Connect with us

Editorial

ഭരണകൂടം അഴിമതിക്കാര്‍ക്ക് കാവലാളാകരുത്

എസ് എന്‍ ഡി പി യോഗം പോലുള്ള ഒരു സാമുദായിക സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി പ്രതിയായതുകൊണ്ട് കേസ് അനന്തമായി നീളാനിടയാകുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാനാകില്ല.

Published

|

Last Updated

നിയമനടപടികളില്‍ സര്‍ക്കാറിന്റെ പക്ഷപാതപരമായ നിലപാടിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്, മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതിനെതിരെ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശം. “ഒരു തെറ്റ് സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ തുടര്‍ച്ചയായി “തെറ്റുകള്‍’ സംഭവിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെ’ന്ന ജസ്റ്റിസ് ബദറുദ്ദീന്റെ പരാമര്‍ശം സര്‍ക്കാര്‍ അനുമതി വൈകിപ്പിക്കുന്നത് മനഃപൂര്‍വമാണെന്ന കോടതിയുടെ വിലയിരുത്തലിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ സ്വാധീനമുള്ളവരെയും പ്രമുഖരെയും സംരക്ഷിക്കാന്‍ കേസ് നടപടികളും പ്രോസിക്യൂഷന്‍ നടപടിയും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്ന ഭരണകൂട തന്ത്രത്തെയാണ് നീതിപീഠം തുറന്നുകാട്ടുന്നത്. കേസന്വേഷണം നീളുന്നതില്‍ ഹൈക്കോടതി നേരത്തേയും നീരസം പ്രകടിപ്പിച്ചിരുന്നു.

നിർധന കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതിയുടെ പേരില്‍ സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കിയ ഫണ്ടില്‍ എസ് എന്‍ ഡി പി നേതൃത്വത്തിലെ പ്രമുഖര്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് ബി സി ഡി സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകള്‍ ഹാജരാക്കി 15 കോടി തട്ടിച്ചതായാണ് ആരോപണം. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ്്എന്‍ സോമന്‍, മൈക്രോഫിനാന്‍സ് കോ- ഓർഡിനേറ്റര്‍ കെ കെ മഹേശന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ 2016ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി ഉള്‍പ്പെടെ തുടര്‍ന്നുള്ള നിയമനടപടികള്‍ പൂര്‍ണമായും മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.

അഴിമതി നിരോധന നിയമമനുസരിച്ചു അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടുകളില്‍ കൃത്യസമയത്ത് തീരുമാനമെടുക്കേണ്ടതും പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതും വകുപ്പ് സെക്രട്ടറിയുടെയും സര്‍ക്കാറിന്റെയും ഭരണഘടനാപരമായ കടമയാണ്. അനുമതി അനന്തമായി നീളുമ്പോള്‍ വിചാരണ ഉള്‍പ്പെടെയുള്ള കേസ് നടപടികള്‍ നീളുകയും സാക്ഷികളുടെ ഓര്‍മകള്‍ മങ്ങുകയും തെളിവുകള്‍ ദുര്‍ബലമാകുകയും ചെയ്‌തേക്കാം. ഈ പശ്ചാത്തലത്തിലാണ് “അടുത്ത വെള്ളിയാഴ്ചക്കകം തീരുമാനമെടുത്തില്ലെങ്കില്‍ വകുപ്പ് സെക്രട്ടറി നേരിട്ടു ഹാജരാകണ’മെന്ന് ഹൈക്കോടതിക്ക് ഉത്തരവിടേണ്ടി വന്നത്. ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയക്കളി തുടരാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് കോടതി ഇതിലൂടെ നല്‍കിയത്.
ഭരണപക്ഷത്തിന് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന സമുദായ ധ്രുവീകരണത്തിന് പ്രത്യുപകാരമായി, രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കേസുകള്‍ സര്‍ക്കാര്‍ ഒതുക്കുന്നുവെന്ന സംശയം സമൂഹത്തില്‍ ശക്തമാണ്. സാധാരണക്കാരായ കുറ്റവാളികളുടെ കാര്യത്തില്‍ അതിവേഗം മുന്നോട്ടുപോകുന്ന നിയമം ഉന്നതരുടെ കാര്യത്തില്‍ പിന്നോട്ടടിച്ച അനുഭവങ്ങള്‍ ധാരാളം. എന്നാല്‍ പ്രതി എത്ര സ്വാധീനമുള്ള വ്യക്തിയാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യനാണ്. എസ് എന്‍ ഡി പി യോഗം പോലുള്ള ഒരു സാമുദായിക സംഘടനയുടെ തലപ്പത്തിരിക്കുന്ന വ്യക്തി പ്രതിയായതുകൊണ്ട് കേസ് അനന്തമായി നീളാനിടയാകുന്നത് ജനാധിപത്യവ്യവസ്ഥയില്‍ അംഗീകരിക്കാനാകില്ല. ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് നിയമനടപടികളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും.

അന്വേഷണ ഏജന്‍സികളെയും പ്രോസിക്യൂഷനെയും ഇഷ്ടാനുസരണം നിയന്ത്രിച്ച് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ചെറിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ സാധാരണക്കാരന്‍ തടവും പിഴയും ശിക്ഷ അനുഭവിക്കുന്ന നാട്ടില്‍ കോടികളുടെ തട്ടിപ്പ് ആരോപിക്കപ്പെടുന്നവര്‍ സര്‍ക്കാറിന്റെ തണലില്‍ സുരക്ഷിതരായി കഴിയുന്നത് വിരോധാഭാസമാണ്.

പ്രോസിക്യൂഷന് അനുമതി നല്‍കിയതുകൊണ്ട് ഒരു പ്രതി കുറ്റവാളിയാകുന്നില്ല. അനുമതി വൈകിപ്പിച്ചതുകൊണ്ട് നിരപരാധിയുമാകില്ല. വിചാരണയിലൂടെയും തെളിവെടുപ്പിലൂടെയുമാണ് ഒരു കേസില്‍ കോടതി തീരുമാനമെടുക്കുന്നത്. ആരോപണങ്ങളുടെ സത്യാവസ്ഥ നിയമപരമായ നടപടികളിലൂടെ പുറത്തുവരേണ്ടതുണ്ട്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ള വ്യക്തിക്ക് നിയമനടപടികളെ ഭയക്കേണ്ടതില്ല. നിരപരാധിയാണെന്ന് തെളിയിക്കാന്‍ വിചാരണ നേരിടുകയാണ് വേണ്ടത്. വളഞ്ഞവഴിയിലൂടെ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് പ്രതി കുറ്റക്കാരനാണെന്ന സംശയം സമൂഹത്തില്‍ രൂഢമൂലമാകാന്‍ ഇടയാക്കും.
പിന്നാക്കവിഭാഗവുമായി ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് മൈക്രോ ഫിനാന്‍സ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ സാമ്പത്തിക സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. പാവപ്പെട്ട സ്ത്രീകളുടെയും പിന്നാക്കവിഭാഗക്കാരുടെയും ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടിക്കണക്കിന് രൂപ ചിലര്‍ തട്ടയെടുത്തുവെന്നാണ് ആരോപണം. കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം സ്ത്രീകളോടും പിന്നാക്കവിഭാഗങ്ങളോടുമുള്ള അനീതി കൂടിയാണ്. രാഷ്ട്രീയ ബന്ധങ്ങളുടെ സംരക്ഷണമല്ല, നിയമത്തിന്റെ സംരക്ഷണമാണ് ഭരണകൂടത്തില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയും കേസ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇത് കേസ് നടത്തിപ്പിന് മാത്രമല്ല, ഭരണസംവിധാനത്തിന്റെ വിശ്വാസ്യതക്കു കൂടി ആവ
ശ്യമാണ്.

---- facebook comment plugin here -----

Latest