Connect with us

Saudi Arabia

മദീനയിലേക്ക് വിശ്വാസികളുടെ പ്രവാഹം

തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യ മന്ത്രാലയം.

Published

|

Last Updated

മദീന | വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവാചക നഗരിയായ മദീനയിലേക്ക് വിശ്വാസികളുടെ പ്രവാഹം. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകരുടെ സുരക്ഷിതവും സുഗമവുമായ വരവ് ഉറപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി, ഹജ്ജ്, ഉംറ സുരക്ഷാ സേനകളുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകരുടെ ചലനം നിയന്ത്രിക്കുന്നതിനുള്ള സജ്ജീകരണങ്ങളും മദീനയില്‍ നിന്നുള്ള പ്രവേശനം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള ഫീല്‍ഡ് പ്ലാന്‍ പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു,

തീര്‍ഥാടകരുടെ ആദ്യ സംഘങ്ങള്‍ ഞായറാഴ്ച വൈകിട്ട് ബസ് വഴിയും ഹറമൈന്‍ ഹൈ-സ്പീഡ് ട്രെയിന്‍ വഴിയുമാണ് എത്തിച്ചേര്‍ന്നത്. ഹാജിമാര്‍ക്ക് റൗളയിലെത്തി അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ)യോടും അനുചരന്മാരോടും സലാം പറയുന്നതിനും സ്ജിദുന്നബവിയില്‍ നിസ്‌കരിക്കുന്നതിനും 24 മണിക്കൂറും സൗകര്യമുണ്ടായിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി മസ്ജിദുന്നബവിയുടെ 141 പള്ളി വാതിലുകളിലും സ്‌പെഷ്യല്‍ ഗൈഡന്‍സ് ടീമുകള്‍ സേവന രംഗത്തുണ്ട്

മക്ക-മദീന ഹൈവേകളിലും മദീനയിലേക്കുള്ള പ്രധാന റൂട്ടുകളിലും സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കുക, മാര്‍ഗനിര്‍ദേശം നല്‍കുക, അടിയന്തര സാഹര്യങ്ങള്‍ നേരിടുക തുടങ്ങിയ കാര്യങ്ങള്‍ക്കായി പ്രത്യേക ടീമുകള്‍ തയ്യാറാണെന്ന് ഉറപ്പാക്കുകയാണ് ഫീല്‍ഡ് പ്ലാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി എത്തിയ 100 രാജ്യങ്ങളില്‍ നിന്നുള്ള 2,443 തീര്‍ഥാടകര്‍ ഹജ്ജ് പൂര്‍ത്തിയാക്കിയ ശേഷം മദീനയിലെത്തിച്ചേര്‍ന്നതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി വിജയകരമായ പ്രീ-ഹജ്ജ് ഘട്ടം രേഖപ്പെടുത്തി. ഹജ്ജ് സീസണില്‍ 53 രാജ്യങ്ങളിലെ 196 നഗരങ്ങളില്‍ നിന്നുള്ള 1,910 വിമാനങ്ങള്‍ വഴി വിമാനത്തില്‍ എത്തിയ തീര്‍ഥാടകരുടെ 49 ശതമാനത്തെയും (7,19,400 പേര്‍) വരവേറ്റതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest