Connect with us

Covid19

കൊവിഡ് ഭീതി; മൂന്ന് വര്‍ഷമായി മാതാവും മകനും സെൽഫ് ക്വാറൻ്റൈനിൽ

എൻജിനീയറായ ഭർത്താവ് വീട്ടിൽ നിന്ന് പുറത്തായത് 2020ൽ ജോലിക്ക് പോയതോടെ. ഗ്യാസിന് തീർന്നതോടെ വൈദ്യുത അടുപ്പുപയോഗിച്ചും സ്വയം മുടിവെട്ടിയും മാലിന്യം കളയാൻ പോലും വെളിക്കിറങ്ങാതെയും മൂന്ന് വർഷം വീടിനുള്ളിൽ

Published

|

Last Updated

ഗുരുഗ്രാം (ഹരിയാന) | കൊവിഡ് ബാധിച്ച് മകന്‍ മരിക്കുമെന്ന ഭയം മൂലം മൂന്ന് വര്‍ഷത്തോളം വീടിനുള്ളില്‍ കഴിഞ്ഞ മാതാവിനെയും കുട്ടിയെയും രക്ഷപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമിനടുത്താണ് സംഭവം.

ജോലിക്ക് പോകുന്ന ഭര്‍ത്താവിനെപ്പോലും പേടി മൂലം ഇവര്‍ വീട്ടിലേക്ക് കടത്തിയിരുന്നില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ പ്രഖ്യാപിച്ച ഒന്നാം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സമയത്താണ്  സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ഭര്‍ത്താവ് സുജന്‍ മാജി വീടിന് പുറത്താകുന്നത്. ഒടുവില്‍ മാജി തന്നെ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

10 വയസ്സുകാരനായ മകനും മാതാവ് മുന്‍മുന്‍ മജിയുമാണ് മൂന്ന് വര്‍ഷത്തോളം ഏകാന്ത ജീവിതം നയിച്ചത്. വീട്ടിലെ ഗ്യാസ് തീര്‍ന്നത് മൂലം വൈദ്യുത അടുപ്പിലാണ് ഇത്രയും കാലം ഇവര്‍ ഭക്ഷണം പാകം ചെയ്തിരുന്നത്.

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഭര്‍ത്താവ് വീട്ടുപടിക്കലെത്തിക്കും. വൈദ്യുതി ബില്ലും വീട്ടു വാടകയും എല്ലാം ഇയാള്‍ അടക്കുമെങ്കിലും ഒരിക്കല്‍ പോലും മകനെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. വീഡിയോ കോളിലൂടെ മാത്രമായിരുന്നു അച്ഛനും മകനും സംസാരിച്ചിരുന്നത്.

വീട്ടിൽ നിന്ന് പുറത്തായ മാജി ഏതാനും ദിവസം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം താമസിച്ചു. പിന്നീട്, സ്വന്തമായി മറ്റൊരു ഇടം വാടകക്കെടുത്താണ് ഇയാൾ താമസിച്ചിരുന്നത്.

ഇത്രയും കാലം കുട്ടി സൂര്യ പ്രകാശം പോലും കണ്ടിരുന്നില്ല. മകന്റെ മുടി വെട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം മുന്‍മുന്‍ തന്നെ നിറവേറ്റിക്കൊടുത്തിരുന്നു. എന്നാല്‍, ഈ മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ പോലും ഇവര്‍ പുറത്തേക്കിറങ്ങിയില്ല. വീടിന്റെ ചുവരിലും മറ്റും പെന്‍സില്‍ ഉപയോഗിച്ച് ചിത്രം വരച്ചായിരുന്നു കുട്ടി സമയം നീക്കിയിരുന്നത്.

ഭര്‍ത്താവിന്റെ പരാതി പ്രകാരം എത്തിയ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകാരും ഉള്‍പ്പെടെയുള്ളവര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടില്‍ കയറിയത്. വസ്ത്രവും മുടിയും മാലിന്യങ്ങളുമെല്ലാം വീടിനുള്ളില്‍ കുന്നുകൂടിയ നിലയിലായിരുന്നു.

അതേസമയം, വീടിനുള്ളില്‍ അമ്മയും മകനും മൂന്ന് വര്‍ഷമായി ഏകാന്ത വാസം നടത്തുന്നത് അയല്‍വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ ഒരാള്‍ പോലും വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നില്ല.

കൊവിഡിനെ തുടര്‍ന്നുണ്ടായ ഭീതിയിലാണ് ഇരുവരുമെന്നും വീട്ടില്‍ നിന്നറങ്ങിയാല്‍ മകന്‍ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതിനാലാണ് ഇവര്‍ സെൽഫ് ക്വാറന്റൈന്‍ വാസം അനുഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം അമ്മയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.

Latest