Connect with us

Articles

ആയുധങ്ങളെ ജയിച്ച ആശയം

പ്രതികൂല സാഹചര്യങ്ങളില്‍ ഇടറാതെ നിന്നാണ് മുത്തുനബി(സ) ചരിത്രം സൃഷ്ടിച്ചത്. എതിര്‍പ്പുകള്‍ പലവഴിയില്‍ നിന്നായിരുന്നു. കുടുംബത്തില്‍ നിന്നുള്ള ചിലരുമുണ്ടായിരുന്നു അപ്പുറത്ത്. അവരും കൂടിച്ചേര്‍ന്നാണ് റസൂലിനെ വേട്ടയാടിയത്. പൊറുതികേടുകളില്‍ തളച്ചിട്ട് അവിടുത്തെ മനോബലം കെടുത്തിക്കളയാമെന്നവര്‍ വ്യാമോഹിച്ചു. പക്ഷേ തിരുനബി(സ) നിരാശപ്പെട്ടില്ല. പിന്തിരിഞ്ഞില്ല. പ്രശ്‌നസങ്കീര്‍ണതകളുടെ കാലങ്ങളില്‍ എങ്ങനെ ജീവിക്കണം എന്ന് അവിടുന്ന് കാട്ടിത്തന്നു.

Published

|

Last Updated

‘ആര്യാവര്‍ത്തത്തിലൂടെ പടകള്‍ പിന്നെയും നീങ്ങുന്നത് ആദിമ ഗുരുക്കന്മാര്‍ അറിഞ്ഞു. എല്ലാം ആവര്‍ത്തിക്കുന്നുവല്ലോ, അവര്‍ ഖേദിച്ചു. ആര്യാവര്‍ത്തത്തിന്റെ കഴിഞ്ഞ കാലങ്ങള്‍; സിന്ധുവും ഗംഗയും അതിന്റെ പരപ്പുകളെ നനച്ചുകൊണ്ട് ഒഴുകിക്കടന്നു, നദീതടങ്ങള്‍ പച്ചപിടിച്ചും വരവൃക്ഷങ്ങള്‍ പക്വഫലങ്ങളെ കൊണ്ട് നിറഞ്ഞുമിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും ഈ വിളയെ പ്രകൃതി ദേവതകള്‍ക്ക് നേദിച്ചു. എന്നാല്‍, ഈ അര്‍പ്പണത്തില്‍ നിന്ന് അവര്‍ അധഃകൃതന്റെ സന്തതികളെ വിലക്കി നിര്‍ത്തി. അങ്ങനെ വിലക്കപ്പെട്ടവര്‍ ആരാധന നിഷേധിക്കപ്പെട്ട്, സ്പര്‍ശത്തില്‍ നിന്നും സാമീപ്യത്തില്‍ നിന്നും അകറ്റപ്പെട്ട്, വെളിമ്പുറങ്ങളില്‍ അലഞ്ഞു; ഗുരു പരമ്പരകള്‍ അവര്‍ക്കായി ദുഃഖം പൂണ്ടു. ആ ദുഃഖത്തിന്റെ വിളി കേട്ട്, ഒരായിരം കാതം അകലെക്കിടന്ന മരുഭൂമിയിലെവിടെയോ വീണ്ടും ഒരു ഗുരു പിറവി കൊണ്ടു. മരുഭൂമിയുടെ ചന്ദ്രക്കലയിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി ആ ഗുരു അഖണ്ഡത്തോട് സംസാരിച്ചു. അഖണ്ഡത്തിന്റെ വെളിപാടുകള്‍ അവന്റെ കാതില്‍ സ്വകാര്യമായി, മൃദുലമായി മുഴങ്ങി. മരുപ്പച്ചയിലെ മിനാരങ്ങളില്‍ കയറി നിന്നുകൊണ്ട് അവന്‍ മരുഭൂമിയിലൂടെ വിളിച്ചു, താരതമ്യമില്ലാത്തവനായ ദൈവത്തെ ആരാധിക്കാന്‍ ഈ മന്ദിരത്തിലേക്ക് വരിക!’ (ഗുരുസാഗരം- ഒ വി വിജയന്‍).

