Connect with us

Articles

നീണ്ടുവരുന്നുണ്ട് ലിബറലിസത്തിന്റെ നീരാളിക്കൈകള്‍

ജനാധിപത്യ മര്യാദകള്‍ പാലിക്കുക, വികസന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുക, മതസ്വാതന്ത്ര്യം അനുവദിക്കുക, ഭരണനിര്‍വഹണത്തില്‍ നിഷ്പക്ഷത പാലിക്കുക എന്നതൊക്കെയാണ് മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗം. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പ്രബല മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ സര്‍ക്കാറിനെ പിന്തുണച്ചുവരുന്നത്. എന്തായാലും മതന്യൂനപക്ഷങ്ങളുടെ പിന്തുണ ലിബറലിസത്തിലൂടെ സ്വന്തമാക്കാമെന്ന് കരുതുന്നത് വിപരീത ഫലമായിരിക്കും വരുത്തിവെക്കുക, തീര്‍ച്ച.

Published

|

Last Updated

ലിബറലിസം- ഉദാരതാവാദം, പതിനാറ്- പതിനേഴ് നൂറ്റാണ്ടുകളില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ, സാമ്പത്തിക ചിന്താധാരയെയാണ് ഈ പദം അടിസ്ഥാനപരമായി പ്രതിനിധാനം ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെയും തുല്യാവകാശത്തിന്റെയും പ്രാധാന്യത്തിലൂന്നിയുള്ള ഒരാശയമായിട്ടാണ് ലിബറലിസം ഉടലെടുത്തത്.

