ക്രമീകരിച്ചാണ് മുന്നോട്ട് പോയത്. ആദ്യം പോകേണ്ടത് അഹ്മദ് അൽ ബദവി തങ്ങളുടെ മഖാമിലേക്കായിരുന്നു. പോകുന്ന വഴിയിൽ ഉസ്താദ് പറയുന്നുണ്ടായിരുന്നു: "മഹാനവർകളുടെ അടുത്ത് നല്ല അദബും അച്ചടക്കവും വേണം.' അതുകൊണ്ട് തന്നെ മനസ്സിനെ തികച്ചും ആ മഹാന്റെ സ്മരണയിലേക്ക് തിരിച്ചുവിട്ടു.

Published

|

Last Updated

ചെറുപ്പത്തിൽ ഞായറാഴ്ചകളിലെ അവധിക്ക് വേണ്ടി കാത്തിരിക്കുന്ന അതേ പ്രതീതിയാണ് ഈജിപ്തിലെ വെള്ളിയാഴ്ചകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനും. ഇവിടെ വെള്ളിയാഴ്ചയാണ് പൊതു അവധി. യാത്രകളും സിയാറത്തുകളുമെല്ലാം അന്നാണ് പ്ലാൻ ചെയ്യാറ്. അങ്ങനെ ഒരു വ്യാഴാഴ്ച രാത്രി, പതിവ് പോലെ ഹസ്ബുല്ല സുറൈജി ഉസ്താദ് ചോദിച്ചു: “നാളെ ത്വൻത്വയിൽ പോയാലോ?’ ത്വൻത്വ! കേൾക്കാൻ ഒരു പ്രത്യേക കൗതുകമുള്ള പേര്. ഞങ്ങൾ ഉടനടി സമ്മതം മൂളി. “സമയം കൃത്യമായി ശ്രദ്ധിക്കണം, അല്ലെങ്കിൽ യാത്രയുടെ താളം തെറ്റും,’ ഉസ്താദ് ഒരു മുന്നറിയിപ്പ് നൽകി. അതിരാവിലെയുള്ള യാത്രയിൽ സമയം എത്ര പ്രധാനമാണെന്ന് ആ വാക്കുകളിൽനിന്ന് ഞങ്ങൾ മനസ്സിലാക്കി.

സുബ്ഹി നിസ്‌കാരത്തിനുശേഷം ലഘുവായ പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങി. മുസ്തശ്ഫൽ ഹുസൈൻ (ഹുസൈൻ ഹോസ്പിറ്റൽ) പരിസരത്തുനിന്നാണ് വണ്ടി കയറേണ്ടത്. നേരെ കെയ്‌റോയുടെ ഹൃദയമായ റംസീസ് റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിലാണ് യാത്ര എന്നറിഞ്ഞപ്പോൾ ഉള്ളിൽ ഒരു പ്രത്യേക ആകാംക്ഷ നിറഞ്ഞു. ടിക്കറ്റെടുക്കുമ്പോൾ സമയം പത്തുമണിക്കാണ് ട്രെയിൻ എന്നറിഞ്ഞു. ഒരു മണിക്കൂർ മുമ്പേ എത്തിയതുകൊണ്ട് സ്റ്റേഷന്റെ തിരക്കുകളും ഭംഗിയുള്ള കാഴ്ചകളും ആസ്വദിക്കാൻ സാധിച്ചു. കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു. ആഡംബരം നിറഞ്ഞ ബോഗി! പുഷ്ബാക്ക് സീറ്റ്, എ സി, ഫൂട്ട്‌റെസ്റ്റ്…

ത്വൻത്വയിലേക്ക് ഏകദേശം രണ്ട് മണിക്കൂർ ഓടാനുണ്ട്. പോകുന്ന വഴിയോരങ്ങളിൽ കണ്ട സ്ഥലങ്ങളെക്കുറിച്ചും ലക്ഷ്യസ്ഥലമായ പുണ്യഭൂമിയിലെ മഹാത്മാക്കളെക്കുറിച്ചുമെല്ലാം ഉസ്താദ് വിശദീകരിച്ചു. നാട്ടിലെ ഉസ്താദുമാർ ദുആ ചെയ്യുമ്പോൾ കേൾക്കാറുള്ള പേരുകളായിരുന്നു സയ്യിദ് അഹ്മദ് അൽ ബദവി തങ്ങൾ, ഇബ്്റാഹിം അദ്ദസുഖി തങ്ങൾ എന്നിവരുടേത്. ഖുത്ബുൽ അഖ്താബുകളായ മഹാന്മാരുടെ സന്നിധിയിലേക്കാണ് യാത്രയെന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അവിടെച്ചെന്ന് ഒരുപാട് ദുആ ചെയ്യണമെന്ന് മനസ്സിൽ തീരുമാനിച്ചു.

