Connect with us

Editorial

ട്രെയിന്‍ തീവെപ്പ് കേസിലെ ദുരൂഹതകള്‍ നീക്കണം

വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും അപൂര്‍വമാണ് സംസ്ഥാനത്ത്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ കേരളത്തെ ഒരു സംഘര്‍ഷ ഭൂമിയാക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടായിരുന്നെങ്കിലും അത് വിജയിക്കാറില്ല. ഇത്തരമൊരു ലക്ഷ്യമായിരുന്നോ തീവെപ്പിനു പിന്നില്‍? കുറ്റമറ്റ സമഗ്ര അന്വേഷണം തന്നെ നടക്കേണ്ടതുണ്ട് ഇക്കാര്യത്തില്‍.

Published

|

Last Updated

മൂന്ന് ദിവസത്തെ ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി പിടിയിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (ATS) ഡല്‍ഹി ശഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിനെ രത്‌നഗിരി ആശുപത്രിയില്‍ നിന്ന് പിടികൂടിയത്. ഉത്തര്‍ പ്രദേശ് ഗൗതം ബുദ്ധനഗര്‍ സ്വദേശികളായ ഷാരൂഖിന്റെ പിതാവും കുടുംബവും ഏതാനും വര്‍ഷം മുമ്പ് ഡല്‍ഹിയിലെ ശഹീന്‍ബാഗിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം 31ന് സെയ്ഫ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. സെയ്ഫിനെ കാണാനില്ലെന്ന് കുടുംബം ശഹീന്‍ബാഗ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനിടെയാണ് അജ്ഞാതന്‍ എലത്തൂരില്‍ ട്രെയിനിന് തീവെച്ച് രക്ഷപ്പെട്ടത്. അക്രമി ട്രെയിനില്‍ ഉപേക്ഷിച്ചു പോയ ബാഗിലെ നോട്ടുബുക്കില്‍ കുറിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് 31ന് ശഹീന്‍ബാഗ് വിട്ട ഷാരൂഖ് സെയ്ഫാണ് എലത്തൂരില്‍ ട്രെയിനിന് തീവെച്ചതെന്ന് കണ്ടെത്തിയത്.

പ്രതി പിടിയിലായെങ്കിലും തീവെപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ദുരൂഹമാണ്. ഷാരൂഖ് സെയ്ഫ് ഇത്തരത്തില്‍ ഒരു ക്രൂരകൃത്യത്തിലേക്ക് എത്തിച്ചേര്‍ന്നതിന്റെ കാരണം, സ്വന്തം നിലയിലാണോ കൃത്യം ചെയ്തത്, അതോ ഏതെങ്കിലും തീവ്രവാദ സംഘത്തിന്റെ കണ്ണിയാണോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്‍ ഐ എ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ തീവ്രവാദ സംഘത്തിന്റെ ഭാഗമാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പറയപ്പെടുന്നുണ്ട്. എങ്കില്‍ ഏതാണ് ആ സംഘടന? ഇത്തരമൊരു ആക്രമണത്തിന് അവര്‍ കേരളം തിരഞ്ഞെടുത്തതിന്റെ പ്രേരകം?