യൂറോപ്യന്‍ നവോത്ഥാന കാലത്ത് സഭകളുടെ അധികാരങ്ങളെയും ജന്മിമാരുടെ കുടിയാന്മാരോടുള്ള ക്രൂരതകളെയും രാജാക്കന്മാരുടെ ദൈവദത്താധികാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് ലിബറലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ജോണ്‍ ലോക്ക് ഈ ആശയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അധികാര, സാമ്പത്തിക അസമത്വത്തിനെതിരെയുള്ള ചിന്താ വിപ്ലവമെന്ന നിലക്ക് ഈ ആശയധാരക്ക് നല്ല സ്വാധീനം ലഭിച്ചു.
ഈ ആശയം പിന്നീട് പല ധാരകളായി വളര്‍ന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ പ്രചാരം നേടിയ ക്ലാസ്സിക്കല്‍ ലിബറലിസവും ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത നവ ഉദാരതാവാദവും (സാമൂഹിക ഉദാരതാവാദം) ഇവയില്‍ പ്രധാനമാണ്. നവ ലിബറലിസം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സമ്പൂര്‍ണ സ്വതന്ത്രവാദമായും സ്വതന്ത്രവാദികള്‍ക്ക് ഭരണമുള്ളിടങ്ങളില്‍ മതനിരാസ വാദവുമായി പരിണമിച്ചിരിക്കുകയാണ്. പൗര ജീവിതത്തിലും കുടുംബ സാമൂഹിക ബന്ധങ്ങളിലും ഭരണകൂടത്തിന്റെയോ മതത്തിന്റെയോ യാതൊരു ഇടപെടലും പാടില്ലെന്നും സര്‍വതന്ത്ര സ്വതന്ത്രരായി ജീവിക്കാനനുവദിക്കണമെന്നുമാണ് ആഗോളതലത്തില്‍ ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളം പോലെ ഭരണപങ്കാളിത്തം ലഭിക്കുന്ന നാടുകളില്‍ മതനിയമങ്ങളില്‍ നിന്ന് മാത്രം വിമോചിതരാകുന്നതിനെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ഉദാരതാവാദവും ഇടതുപക്ഷവും
“മതേതരത്വം’ എന്ന പദത്തെ “മതനിരപേക്ഷത’ എന്ന് പ്രയോഗിക്കാറുള്ള ഇടതുപക്ഷ ആശയക്കാര്‍, എല്ലാ മതങ്ങളോടും തുല്യസമീപനം സ്വീകരിക്കുക, പ്രവര്‍ത്തന- പ്രചാരണ സ്വാതന്ത്ര്യം അനുവദിക്കുക, രാഷ്ട്രത്തിന് ഔദ്യോഗിക മതപക്ഷമില്ലാതിരിക്കുക തുടങ്ങിയ വിശദീകരണങ്ങള്‍ നല്‍കാറുണ്ടെങ്കിലും, തങ്ങളുടെ ആശയാടിത്തറ മതന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെങ്കില്‍ ഉദാരതാവാദത്തെ ഒരു ആശയമായി അവര്‍ക്കിടയില്‍ സന്നിവേശിപ്പിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചതായി മനസ്സിലാകുന്നുണ്ട്.
മത ന്യൂനപക്ഷങ്ങളുടെ പിന്തുണ മതസംഘടനകളിലൂടെ ഉറപ്പാക്കിയിരുന്ന പതിവ് രീതിക്ക് പുറമെ ലിബറലിസത്തിലൂടെ അവരിലെ പുതു തലമുറയെ മതമുക്തരാക്കിയെടുത്ത് ആശയപരമായി തന്നെ തങ്ങളോടൊപ്പം ചേര്‍ത്തു നിര്‍ത്തുകയും ക്രമേണ നേരിട്ട് തന്നെ മതന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് ഇറങ്ങിവരാനുള്ള മണ്ണൊരുക്കുകയുമാണ് ലക്ഷ്യമെന്നും വേണം കരുതാന്‍. ഇതിന്റെ ആദ്യപടിയാണ് മതന്യൂനപക്ഷങ്ങള്‍ തങ്ങളെ പിന്തുണച്ചതിന് പകരമായി ഏതെങ്കിലും പരിഗണനകള്‍ ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ ആ വ്യക്തികള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ അംഗത്വമുള്ളവരായിരിക്കണമെന്നോ സഹയാത്രികരായിരിക്കണമെന്നോ ഉള്ള അലിഖിത നിയമം.
ലിംഗസമത്വത്തിന്റെ പേര് പറഞ്ഞ് ഇടത് ആഭിമുഖ്യമുള്ള പി ടി എ കമ്മിറ്റിയെ രംഗത്തിറക്കി ബാലുശ്ശേരി ഗേള്‍സ് സ്‌കൂളില്‍ നടപ്പാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ഇതിന്റെ പ്രയോഗവത്കരണമായി തന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരു പകല്‍ മുഴുവന്‍ ഇറുകിയ പാന്റ് ധരിച്ചിരിക്കുമ്പോള്‍ അത് പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്ന അസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരമായ ഒരു കാര്യവും ചര്‍ച്ചയാക്കാതെ സമത്വവും സ്വാതന്ത്ര്യവും മാത്രം ഉയര്‍ത്തിക്കാട്ടുമ്പോള്‍, തുര്‍ക്കിയില്‍ മുസ്തഫാ കമാല്‍ പാഷ “തുര്‍ക്കിത്തൊപ്പി’ നിരോധിച്ചതിനെ സംബന്ധിച്ച് നെഹ്‌റു കുറിച്ചതാണ് ഓര്‍മവരുന്നത്. “”തലയിലിടുന്ന ഒരു തൊപ്പിക്ക് ഇത്രയും പ്രാധാന്യം കല്‍പ്പിക്കുന്നത് ഒരു അല്‍പ്പത്തരമായി തോന്നാം. തലക്കകത്ത് ഉള്ളതിനാണല്ലോ അതിന് പുറത്തുള്ളതിനേക്കാള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. എങ്കിലും നിസ്സാര വസ്തുക്കള്‍ ചിലപ്പോള്‍ വലിയവയുടെ പ്രതിരൂപങ്ങളും ചിഹ്നങ്ങളുമായിത്തീരാറുണ്ട്. നിരുപദ്രവമായ ഈ ഫെസ്സ് വഴിക്ക് പഴയ ആചാരങ്ങളെയാണ് കമാല്‍ പാഷ യഥാര്‍ഥത്തില്‍ എതിര്‍ത്തത് (വിശ്വചരിത്രാവലോകനം- വാള്യം-2, പേജ് 973)

ഇതുപോലെ പാരമ്പര്യ മതമൂല്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളെ കരുവാക്കി ലിബറലിസത്തിലേക്ക് മനസ്സ് പാകപ്പെടുത്തുക എന്ന ഒളിയജന്‍ഡ ഇതിന് പിന്നിലുണ്ട്. ഒരു കുടുംബത്തിലെ നാല് കിടപ്പ് രോഗികള്‍ക്ക് ഏക ആശ്രയമായിരുന്ന ഒരു പെണ്‍കുട്ടി തന്റെ ഇരട്ടി പ്രായമുള്ള ഒരാള്‍ക്കൊപ്പം, വേദന തിന്ന് കഴിയുന്ന ആ കുടുംബത്തെ കണ്ണീര്‍കയത്തിലിറക്കി, രജിസ്റ്റര്‍ വിവാഹം നടത്തിയപ്പോള്‍, പാര്‍ട്ടി ഓഫീസില്‍ വെച്ച് അത് ആഘോഷമാക്കിയതും സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തിയതും ലിബറലിസത്തിന്റെ പ്രചാരണത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. പെറ്റുപോറ്റിയ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ മേലിലുള്ള അവകാശങ്ങള്‍ക്കൊന്നും പുല്ലുവിലയും പരിഗണനയും കല്‍പ്പിക്കാതെ പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ തന്നിഷ്ടത്തെ മാത്രം വലിയ സ്വാതന്ത്ര്യമായി ആഘോഷിക്കുന്ന ലിബറലിസം മാനവ സമൂഹത്തിന്റെ നന്മക്കുള്ളതല്ലെന്ന് തീര്‍ച്ച.