ലോകം ആ വിളി കേട്ടു. അഷ്ടദിക്കുകളില്‍ നിന്നും മനുഷ്യര്‍ ആ വിളിക്കുത്തരം നല്‍കി. ഒറ്റയ്ക്കും കൂട്ടമായും അവര്‍ ഇസ്ലാമിലേക്കൊഴുകി. ആര്‍ക്കും ആ വിളി അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം പ്രവാചകനും ഇസ്ലാമും അതിരുകള്‍ മായ്ക്കുന്ന മാനവികതയെ കുറിച്ചാണ് സംസാരിച്ചത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വൈജാത്യങ്ങള്‍ക്കപ്പുറം മനുഷ്യന്‍ എന്ന മൂല്യത്തെ ഇസ്ലാം ഉയര്‍ത്തിക്കാട്ടി. നിങ്ങള്‍ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു എന്ന ആശയം ഉള്‍വഹിക്കുന്ന വിശുദ്ധ വചനം ആരംഭിക്കുന്നത് തന്നെ ‘ഓ മനുഷ്യരേ’ എന്ന സംബോധനയോടെയാണ്. ഏതെങ്കിലും വിഭാഗത്തെ മാറ്റിനിര്‍ത്തിയുള്ള ആത്മീയ സങ്കല്‍പ്പമല്ല ഇസ്ലാമിന്റേത്. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നത്-അവര്‍ ഏത് മതത്തില്‍പ്പെട്ടവരെങ്കിലും- ആത്മീയ പ്രവര്‍ത്തനമായാണ് ഇസ്ലാം അവതരിപ്പിക്കുന്നത്. ഇസ്ലാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നു. കറുത്തവനെയും വെളുത്തവനെയും, അടിമയെയും യജമാനനെയും, ദരിദ്രനെയും ധനികനെയും, തൊഴിലാളിയെയും തൊഴില്‍ദാതാവിനെയും- അങ്ങനെയങ്ങനെ വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി ഇസ്ലാം സൗഹൃദത്തിന്റെ പുതിയ ഭൂപടം വരയ്ക്കുന്നു. മനുഷ്യവംശത്തില്‍ പിറന്നെങ്കിലും മനുഷ്യന്‍ എന്ന നിലയില്‍ ഒരുതരത്തിലുള്ള പരിഗണനയും കിട്ടാതിരുന്ന ജനവിഭാഗങ്ങള്‍ക്ക് ഇസ്ലാം എങ്ങനെയാണ് ആശ്രയമായതെന്ന് പരിശോധിക്കൂ. കൂട്ടം തെറ്റിയവരായല്ല, കൂട്ടത്തില്‍ തന്നെ ഏറ്റവും മികച്ചവരായാണ് അവരെ ഇസ്ലാം വരവേറ്റത്. അന്നേരം മതം പ്രവര്‍ത്തിച്ചത് ദര്‍ശനങ്ങളുടെ സമാഹാരമായല്ല, അനുഭവങ്ങളുടെ ആനന്ദമായാണ്. മനുഷ്യരോടൊട്ടി നിന്നാണ് മതം മനസ്സുകളില്‍ വേരാഴ്ത്തിയത്. മനുഷ്യരുമായി ബന്ധപ്പെട്ടതെല്ലാം ഇസ്ലാമിന് പ്രമേയമായി. അതില്‍ ഭൗതികമെന്നോ ആത്മീയമെന്നോ വേര്‍തിരിവുണ്ടായില്ല. ജനങ്ങളെ പല തട്ടുകളായി വിഭജിക്കുന്ന സിദ്ധാന്തങ്ങളെ, അതിന്റെ എല്ലാ തിക്തതകളോടെയും ‘അനുഭവിച്ചവര്‍ക്ക്’ ഇസ്ലാം വെളിച്ചമായത് ഇന്നും പഠനവിഷയമാണ്.

കേരളത്തിന്റെ പോയകാലത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്ന ഒരനുഭവമുണ്ട്. ‘ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തുള്ള ഒരു സംഭവം ഓര്‍ക്കാം. വളാഞ്ചേരിയിലെ ഹരിജനായ ഒരാള്‍ വെള്ളാട്ടുതറവാട് എന്ന പ്രശസ്തമായ ആഢ്യതറവാടിന്റെ മുമ്പിലൂടെ തലേക്കെട്ട് കെട്ടി നടന്നു എന്ന ഒറ്റക്കാരണത്താല്‍ അയാളെ പിടിച്ച് മര്‍ദിച്ച് അവശനാക്കി, കൊല്ലാക്കൊല ചെയ്ത്, മരിച്ചു എന്ന് വിചാരിച്ച് ഉപേക്ഷിച്ചുപോയി. ഉച്ചനീചത്വങ്ങള്‍ സഹിക്കാന്‍ വയ്യാതെ അയാള്‍ പൊന്നാനിയില്‍ പോയി തൊപ്പിയിട്ട് മുസ്ലിമായി. അതിനു ശേഷം അയാള്‍ തലേക്കെട്ടു കെട്ടി വെള്ളാട്ടുതറവാടിന്റെ മുമ്പിലൂടെ അമ്പത് പ്രാവശ്യം നടന്നുപോയി. അപ്പോള്‍ ആരും തല്ലാന്‍ വന്നില്ല. ഹിന്ദു മതത്തിലെത്തന്നെ ജാതിയില്‍ താഴ്ന്നവര്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ ആ കാലത്തെ സാമൂഹികമായ യാഥാര്‍ഥ്യമായിരുന്നു. അതുകൊണ്ട് കീഴാള വിഭാഗത്തിലെ ധാരാളം ആളുകള്‍ മതം മാറി ഇസ്ലാമിലേക്ക് വന്നു. ആരും നിര്‍ബന്ധിച്ച് മതം മാറ്റിയതൊന്നുമല്ല. ഹിന്ദു മതത്തിലെ ഉച്ചനീചത്വങ്ങളുടെ ഭീകരത അനുഭവിക്കാനാകാതെ മാറിയതാണ്’ (രിസാല നബിദിന പതിപ്പ്, 2020). ഇസ്ലാം മനുഷ്യനെ തൊട്ടതെങ്ങനെ എന്നതിന് ഇനിയും എത്രയോ സംഭവങ്ങള്‍ ഉദാഹരിക്കാവുന്നതേയുള്ളൂ.

വിവേചനങ്ങളെ സിദ്ധാന്തവത്കരിക്കുകയായിരുന്നില്ല പ്രവാചകര്‍ ചെയ്തത്. തൊലിപ്പുറം കറുത്തൊരാളെ കറുപ്പന്‍ എന്ന് വിളിക്കുന്നത് വംശീയാധിക്ഷേപവും ബോഡി ഷെയ്മിംഗും ആണെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഈ തിരിച്ചറിവ് ലോകത്തിന് പകര്‍ന്നത് മുഹമ്മദ് നബി(സ)യാണ്. ബിലാലുബ്‌നു റബാഹയെ ‘കറുത്തവന്റെ മകനേ’ എന്ന് വിളിച്ച അബൂദര്‍റുല്‍ ഗിഫാരിയോട് ‘ജാഹിലിയ്യാ കാലത്തിന്റെ നീക്കിയിരിപ്പുകള്‍ നിങ്ങളില്‍ ഇപ്പോഴുമുണ്ടല്ലേ’ എന്ന് മുത്തുനബി(സ) നീരസപ്പെടുന്നത് ചരിത്രത്തിലുണ്ട്. അതേത്തുടര്‍ന്ന് സതീര്‍ഥ്യനായ ബിലാലിന്റെ കാല്‍ച്ചുവട്ടില്‍ കിടന്ന് പൊരുത്തപ്പെടാന്‍ അപേക്ഷിക്കുന്ന അബൂദര്‍റിന്റെ ദൃശ്യവും ആ ചരിത്രത്തുടര്‍ച്ചയിലുണ്ട്. മനസ്സുകളെയാണ് ഇസ്ലാം ജയിച്ചടക്കിയത്. വാള്‍ കൊണ്ട് ശരീരങ്ങളെ ജയിക്കാം. മനസ്സുകളെയും മസ്തിഷ്‌കങ്ങളെയും ജയിക്കാന്‍ വാള്‍ മതിയാകില്ല,
മനുഷ്യോന്മുഖമായ ആശയം തന്നെ വേണ്ടിവരും. ആ മനുഷ്യോന്മുഖതയാണ് ഇസ്ലാമിനെ ഇന്നും സര്‍വ സ്വീകാര്യമാക്കുന്നത്. ഇസ്ലാമിക ആശയങ്ങളാകട്ടെ ദൈവികമാണു താനും.

