Connect with us

Editors Pick

പാർട്ടികൾ ഒറ്റക്കൊറ്റക്ക്; ഇന്ത്യ സഖ്യത്തിൽ പ്രതിസന്ധിയോ?

ഇന്ത്യാ സഖ്യത്തിന്റെ നെടും തൂണായ തൃണമൂലിന്റ അപ്രതീക്ഷിത നീക്കം സഖ്യത്തിന് ആഘാതമേല്‍പ്പിക്കുമെന്നാണു കോണ്‍ഗ്രസ്സ് വിലയിരുത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗാളില്‍ തനിച്ചു മത്സരിക്കുമെന്ന മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം വരാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനു തിരിച്ചടിയാവും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സീറ്റു ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ സഖ്യത്തിനു ആഘാതമേല്‍പ്പിക്കുന്ന തീരുമാനത്തിലേക്കു മമത നീങ്ങിയത്.
ഇന്ത്യാ സഖ്യത്തിന്റെ നെടും തൂണായ തൃണമൂലിന്റ അപ്രതീക്ഷിത നീക്കം സഖ്യത്തിന് ആഘാതമേല്‍പ്പിക്കുമെന്നാണു കോണ്‍ഗ്രസ്സ് വിലയിരുത്തുന്നത്. സീറ്റു വിഭജനം സംബന്ധിച്ച എല്ലാ നിര്‍ദ്ദേശങ്ങളും കോണ്‍ഗ്രസ് തള്ളിയതാണ് ഒറ്റക്കു മത്സരിക്കാനുള്ള തീരുമാനത്തിലേക്കു പോകാന്‍ കാരണമെന്നാണു മമത പറയുന്നത്. ഭാരത് ജോഡോ ന്യായ് യാത്ര നയിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഇത്തരം ചര്‍ച്ചകളെക്കുറിച്ച് അറിവില്ലെന്നാണ് മമത ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമ ബംഗാളിന്റെ പൊതുവായ താല്‍പര്യം ഉയര്‍പ്പിടിക്കുന്നില്ലെന്നാരോപിച്ചു ഇടതുപക്ഷവുമായുള്ള സംഖ്യ സാധ്യതകളെ തൃണമൂല്‍ നേരത്തെ തള്ളിയിരുന്നു. ഇന്ത്യാ സഖ്യവുമായി ചില ഒത്തു തീര്‍പ്പു നിര്‍ദ്ദശങ്ങള്‍ മുന്നോട്ടു വച്ചെങ്കിലും അപമാനിക്കപ്പെട്ടുവെന്ന ചിന്തയോടെയാണ് ഒടുവില്‍ തൃണമൂല്‍ ഒറ്റക്കു മത്സരിക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. മമതയുടെ ഇപ്പോഴത്തെ പ്രഖ്യാപനം തന്ത്രപരമായ നീക്കമാണെന്നാണു നിരീക്ഷകര്‍ കരുതുന്നത്. ബംഗാളില്‍ തൃണമൂലിന്റെ ശക്തി തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്കു തയ്യാറാവുമെന്നാണു മമതയുടെ പ്രതീക്ഷ. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ള ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ നിലപാടിനെതിരെ ശക്തമായി നിലക്കൊള്ളുകയാണ്.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കവുമായി ബി ജെ പി രംഗത്തുവന്നു. കേവലം നരേന്ദ്രമോദി വിരോധത്തിന്റെ പേരില്‍ മാത്രം രൂപപ്പെട്ടതാണ് ഇന്ത്യാ സഖ്യമെന്നും നേതൃദാരിദ്ര്യവും ആശയക്കഴപ്പവുമാണ് അതിന്റെ മുഖമുദ്രയെന്നും ബി ജെ പി വക്താവ് നളിന്‍ കോഹ്‍ലി പറഞ്ഞു. രാഹുല്‍ ഗാന്ധിയും മമതയും തമ്മില്‍ ആശയ വിനിമയമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ബീഹാറില്‍ ലാലു പ്രസാദ് കോണ്‍ഗ്രസ്സുമായി അടുക്കുമ്പോള്‍, ജെ ഡി യു- ആര്‍ ജെ ഡി സീറ്റു ചര്‍ച്ചകള്‍ ആശയക്കുഴപ്പത്തിലായി. കര്‍പ്പൂരി താക്കൂറിനു ഭാരത് രത്‌ന നല്‍കാനുള്ള തീരുമാനത്തോടെ നിതീഷ് കുമാറുമായി അടുക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തുന്നതെന്നു വിലയിരുത്തപ്പെടുന്നു. ആര്‍ ജെ ഡി- കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ പ്രാദേശിക കക്ഷികള്‍ അതൃപ്തരായി കഴിയുകയാണ്. എന്നാല്‍ ചെറുകിട പാര്‍ട്ടികളെ നിര്‍ത്താന്‍ ജെ ഡി യു-ആര്‍ ജെ ഡി കരുത്തിനു കഴിയുമെന്നാണ് ജെ ഡി യു വക്താവ് കെ സി ത്യാഗി പറയുന്നത്.

അതേ സമയം, എ എ പിയും ഇന്ത്യാ സഖ്യത്തിനു ഭീഷണി ഉയര്‍ത്തുന്നു. 13 സീറ്റുകളില്‍ തങ്ങള്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എ എ പി. അരവിന്ദ് കെജ്രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുമായി നടത്തിയ കൂടിക്കാഴ്ച ഇക്കാര്യമാണു വ്യക്തമാക്കുന്നത്. ജെ ഡി യു, എ എ പി എന്നീ പ്രാദേശിക കക്ഷികളുമായുള്ള സഖ്യ ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സിനു വലിയ സമ്മര്‍ദ്ദമാവുമെന്നാണു സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

യു പി യില്‍ 70-72 സീറ്റുകളിലാണ് എസ് പി കണ്ണു വച്ചിരിക്കുന്നത്. 4-5 സീറ്റുകള്‍ കോണ്‍ഗ്രസ്സിനു വിട്ടുനല്‍കാമെന്നും അവര്‍ പറയുന്നു. ഇതോടെ കടുത്ത അസംതൃപ്തിയിലേക്കു നീങ്ങിയ കോണ്‍ഗ്രസ് തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ വിട്ടു തരണമെന്ന നിലപാടിലാണ്. ഇതോടെ യു പി യില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സഖ്യത്തിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണു വ്യക്തമാവുന്നത്.

യു പിയില്‍ മായാവതി ഭാവിയിലെ സഖ്യ സൂചനകള്‍ നല്‍കിയെങ്കിലും, മായാവതിയും അഖിലേഷും തമ്മിലുള്ള വാഗ്വാദങ്ങള്‍ ഇപ്പോള്‍ ബി ജി പിക്കു ഗുണകരമായി തീരുന്ന നിലയിലേക്കാണു പോകുന്നത്. ബി എസ് പി-എസ് പി സഖ്യ സാധ്യതകള്‍ കടുത്ത പ്രതിബന്ധം നേരിടുകയാണ്.

മഹാരാഷ്ട്രയിലും സഖ്യ ചര്‍ച്ചകളിലെ അനിശ്ചിതത്വം പ്രതിപക്ഷ ഐക്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ്. ഓരോ പാര്‍ട്ടിയും സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടെ പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ചുവടുകള്‍ തടസ്സം നേരിടുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തരവാദിത്തപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കുമോ എന്നാണു രാജ്യം ഉറ്റുനോക്കുന്നത്.

 

 

 

Latest