mullaperiyar dam
മുല്ലപ്പെരിയാര്‍ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ജലനിരപ്പ് 138 അടിയായി നിര്‍ത്തുന്നതില്‍ ഉന്നതതല സമിതി നിലപാട് അറിയിക്കും
ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകാടവസ്ഥ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജലനിരപ്പ് സംബന്ധിച്ച് ഉന്നതതല സമിതി യോഗത്തിലെ തീരുമാനം അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കും. ജലനിരപ്പ് 138 അടിയില്‍ കൂടരുതെന്ന നിലപാട് ഉന്നതതല സമിതി കോടതിയില്‍ അറിയിക്കും. ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്ന് തമിഴ്‌നാട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ജലനിരപ്പ് സംബന്ധിച്ച മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മേല്‍നോട്ട സമിതി ചെയര്‍മാനും, കേന്ദ്ര ജലകമ്മിഷന്‍ അംഗവുമായ ഗുല്‍ഷന്‍ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, തമിഴ്നാടിന് വേണ്ടി അഡിഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങള്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വെള്ളം തമിഴ്നാട് കൊണ്ടുപോകണം. എന്നാല്‍, ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഉന്നതതല യോഗത്തില്‍ സ്വീകരിച്ച ഈ നിലപാടുകള്‍ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി.