പ്രതികൂല സാഹചര്യങ്ങളില്‍ ഇടറാതെ നിന്നാണ് മുത്തുനബി(സ) ചരിത്രം സൃഷ്ടിച്ചത്. എതിര്‍പ്പുകള്‍ പലവഴിയില്‍ നിന്നായിരുന്നു. പല സ്വഭാവത്തിലുള്ളതായിരുന്നു. കുടുംബത്തില്‍ നിന്നുള്ള ചിലരുമുണ്ടായിരുന്നു അപ്പുറത്ത്. അവരും കൂടിച്ചേര്‍ന്നാണ് റസൂലിനെ വേട്ടയാടിയത്. പൊറുതികേടുകളില്‍ തളച്ചിട്ട് അവിടുത്തെ മനോബലം കെടുത്തിക്കളയാമെന്നവര്‍ വ്യാമോഹിച്ചു. പക്ഷേ തിരുനബി(സ) നിരാശപ്പെട്ടില്ല. പിന്തിരിഞ്ഞില്ല. പ്രശ്‌നസങ്കീര്‍ണതകളുടെ കാലങ്ങളില്‍ എങ്ങനെ ജീവിക്കണം എന്ന് അവിടുന്ന് കാട്ടിത്തന്നു. ആയുധങ്ങളെ ആശയം കൊണ്ട് ജയിക്കാമെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നു തിരുനബി(സ)ക്ക്. നാട്ടുകാരില്‍ ചിലര്‍ കൊലവിളിയിലേക്ക് നീങ്ങിയപ്പോഴും അക്ഷോഭ്യനായിരുന്നു അവിടുന്ന്. വരാനിരിക്കുന്ന വെളിച്ചത്തെ മുന്നില്‍ക്കണ്ടു. അത് സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. അചഞ്ചലമായിരുന്നു മനസ്സ്. വികാര വിക്ഷോഭങ്ങളില്‍ വീണുപോകാതെ, എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചുള്ള നില്‍പ്പ്. ആ നില്‍പ്പാണ് ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ചത്. പിറകില്‍ നിന്ന് ഉത്തരവുകള്‍ നല്‍കുകയായിരുന്നില്ല, മുന്നില്‍ നടന്ന് അനുയായികള്‍ക്ക് ആത്മവിശ്വാസം പകരുകയായിരുന്നു. രാജാധികാരങ്ങളെ വിറപ്പിച്ച അപാരമായ ആത്മവിശ്വാസം. അത് കാലങ്ങളിലൂടെ തലമുറകളിലേക്ക് പരന്നു. നാട് ജീവിക്കാന്‍ കൊള്ളാതാകുന്നു എന്ന തോന്നലുകളെ മറികടക്കാന്‍ ആ വേരിലേക്ക് സൗമ്യമായി മടങ്ങുകയേ വേണ്ടൂ, ആ വേരിലൊന്ന് മൃദുലമായി തൊടുകയേ വേണ്ടൂ.