സദാചാര മൂല്യങ്ങളുടെ മേല്‍ കാപട്യത്തിന്റെ കരിമ്പടമിട്ട് ക്യാമ്പസുകളെ സ്വതന്ത്ര ലൈംഗികതക്കുള്ള പരിശീലനക്കളരികളാക്കാനുള്ള പ്രചാരണങ്ങളും ഇളം തലമുറ നടത്തിവരുന്നത് മുതിര്‍ന്നവര്‍ അറിയാതെയല്ല. ആനന്ദ ലഹരിയുടെ ഉന്മാദ ലോകത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ടെത്തിച്ച് വെടക്കാക്കി തനിക്കാക്കുക എന്ന അജന്‍ഡ തന്നെയാണ് നടപ്പാക്കുന്നത്. മതം മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്ന് ആക്രോശിക്കുന്ന ഇവര്‍ ആധിപത്യമുള്ള ക്യാമ്പസുകളില്‍ മറ്റുള്ളവരെ കാലുകുത്തിക്കാതെ കരിങ്കല്ലും കമ്പിപ്പാരയും ഉപയോഗിച്ച് നേരിടുന്ന കാഴ്ചകളും കാണേണ്ടിവരുന്നുണ്ട്.

മതവും മനുഷ്യനും
ജീവിതത്തിന് നിയമങ്ങളും നിയന്ത്രണങ്ങളും വേണമെന്നത് മനുഷ്യ പ്രകൃതി അംഗീകരിക്കുന്ന സത്യമാണ്. മതവിശ്വാസികളും അല്ലാത്തവരും അവരിടപെടുന്ന എല്ലാ മേഖലകളിലും പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും നിശ്ചയിക്കുന്നുണ്ട്. മനുഷ്യേതര ജീവികളും പ്രത്യേക ജീവിതക്രമം അനുസരിച്ചാണ് ജീവിച്ചുപോകുന്നത്.

കോഴിക്കുഞ്ഞ് വിരിഞ്ഞിറങ്ങിയാല്‍ സ്വയം എഴുന്നേറ്റ് നില്‍ക്കുന്നു, ആഹാരം സ്വയം കൊത്തിത്തിന്നുന്നു. തള്ളക്കോഴി വല്ല വിഭവവും കണ്ടെത്തിയാല്‍ പ്രത്യേക ശബ്ദമുണ്ടാക്കുകയും അതിന്റെ ആശയം മനസ്സിലാക്കി ഓടിവരികയും ചെയ്യുന്നു. പരുന്തോ മറ്റോ വരുമ്പോള്‍ തള്ളക്കോഴി ദീര്‍ഘമായ സൈറണ്‍ മുഴക്കുമ്പോള്‍ ഒളി കേന്ദ്രങ്ങളില്‍ അഭയം തേടുന്നു. ഈ പ്രത്യേക ജീവിതക്രമം കോഴിക്കുഞ്ഞുങ്ങളെ ആരാണ് പഠിപ്പിച്ചത്? അതേസമയം പ്രാവിന്റെ കുഞ്ഞിന് എഴുന്നേല്‍ക്കാന്‍ കഴിയില്ല. ശരീരത്തില്‍ തൂവലുകളില്ല. സ്വയം ഭക്ഷണം കൊത്തിത്തിന്നാന്‍ അറിയില്ല. ഈ മക്കള്‍ക്ക് ആഹാരം വായിലിട്ട് കൊടുക്കാന്‍ തള്ളപ്രാവിന് അറിവുണ്ട്. ചിറക് വിരിച്ച് ചൂട് പകര്‍ന്ന് അവയെ സംരക്ഷിക്കാനറിയാം. ആരായിരിക്കും ഈ ജീവിതക്രമം അവയെ പഠിപ്പിച്ചത്? സ്‌കൂള്‍ കണ്ടിട്ടില്ല. പുസ്തകം വായിച്ചിട്ടില്ല. മറുപടി ഒന്ന് മാത്രമേയുള്ളൂ, സ്രഷ്ടാവായ അല്ലാഹു ജന്മസിദ്ധമായി തന്നെ ഈ ജീവിത നിയമങ്ങള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കിയതാണ്. ആനയുടെ ജീവിത ശൈലിയല്ല സിംഹത്തിന്റേത്. കാക്ക കൂടുണ്ടാക്കുന്നത് പോലെയല്ല കുരുവി കൂടുണ്ടാക്കുന്നത്. വ്യത്യസ്ത രീതികളിലാണ് എല്ലാ ജീവജാലങ്ങളും ഇര പിടിക്കുന്നതും തങ്ങളെ ഇരയാക്കാന്‍ വരുന്നവരില്‍ നിന്ന് രക്ഷപ്പെടുന്നതും. ചുരുക്കത്തില്‍ എല്ലാ ജീവികള്‍ക്കും പ്രത്യേകമായ ചില ജീവിത നിയമങ്ങളുണ്ട്.
എന്നാല്‍ മനുഷ്യരാകട്ടെ ജന്മനാ ജീവിത ചിട്ടകളും നിയമങ്ങളും പഠിപ്പിക്കപ്പെട്ടവനായല്ല സൃഷ്ടിക്കപ്പെട്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇതര ജീവികള്‍ക്കില്ലാത്ത സ്‌കൂളും മദ്‌റസയും പത്രവും ചാനലുമെല്ലാം മനുഷ്യര്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്നത്. ഈ മനുഷ്യര്‍ക്കും നിയമങ്ങള്‍ വേണം. നിയന്ത്രണങ്ങളും അച്ചടക്കവും പഠിപ്പിക്കപ്പെടണം. അതാണ് പ്രവാചകന്മാരിലൂടെ സ്രഷ്ടാവ് മനുഷ്യര്‍ക്ക് കൈമാറിയത്. ഇതിനാണ് ഇസ്‌ലാം മതം എന്ന് പറയുന്നത്.

