Connect with us

Kerala

സമ്മേളനം മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; സി പി എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുന്നു: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | സി പി എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊവിഡ് വ്യാപിക്കുമ്പോഴും പാര്‍ട്ടി സമ്മേളന പരിപാടികള്‍ മുഴുവനായി മാറ്റിവക്കാന്‍ സി പി എം തയാറാകുന്നില്ല. ഹൈക്കോടതി വിധി കാസര്‍കോടിന് മാത്രം ബാധകമാണെന്ന് വ്യാഖ്യാനിച്ച് തൃശൂരില്‍ നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ഇന്നും സമ്മേളനം നടത്തി. ഇത് ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാണോ?

സി പി എം സമ്മേളനങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും സതീശന്‍ ചോദിച്ചു. സമ്മേളനം മാറ്റിവച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല. പരസ്യമായി നിയമലംഘനം നടത്തുകയാണ് സംസ്ഥാന സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി. സമ്മേളനം നടത്തുന്നതിലല്ലാതെ കൊവിഡ് നിയന്ത്രിക്കുന്നതില്‍ ഇവര്‍ക്ക് ഒരു താത്പര്യവുമില്ല. ജനത്തെ അവരുടെ വിധിക്ക് വിട്ടു കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ആരോഗ്യ വകുപ്പ് നിശ്ചലമാണ്. ജാഗ്രത പാലിക്കണമെന്ന് പറയുന്നതല്ലാതെ രോഗ നിയന്ത്രണത്തിന് എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി പറയണം. വിദഗ്ധ സമിതിയും രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.