National
പ്രതിഷേധം രൂക്ഷം; ഗുസ്തി ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു
ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് ഒഴിഞ്ഞ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെയാണ് റെസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരെ ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ന്യൂഡൽഹി | പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. അണ്ടർ 15, അണ്ടർ 20 ദേശീയ മത്സരങ്ങൾ ഗോണ്ടയിൽ നടത്തുമെന്ന് ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് സഞ്ജയ് സിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. സഞ്ജയ് സിംഗ് എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കാനും കായിക മന്ത്രാലയം തീരുമാനിച്ചു.
ദേശീയ ഗെയിംഗ് പ്രഖ്യാപിക്കുന്നതിൽ ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഗെയിംഗ് നടത്തുന്നതിനുള്ള തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റി കൈക്കൊള്ളുന്നതിന് മുന്‍പ് ചില നടപടി ക്രമങ്ങളുണ്ടെന്നും ഇതൊന്നും പാലിച്ചില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. 15 ദിവസം മുന്‍പെങ്കിലും പ്രഖ്യാപനം നടത്തേണ്ടതുണ്ടെന്നും സമിതി യോഗം ചേരുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലൈംഗികാരോപണം നേരിട്ടതിനെ തുടർന്ന് ഒഴിഞ്ഞ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിനെയാണ് റെസ്‍ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നത്. ഇതിനെതിരെ ഗുസ്തി താരങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സഞ്ജയ് സിംഗ് പ്രസിഡന്റായാൽ ബ്രിജ് ഭൂഷന്റെ നിയന്ത്രണത്തിൽ തന്നെയാകും ഫെഡറേഷൻ എന്ന ആരോപണമാണ് താരങ്ങൾ ഉയർത്തിയത്.
വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങിയ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങളാണ് പ്രതിഷേധവുമായി എത്തിയിരുന്നത്. സിംഗ് പ്രസിഡന്റായതിന് തൊട്ടുപിന്നാലെ റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഗുസ്തി താരം സാക്ഷി മാലിക് കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബജ്‌റംഗ് പുനിയ പത്മശ്രീ തിരികെ നൽകുകയും ചെയ്തു.