Connect with us

Ongoing News

റാന്നിയില്‍ വീട്ടമ്മയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ കടന്നുകളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു

മലയാലപ്പുഴ ചീങ്കല്‍ തടം ചെറാടി തെക്കേചരുവില്‍ സി ആര്‍ രാഹുല്‍ (26) നെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | വണ്‍വേ ട്രാഫിക്ക് തെറ്റിച്ചു ബൈക്ക് ഓടിച്ചുവന്ന് വീട്ടമ്മയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ കടന്നുകളഞ്ഞയാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ ചീങ്കല്‍ തടം ചെറാടി തെക്കേചരുവില്‍ സി ആര്‍ രാഹുല്‍ (26) നെയാണ് അറസ്റ്റ് ചെയ്തത്.

പുനലൂര്‍-മൂവാറ്റുപുഴ ദേശീയ പാതയില്‍ ജനുവരി 31ന് രാവിലെ 7.58ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുന്‍വശം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചു തെറിപ്പിച്ചത്. വലതുകാലിന്റെ അസ്ഥിക്ക് അഞ്ച് പൊട്ടലുകളുണ്ടായ മറിയാമ്മയെ ആശുപത്രിയില്‍ എത്തിക്കാനോ പോലീസില്‍ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത റാന്നി എസ് ഐ. ശ്രീജിത്ത് ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ അന്വേഷണത്തില്‍ കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ മോട്ടോര്‍ സൈക്കിളാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി. സി സി ടി വി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വര്‍ക്ക് ഷോപ്പുകളും കേന്ദ്രീകരിച്ചു രണ്ടുമാസത്തോളമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

അപകടം സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച പോലീസ്, ഒരാള്‍ നല്‍കിയ സൂചനയിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. എസ് ഐ. ശ്രീജിത്ത് ജനാര്‍ദനനൊപ്പം സി പി ഒമാരായ സുമില്‍, ലിജു, ജോജി, ഷിന്റോ, ആല്‍വിന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

 

Latest