Connect with us

National

ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും

കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍ പിടിച്ചെടുത്ത ചരക്കു കപ്പലിലെ ഇന്ത്യക്കാരെ എംബസി അധികൃതര്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. കപ്പലിലെ ജീവനക്കാരെ കാണാന്‍ എംബസി അധികൃതര്‍ക്ക് ഇന്ന് സമയം നല്‍കുമെന്നാണ് വിവരം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയനുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരെ കാണാന്‍ അനുമതി നല്‍കിയത്.

കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.സുരക്ഷിതയാണെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ആന്റസ കുടുംബത്തെ അറിയിച്ചത്.

ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ ‘എംഎസ്സി ഏരീസ്’ എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്.

തൃശൂര്‍ സ്വദേശി ആന്റസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് , വയനാട് കാട്ടിക്കുളം സ്വദേശി പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ വിട്ടു നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest