Connect with us

First Gear

നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത് ആളപായ സാധ്യത ഒഴിവാക്കി: മന്ത്രി

Published

|

Last Updated

സീതത്തോട് (പത്തനംതിട്ട) | ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായതിനാലാണ് ഉരുള്‍പൊട്ടലില്‍ ആളപായ സാധ്യത ഒഴിവായതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച പത്തനംതിട്ട കോന്നി മണ്ഡലത്തിലെ സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മിഭവനില്‍ സഞ്ജയന്റെ വീട്, ആങ്ങമൂഴി കോട്ടമണ്‍ പാറ റോഡിലെ പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ മഴ പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറണം. അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇപ്പോഴും ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. ഈ സഹകരണം തുടരണം.

കോന്നിയില്‍ ശനിയാഴ്ച രണ്ടു മണിക്കൂര്‍ കൊണ്ട് പെയ്തത് 7.4 സെന്റീമീറ്റര്‍ മഴയാണ്. ശക്തമായ മഴയിലാണ് ജില്ലയിലെ വനമേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയത്. ആങ്ങമൂഴി കോട്ടമണ്‍ പാറ പാലത്തിന്റെ ടാറിങ് ഇളകിപ്പോകും വിധത്തിലാണ് മഴ പെയ്തത്. പാലത്തിന്റെ ബലം എല്‍ എസ് ജി ഡിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗം ഉടന്‍ പരിശോധിക്കും. പി ഡബ്ല്യൂ ഡി അതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ പ്രമോദ്, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജ്യോതി, കോന്നി തഹസില്‍ദാര്‍ കെ ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സതി കുരുവിള, വസന്ത ആനന്ദന്‍, സി പി എം ഏരിയാ സെക്രട്ടറി എസ് ഹരിദാസ്, കമ്മിറ്റിയംഗം കെ ജി മുരളീധരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ടി എ നവാസ്, കെ കെ മോഹനന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.