ത്വൻത്വയിലെത്തി. വെള്ളിയാഴ്ചയായതിനാൽ സമയം ഒട്ടും പാഴാക്കാതെ കൃത്യമായി യാത്ര ക്രമീകരിച്ചാണ് മുന്നോട്ട് പോയത്. ആദ്യം പോകേണ്ടത് അഹ്മദ് അൽ ബദവി തങ്ങളുടെ മഖാമിലേക്കായിരുന്നു. പോകുന്ന വഴിയിൽ ഉസ്താദ് പറയുന്നുണ്ടായിരുന്നു: “മഹാനവർകളുടെ അടുത്ത് നല്ല അദബും അച്ചടക്കവും വേണം.’ അതുകൊണ്ട് തന്നെ മനസ്സിനെ തികച്ചും ആ മഹാന്റെ സ്മരണയിലേക്ക് തിരിച്ചുവിട്ടു. ആയിരക്കണക്കിന് ആളുകൾ പള്ളിയിൽ സജീവമാണ്! ചിലർ ഖുർആൻ പാരായണം ചെയ്യുന്നു, മറ്റു ചിലർ ദിക്‌റുകളിലും ഔറാദുകളിലും മുഴുകിയിരിക്കുന്നു, വേറെ ചിലർ വിശ്രമിക്കുന്നു. ഞങ്ങൾ നേരെ മഖാമിലേക്ക് പോയി. വാങ്കിന് ഇനിയും രണ്ട് മണിക്കൂർ ഉള്ളതുകൊണ്ട് അതുവരെ മഖാമിൽ ഭക്തിയോടെ ചെലവഴിച്ചു. വ്യത്യസ്തമായ ഈണങ്ങളിലുള്ള നശീദകൾ, ബൈത്തുകൾ, ഖിറാഅത്തുകൾ എന്നിവ ഓരോ മൂലയിൽനിന്നും കേൾക്കാം.  ജുമുഅ നിസ്‌കാരശേഷം അവസാന സിയാറത്തും കഴിഞ്ഞ് പുറത്തിറങ്ങി. ചെറിയ രീതിയിൽ ഭക്ഷണവും കഴിച്ച് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു.

അടുത്ത യാത്ര ദസൂഖിലേക്കാണ്. ട്രെയിനിനായുള്ള കാത്തിരിപ്പിനിടയിൽ ഒരു ഈജിപ്ഷ്യൻ പോലീസുകാരനെ പരിചയപ്പെട്ടു. എന്തൊരു മയമുള്ള സംസാരം! ഞങ്ങൾ ഇന്ത്യക്കാരാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന് വല്ലാത്ത ബഹുമാനം. ട്രെയിൻ വന്നു. യാത്ര തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ ഈജിപ്തിലെ മനോഹരമായ ഗ്രാമീണ കാഴ്ചകളാണ് കണ്ണിൽപ്പെട്ടത്. ഇരുവശത്തും പച്ചപ്പുകൾ നിറഞ്ഞിരിക്കുന്നു. ഒരു നിമിഷം ഞാൻ നാട്ടിലെത്തിയോ എന്ന് പോലും തോന്നിപ്പോയി! വ്യത്യസ്ത വിളകൾ, കൃഷിക്കാർ, ഗ്രാമ വാസികൾ… ട്രെയിൻ കടന്നുപോകുമ്പോൾ കുട്ടികൾ കൗതുകത്തോടെ നോക്കി കൈ കാണിക്കുന്നു, മനോഹരമായ കാഴ്ചകൾ.

രണ്ട് മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ ദസൂഖിലെത്തി. ഞങ്ങളെ സ്വീകരിക്കാനായി അവിടെ ഉസ്താദിന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ ഭക്ഷണത്തിനായി കൊണ്ടുപോയി. നല്ല ഈജിപ്ഷ്യൻ ഉച്ചഭക്ഷണം കഴിച്ചു. മഗ്രിബ് നിസ്‌കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയി. ഈജിപ്തിൽ എത്തിയശേഷം ആദ്യമായിട്ടാണ് ഒരു പള്ളിയിൽ ഇമാം നിൽക്കാൻ അവസരം ലഭിച്ചത്. നിസ്‌കാരശേഷം അദ്ദേഹത്തോടൊപ്പം സിയാറത്തിനായി പുറപ്പെട്ടു. പണ്ഡിതലോകം ഖുത്ബുൽ അഖ്താബ് എന്ന് വിശേഷിപ്പിച്ച മഹാനായ സയ്യിദ് ഇബ്്റാഹീം അദ്ദസൂഖി തങ്ങളുടെ മഖാമിലെത്തി.

അവിടെയും തിരുനബി(സ)യുടെ കൈത്തടം സ്പർശിച്ച ഒരു കല്ല് കാണാൻ സാധിച്ചു. അവിടെ വെച്ച് പടച്ചവനിലേക്ക് കരങ്ങൾ ഉയർത്തി പ്രാർഥിച്ചു, സിയാറത്തിന് ശേഷം, സമയം ഏകദേശം രാത്രി എട്ട് മണി കഴിഞ്ഞിരുന്നു. ഈജിപ്തിലെ ലോക്കൽ ടാക്‌സിയായ “അറബിയ്യ വാനി’ൽ കയറി. വണ്ടിയിൽ വെച്ച് മുസ്തഫ അലാം എന്ന ഒരു ഈജിപ്ഷ്യൻ എൻജിനീയറെ പരിചയപ്പെട്ടു. അറബി സംസാരിക്കാനുള്ള ആഗ്രഹം കൊണ്ട് അദ്ദേഹവുമായി നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടു. തിരിച്ചുള്ള ഈ യാത്രയിൽ മൂന്ന് മണിക്കൂർ പോയതറിഞ്ഞില്ല. ആത്മീയ നിർവൃതിയോടെ ഞങ്ങൾ കെയ്‌റോയിൽ തിരിച്ചെത്തി.

 

---- facebook comment plugin here -----

Latest