Kerala
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം നാളെ
സന്ദര്‍ശനത്തോടനുബന്ധിച്ച് വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും മര്‍കസില്‍ നടക്കും.
കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം നാളെ (സെപ്തം: 13, ഞായര്‍) വൈകുന്നേരത്തോടെ കോഴിക്കോടെത്തും.
മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക സ്വീകരണ സംഗമത്തിലും ഗ്രാന്‍ഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും സംബന്ധിക്കും. വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം തുടങ്ങിയ വിഷയങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും മര്‍കസില്‍ നടക്കും. ശേഷം ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സി എം വലിയുല്ലാഹി മഖാമില്‍ കാന്തപുരത്തിനൊപ്പം മലേഷ്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മറ്റന്നാള്‍ (തിങ്കള്‍) മാലിദ്വീപ് വഴി അദ്ദേഹം മലേഷ്യയിലേക്ക് മടങ്ങും.
ഇത് രണ്ടാം തവണയാണ് അന്‍വര്‍ ഇബ്റാഹീം ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്തംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം. 2023ല്‍ മതപണ്ഡിതര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം മലേഷ്യന്‍ സര്‍ക്കാര്‍ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2023, 2024, 2025 വര്‍ഷങ്ങളില്‍ ക്വാലാലംപൂരില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മലേഷ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായും തൊഴില്‍ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ടും കേരളത്തില്‍ നിന്ന്, പ്രത്യേകിച്ച് കോഴിക്കോട് നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റ് ആരംഭിക്കുന്നത് സംബന്ധിച്ചും നേരത്തെ ഗ്രാന്‍ഡ് മുഫ്തി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ പര്യടനവും കേരള സന്ദര്‍ശനവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളില്‍ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി മര്‍കസില്‍ അതിവിപുലമായ സജ്ജീകരണങ്ങളും അതീവ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പോലീസ്, ട്രാഫിക്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, പി ഡബ്ല്യു ഡി, സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് പ്രോട്ടോകോള്‍, തദ്ദേശ വകുപ്പ്, ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, നാഷണല്‍ ഹൈവേ, രഹസ്യാനേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ മേല്‍നോട്ടത്തിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി സംബന്ധിക്കുന്ന പരിപാടിയിലേക്ക് മുന്‍കൂട്ടി നിശ്ചയിച്ച വിദ്യാര്‍ഥികള്‍ക്കും അതിഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകര്‍ അറിയിച്ചു.
Content Highlights: Malaysian Prime Minister Anwar Ibrahim will visit Markaz Central Campus in Kozhikode to meet Grand Mufti Kanthapuram AP Aboobacker Musliyar. Extensive security and traffic arrangements have been finalized across the city for the high-profile international delegation. The visit features a special prayer gathering, reception, and key discussions on education and social development.



