Connect with us

National

സിംഹസ്ഥ കുംഭമേള: ഉജ്ജയിനില്‍ മുസ്‌ലിം പള്ളിയുടെ മുകള്‍ഭാഗം നീക്കം ചെയ്യാന്‍ നടപടിയുമായി മുന്‍സിപ്പല്‍ കോര്‍പറേഷന്‍

ഛത്രി ചൗക്ക് മേഖലയില്‍ ഗോപാല്‍ മന്ദിറിന് സമീപമുള്ള, ദാവൂദി ബോറ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ഹുസാമി മസ്ജിദിന്റെ മുകള്‍ഭാഗം നീക്കം ചെയ്യാനാണ് നടപടി ആരംഭിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്ഥ കുംഭമേള-2028നോടനുബന്ധിച്ച് നടത്തുന്ന നഗരവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മുസ്‌ലിം പള്ളിയുടെ മുകള്‍ഭാഗം നീക്കം ചെയ്യാന്‍ നടപടിയുമായി മുന്‍സിപ്പല്‍ കോര്‍പറേഷന്‍. ഉജ്ജയിനിലെ ഛത്രി ചൗക്ക് മേഖലയില്‍ ഗോപാല്‍ മന്ദിറിന് സമീപമുള്ള ദാവൂദി ബോറ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള ഹുസാമി മസ്ജിദിന്റെ മുകള്‍ഭാഗം നീക്കം ചെയ്യാനാണ് ഉജ്ജയിന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്.

മസ്ജിദിന്റെ മുകള്‍ഭാഗത്തുള്ള ഏകദേശം 8.5 അടി ഉയരത്തിലുള്ള ഭാഗമാണ് നീക്കം ചെയ്യുന്നതെന്ന് മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കെട്ടിടത്തില്‍ ആറോളം കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബന്ധപ്പെട്ടവരുടെ പരസ്പര സമ്മതത്തോടെയാണ് നടപടിയെന്നാണ് കോര്‍പറേഷന്‍ ബില്‍ഡിംഗ് ഓഫീസര്‍ രാജ്കുമാര്‍ റാത്തോഡിന്റെ അവകാശവാദം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കരാറിലെ കൃത്യമായ വ്യവസ്ഥകളെക്കുറിച്ചും പള്ളിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. പരസ്പര സമ്മതം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഏത് സാഹചര്യത്തിലാണ് അത് നല്‍കിയതെന്നും സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഇത് വഴിവെച്ചിട്ടുണ്ട്. വിഷയത്തില്‍ പള്ളി ഭരണസമിതിയില്‍ നിന്നോ ദാവൂദി ബോറ സമുദായ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘സിംഹസ്ഥ 2028’-ന് മുന്നോടിയായി പ്രദേശത്ത് നടത്തുന്ന വികസന-അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, റോഡ് വീതികൂട്ടല്‍ പദ്ധതി, മുന്‍സിപ്പല്‍ ഉത്തരവ്, കെട്ടിട നിര്‍മാണ അനുമതി അല്ലെങ്കില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്‍കുന്ന മറ്റ് നിയമപരമായ രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള പദ്ധതിയുടെ വിശദാംശങ്ങളൊന്നും നിലവില്‍ ലഭ്യമായ വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Content Highlights:
Ujjain Municipal Corporation has initiated action to remove the upper portion of a mosque in connection with preparations for the Simhastha Kumbh Mela. Authorities state the measure is part of infrastructure expansion for the event. The move has drawn widespread attention and regional debate.

 

---- facebook comment plugin here -----

Latest