അനുകൂലാവസ്ഥകളെ ഉപയോഗപ്പെടുത്തി നേതാവാകുകയായിരുന്നില്ല, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നിന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു മുത്തുനബി(സ). മതപ്രബോധനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടപ്പോഴും, ജന്മനാട്ടില്‍ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടപ്പോഴും അവിടുന്ന് ചകിതനായില്ല. അചഞ്ചലമായിരുന്നു നിലപാടുകള്‍. കാലത്തിന്റെ ഋതുപ്പകര്‍ച്ചകളില്‍ ശത്രുക്കളുടെ മര്‍ദനങ്ങള്‍ക്ക് ശൈലീഭേദങ്ങള്‍ ഉണ്ടായി. ബഹിഷ്‌കരണവും കൊലയും യുദ്ധവുമായത് പരിണമിച്ചു. അപ്പോഴൊക്കെയും എല്ലാം കാലത്തിനു വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നില്ല, മറിച്ച് കാലം മാറേണ്ടത് തന്നിലൂടെയാണെന്നും അത് സാധിക്കുമെന്നും പ്രവാചകര്‍ ഉറച്ചു വിശ്വസിച്ചു. സ്രഷ്ടാവ് ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിനിടയിലുണ്ടായ ദുരനുഭവങ്ങള്‍ അവഗണിച്ചു. പ്രശോഭിതമായ നാളേക്കു വേണ്ടി ഇന്നിന്റെ വ്യഥകളെ വിസ്മരിക്കാന്‍ കഴിഞ്ഞു. അനുയായികളെ അതിന് പാകപ്പെടുത്തിയെടുത്തു. വീടും നാടും സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പലായനത്തിന് ഒരുങ്ങിയപ്പോള്‍ അവരില്‍ ആരുടെയും നെഞ്ചിടിപ്പ് വര്‍ധിച്ചില്ല. ‘വേണോ’ എന്നൊരു ശങ്ക ആരുടെയും ഹൃദയത്തില്‍ മുളപൊട്ടിയില്ല. വിശ്വാസത്തിന്റെ ദൃഢമായ കുറ്റിയിലാണ് അവര്‍ ഹൃദയത്തെ ബന്ധിച്ചത്. അവര്‍ക്ക് ചാഞ്ചാട്ടവും ചാഞ്ചല്യവും ഇല്ലായിരുന്നു. പരീക്ഷണഘട്ടങ്ങളില്‍ പാറ പോലെ ഉറച്ചു നില്‍ക്കാനും പാതകളിലെ ദുര്‍ഘടങ്ങള്‍ അവഗണിക്കാനും പ്രവാചക ശിഷ്യന്മാര്‍ക്ക് കഴിഞ്ഞു. ആ ഒരു തലത്തിലേക്ക് സമൂഹത്തെ മാറ്റിയെടുക്കാന്‍ തിരുനബിക്ക് സാധിച്ചു.
കാരുണ്യവും സ്നേഹവുമായിരുന്നു തിരുനബി(സ)യുടെ കൈയിലെ ആയുധങ്ങള്‍. എതിര്‍പ്പുകളെ നിലംപരിശാക്കിക്കളയാന്‍ ശേഷിയുണ്ടായിരുന്നു അതിന്. ഉമറുബ്‌നുല്‍ ഖത്വാബ് തോറ്റുപോയത് അതിനു മുമ്പിലാണ്. വധിക്കാന്‍ വരുന്നവരെപ്പോലും പുഞ്ചിരിക്കുന്ന മുഖവുമായി വരവേല്‍ക്കാന്‍ കഴിയുന്നതിന്റെ മനോഹാരിത ആലോചിച്ചുനോക്കൂ. ആ ഹൃദയത്തിന്റെ നൈര്‍മല്യവും സ്വഭാവത്തിന്റെ സൗന്ദര്യവും ഏത് വാക്കിനാലാണ് വരച്ചിടാനാകുക? മനുഷ്യനെ പൂര്‍ണാര്‍ഥത്തില്‍ ആവിഷ്‌കരിച്ചു തിരുദൂതര്‍. ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണ മനുഷ്യന്‍.

 

Latest