ഞായറാഴ്ച ഒരു സാധാരണ യാത്രക്കാരനെന്ന ഭാവത്തില്‍ ട്രെയിനിലെ ഡി-1 കോച്ചില്‍ കയറിയ ഷാരൂഖ് സെയ്ഫി രണ്ട് കൈയിലും കരുതിയിരുന്ന കുപ്പികളില്‍ നിറച്ച പെട്രോള്‍ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവെക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാളെപോലും പരിചയമില്ലെന്നിരിക്കെ, യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോള്‍ ഒഴിച്ച് തീപടര്‍ത്തിയത് ഏതെങ്കിലും ഒരു വ്യക്തിയെ ലക്ഷ്യം വെച്ചായിരിക്കാന്‍ സാധ്യതയില്ല. ബോഗിയിലെ മുഴുവന്‍ യാത്രക്കാരും വെന്തുമരിക്കണമെന്ന ലക്ഷ്യത്തോടെയാണ് കൃത്യം ചെയ്തതെന്നാണ് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന സൂചന. എലത്തൂരിലെ കോരപ്പുഴ പാലത്തിലേക്ക് ട്രെയിന്‍ പൂര്‍ണമായി കയറുന്നതിന് മുമ്പാണ് അക്രമി തീവെപ്പ് നടത്തിയത്. അക്രമം നടന്ന ഉടനെ യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ബോഗിക്കകത്തുള്ളവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതു കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ആക്രമണം നടന്ന വേളയില്‍ കോച്ച് പാലത്തിന്റെ മധ്യത്തിലായിരുന്നെങ്കില്‍ അതിനകത്തുള്ള യാത്രക്കാര്‍ക്ക് രക്ഷപ്പെടല്‍ പ്രയാസകരമാകുകയും ഗോധ്ര തീവെപ്പിനെ ഓര്‍മിപ്പിക്കുന്ന ഒരു മഹാദുരന്തമായി ഇത് മാറുകയും ചെയ്യുമായിരുന്നു. തീപടര്‍ന്ന പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്ന് ചാടിയെന്നു കരുതുന്ന മൂന്ന് പേര്‍ മരണപ്പെട്ടതും ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റതുമാണ് നിലവില്‍ സംഭവിച്ച ദുരന്തം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ സമുദായങ്ങള്‍ തമ്മില്‍ സൗഹൃദത്തിലും രഞ്ജിപ്പിലും കഴിഞ്ഞു വരുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും അപൂര്‍വമാണ് സംസ്ഥാനത്ത്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ കേരളത്തെ ഒരു സംഘര്‍ഷ ഭൂമിയാക്കാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടായിരുന്നെങ്കിലും അത് വിജയിക്കാറില്ല. ഇത്തരമൊരു ലക്ഷ്യമായിരുന്നോ തീവെപ്പിനു പിന്നില്‍? കുറ്റമറ്റ സമഗ്ര അന്വേഷണം തന്നെ നടക്കേണ്ടതുണ്ട് ഇക്കാര്യത്തില്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തെങ്കിലേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരം ലഭ്യമാകുകയും ദുരൂഹതകള്‍ നീങ്ങുകയും ചെയ്യുകയുള്ളൂ. പ്രതിയെ താമസിയാതെ കേരളത്തിലെത്തിക്കുമെന്നും ഇതിനായുള്ള നടപടികള്‍ മഹാരാഷ്ട്ര ഡി ജി പിയുമായി ചേര്‍ന്ന് കൈക്കൊണ്ടെന്നും സംസ്ഥാന ഡി ജി പി അനില്‍കാന്ത് അറിയിക്കുകയുണ്ടായി.

ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയിേലക്ക് വിരല്‍ ചൂണ്ടുന്നതാണ് എലത്തൂര്‍ തീവെപ്പ് സംഭവം. ദിനംപ്രതി നൂറുകണക്കിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവാണ്. രണ്ട് ഡസനിലധികം കോച്ചുകളുള്ള ട്രെയിനില്‍ നാല് പോലീസുകാരെങ്കിലും വേണ്ടിടത്ത് ചിലപ്പോള്‍ ഒരാള്‍ പോലുമുണ്ടാകാറില്ല. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയോ പാലക്കാട് വരെയോ ഉള്ള സര്‍വീസിനിടെ ഒന്നോ രണ്ടോ സ്റ്റേഷനുകള്‍ക്കിടയില്‍ പട്രോളിംഗ് നടത്തി മടങ്ങുന്നതില്‍ ഒതുങ്ങുന്നു റെയില്‍വേ പോലീസിന്റെ സേവനം. 2011 ഫെബ്രുവരിയില്‍ സൗമ്യയെ എറണാകുളം- ഷൊര്‍ണൂര്‍ പാസ്സഞ്ചറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിനു പിന്നാലെ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറും റെയില്‍വേയും ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിട്ടും അവ നടപ്പായിട്ടില്ല.

എല്ലാ സ്റ്റേഷനുകളിലും സി സി ടി വി നിരീക്ഷണവും ലഗേജ് സ്‌കാനറും, എല്ലാ ട്രെയിനുകളിലും സി സി ടി വി നിരീക്ഷണവും പോലീസ് സുരക്ഷയും തുടങ്ങിയവയായിരുന്നു അന്ന് പ്രഖ്യാപിച്ച സുരക്ഷാ പദ്ധതികള്‍. ഇപ്പോള്‍ രാജധാനി എക്‌സ്പ്രസ്സില്‍ മാത്രമാണ് സി സി ടി വി നിരീക്ഷണമുള്ളത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയൊരുക്കുമെന്ന് ഓരോ അപകടങ്ങള്‍ സംഭവിക്കുമ്പോഴും പ്രഖ്യാപിക്കാറുണ്ട് അധികൃതര്‍. എലത്തൂരിലെ തീവെപ്പ് സംഭവത്തോടനുബന്ധിച്ചും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ട് ചെന്നൈയില്‍ നിന്നെത്തിയ ആര്‍ പി എഫ് പ്രിന്‍സിപ്പല്‍ സെക്യൂരിറ്റി കമ്മീഷണര്‍ ജി എം ഈശ്വരറാവു. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് എലത്തൂരില്‍ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്.

പ്രഖ്യാപനത്തിലൊതുങ്ങാതെ ഇത് പ്രാവര്‍ത്തികമാക്കാന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.