മതം സമഗ്രമാണ്. സമ്പൂര്‍ണമാണ്. വ്യക്തിജീവിതത്തിലും കുടുംബ-സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിലും സാമ്പത്തിക- തൊഴില്‍ മേഖലകളിലുമെല്ലാം കൃത്യമായ മാര്‍ഗ ദര്‍ശനങ്ങള്‍ അത് മുന്നോട്ടുവെക്കുന്നുണ്ട്. മതമില്ലാത്തവര്‍ പോലും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന പലതും മതങ്ങളിലൂടെ ലഭിച്ച കാര്യങ്ങളാണ്. മതം ഒരര്‍ഥത്തില്‍ കടിഞ്ഞാണാണ്. അത് അറുത്തിട്ടാല്‍ അരാജകത്വമാകും ഫലം. പോലീസിനും പട്ടാളത്തിനും പരിമിതിയുണ്ട്. മനുഷ്യന്‍ സ്വയം നിയന്ത്രിതനാകണം. മതം അതിനവനെ പാകപ്പെടുത്തുകയാണ്.

പരാജയപ്പെട്ട ചില സമത്വവാദങ്ങള്‍
സ്ത്രീ-പുരുഷ അസമത്വം അവസാനിപ്പിക്കുക, സ്ത്രീ ശാക്തീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രകൃതിപരമായ സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ പരിഗണിക്കാതെ നടപ്പാക്കിയ ഒരു പദ്ധതിയായിരുന്നു തെങ്ങുകയറ്റ പരിശീലനം. ആയിരക്കണക്കിന് യന്ത്രങ്ങള്‍ നിര്‍മിച്ച് പതിനായിരത്തോളം സ്ത്രീകള്‍ക്ക് ഈ പരിശീലനം കൊടുത്തു. പരിശീലന കാലത്ത് തെങ്ങിന്‍ മുകളില്‍ നിന്ന് താഴോട്ട് നോക്കുന്ന ചില സ്ത്രീചിത്രങ്ങള്‍ കണ്ടതല്ലാതെ അവരാരും ഇപ്പോള്‍ തെങ്ങുകയറ്റ തൊഴില്‍ മേഖലയില്‍ നിലയുറപ്പിച്ചതായി കാണുന്നില്ല. ഏതെങ്കിലും ഒറ്റപ്പെട്ടവരുണ്ടോ എന്നറിയില്ല.

ഇതുപോലെ വന്‍ നഗരങ്ങളില്‍ ഓട്ടോ ഓടിക്കാന്‍ പരിശീലിപ്പിച്ചിറക്കിയ ആയിരക്കണക്കിന് വനിതകളുണ്ടായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ അവരെയും നിരത്തില്‍ കാണാറുള്ളൂ. സ്ത്രീസൗഹൃദമല്ലാത്ത ഏത് കാര്യവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായിരിക്കും. സ്ത്രീകളുടെ ശാരീരിക-മാനസിക പ്രകൃതി പരിഗണിച്ച് മാത്രമാണ് ഇസ്‌ലാം അവരുടെ എല്ലാ അവകാശങ്ങളും ബാധ്യതകളും നിശ്ചയിച്ചിട്ടുള്ളത്.
ദിവസവും അഞ്ച് സമയങ്ങളിലായി പള്ളികളില്‍ വെച്ച് നടക്കുന്ന ജമാഅത്തുകളില്‍ സംബന്ധിക്കുന്നതില്‍ പോലും സ്ത്രീകള്‍ക്ക് ഇളവനുവദിച്ചത് അവരോടുള്ള ആര്‍ദ്രതയുടെ ഭാഗമായാണ്. ഗര്‍ഭം ചുമന്നും പ്രസവിച്ചും മക്കള്‍ക്ക് മുലയൂട്ടിയും വീടും പരിസരവും ആരോഗ്യകരമായി പരിപാലിച്ചും അതിന് പുറമെ മറ്റു പല ജോലികളും ഏറ്റെടുത്ത് നിര്‍വഹിക്കുന്ന സ്ത്രീകള്‍ അഞ്ച് നേരം വാങ്ക് കേള്‍ക്കുമ്പോള്‍ ഉടുത്തൊരുങ്ങി പള്ളികളിലേക്ക് പുറപ്പെടണം എന്ന് മതം നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അതാണ് പാരതന്ത്ര്യം. താങ്ങാന്‍ കഴിയാത്ത അത്തരം ബാധ്യതകള്‍ ഇസ്‌ലാം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ഈ കാര്യം പോലും കീഴാളജനതക്ക് ക്ഷേത്രപ്രവേശനം തടഞ്ഞതിനോട് തുല്യപ്പെടുത്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നവര്‍ സ്വതന്ത്രവാദികള്‍ക്ക് ഏണിവെച്ച് കൊടുത്തവരാണ്. ജീവിത വിശുദ്ധിയും സാമൂഹിക അച്ചടക്കവും ലക്ഷ്യം വെച്ച് മതങ്ങള്‍ മുന്നോട്ടുവെച്ച മൂല്യങ്ങളില്‍ നിന്ന് പൂര്‍ണമായും അവരെ ഊരിയെടുത്ത് ലിബറലിസത്തിന്റെ അനന്ത ലഹരിയില്‍ ആറാടിക്കാമെന്ന് കരുതുന്നവര്‍ സോവിയറ്റ് റഷ്യയില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. മതചിഹ്നങ്ങള്‍ പരിപൂര്‍ണമായും നശിപ്പിച്ചും ഗ്രന്ഥങ്ങള്‍ നിരോധിച്ചും സ്വകാര്യ ജീവിതത്തില്‍ പോലും മതദര്‍ശനങ്ങള്‍ പാലിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയും പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും ആ ജനതയുടെ മനസ്സില്‍ നിന്ന്

മതദര്‍ശനങ്ങളെയും വിശ്വാസ ആചാരങ്ങളെയും തുടച്ചുമാറ്റാന്‍ സാധിച്ചിട്ടില്ല.
ശിഥിലമായ സോവിയറ്റ് റഷ്യയില്‍ പിന്നീട് രൂപം കൊണ്ട കസാഖിസ്ഥാന്‍, അസര്‍ബൈജാന്‍, തുര്‍ക്കുമനിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തജാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളെന്നറിയപ്പെടുന്ന ഈ രാഷ്ട്രങ്ങളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള രാഷ്ട്രമായ കസാഖിസ്ഥാനാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമെന്നും ഓര്‍ക്കണം.
ജനാധിപത്യ മര്യാദകള്‍ പാലിക്കുക, വികസന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുക, മതസ്വാതന്ത്ര്യം അനുവദിക്കുക, ഭരണനിര്‍വഹണത്തില്‍ നിഷ്പക്ഷത പാലിക്കുക എന്നതൊക്കെയാണ് മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗം. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പ്രബല മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷ സര്‍ക്കാറിനെ പിന്തുണച്ചുവരുന്നത്. എന്തായാലും മതന്യൂനപക്ഷങ്ങളുടെ പിന്തുണ ലിബറലിസത്തിലൂടെ സ്വന്തമാക്കാമെന്ന് കരുതുന്നത് വിപരീത ഫലമായിരിക്കും വരുത്തിവെക്കുക, തീര്‍ച്ച.

Latest